സ്ത്രീപക്ഷ തത്ത്വചിന്തക സാന്ദ്ര ലീ ബാട്കി അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത സ്ത്രീപക്ഷ തത്ത്വചിന്തക സാന്ദ്ര ലീ ബാട്കി അന്തരിച്ചു. 81 വയസ്സായിരുന്നു. യു.എസിലെ മിഷിഗണില്‍ സ്വവസതിയിലായിരുന്നു മരണം. കുടലിലെ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള സങ്കീര്‍ണതകളായിരുന്നു മരണ കാരണം. ഷികാഗോയിലെ ഇലനോയ്് യൂനിവേഴ്സിറ്റിയില്‍ ഫിലോസഫി, ജന്‍ഡര്‍ ആന്‍ഡ് വിമന്‍ സ്റ്റഡീസ് വിഭാഗം അധ്യാപികയായിരുന്നു. സമൂഹത്തിന്‍െറ വാര്‍പ്പുമാതൃകകളോട് പൊരുത്തപ്പെടാനായി സ്ത്രീ ബോധപൂര്‍വമല്ലാതെ പുരുഷന് കീഴടങ്ങേണ്ടിവരുന്നുവെന്ന് സാന്ദ്ര വാദിച്ചു.
സ്ത്രീശരീരത്തെ സമൂഹം അംഗീകരിച്ച മാനദണ്ഡങ്ങളില്‍ തളച്ചിട്ട് സ്ത്രീയെ എപ്പോഴും പുരുഷന് കീഴ്പ്പെടുത്താനാകുന്ന വിധത്തില്‍ നിലനിര്‍ത്തുകയാണെന്നായിരുന്നു സാന്ദ്രയുടെ അഭിപ്രായം. സമൂഹം അംഗീകരിച്ച മാനദണ്ഡങ്ങളിലല്ലാത്ത സ്ത്രീശരീരങ്ങളെക്കുറിച്ച് അപമാനവും ആത്മവിശ്വാസക്കുറവും വളര്‍ത്തുന്നതില്‍ സമൂഹം ജയിച്ചെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു. കൃശഗാത്രയും ദുര്‍ബലയുമായിരിക്കണം സ്ത്രീയെന്ന സൗന്ദര്യസങ്കല്‍പത്തോട് അവര്‍ കലഹിച്ചു. പുരുഷകേന്ദ്രിത സമൂഹത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് തന്‍െറ ഭാവങ്ങളും വസ്ത്രങ്ങളുമെല്ലാം ഉപയോഗിക്കാന്‍ സ്ത്രീയെ സജ്ജമാക്കിയിരിക്കുന്നുവെന്ന് ഫെമിനിറ്റി ആന്‍ഡ് ഡൊമിനേഷന്‍ (1990), സിംപതി ആന്‍ഡ് സോളിഡാരിറ്റി ആന്‍ഡ് അദര്‍ എസേയ്സ് (2002) എന്നീ പുസ്തകങ്ങളിലൂടെ സാന്ദ്ര വാദിച്ചു.
1935 മേയ് അഞ്ചിന് ഷികാഗോയിലായിരുന്നു ജനനം. സാന്ദ്ര ലീ ഷ്വാര്‍ട്സ് എന്നായിരുന്നു ആദ്യത്തെ പേര്. സ്കോട്ട് ബാട്കിയുമായുണ്ടായിരുന്ന ആദ്യ വിവാഹബന്ധത്തില്‍നിന്ന് മോചിതയായശേഷം അല്‍ഗിര്‍ദാസ് വിലീസിസനെ വിവാഹം ചെയ്തു. ഇലിനോയ് യൂനിവേഴ്സിറ്റിയില്‍ ജന്‍ഡര്‍ ആന്‍ഡ് വിമന്‍ സ്റ്റഡീസ് വിഭാഗത്തിന് തുടക്കം കുറിക്കുന്നതില്‍ പങ്കുവഹിച്ചു.

 

Tags:    
News Summary - sandra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.