ഹവാന: ക്യൂബൻ കമ്യൂണിസ്റ്റ് നേതാവ് ഫിഡൽ കാസ്ട്രോയുടെ മകൻ ജീവനൊടുക്കി. കാസ്ട്രോയുടെ മൂത്തമകൻ ഫിഡൽ ഏയ്ഞ്ചൽ കാസ്ട്രോ ഡിയാസ് ബലാർട്ട് (68) ആണ് മരിച്ചത്. ക്യൂബൻ കൗൺസിൽ ഓഫ് സ്റ്റേറ്റിന്റെ ശാസ്ത്രവിഭാഗം മുൻ ഉപദേഷ്ടാവും ക്യൂബ അക്കാഡമി ഓഫ് സയൻസിന്റെ ഉപാധ്യക്ഷനുമായിരുന്നു ബലാർട്ട്. ക്യൂബൻ ദേശീയ മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്.
വ്യാഴാഴ്ച രാവിലെ ഹവാനയിൽ വെച്ചാണ് ബലാർട്ട് ആത്മഹത്യ ചെയ്തത്. കടുത്ത വിഷാദരോഗത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
കാസ്ട്രോയുടെ മക്കളിൽ ഏറ്റവും അധികം വിദ്യാഭ്യാസം നേടിയ ആളായിരുന്നു ബലാർട്ട്. മോസ്കോയിലായിരുന്നു ബലാർട്ട് ഉന്നത വിദ്യാഭ്യാസം നേടിയത്. പിന്നീട് രാജ്യത്തിന്റെ ഉന്നത ആണവശാസ്ത്രജ്ഞനാകുകയും ചെയ്തു.
ഫിഡലിറ്റോ എന്നാണ് ബലാർട്ടിനെ വിളിച്ചിരുന്നത്. പിതാവ് ഫിഡൽ കാസ്ട്രോയുമായുള്ള രൂപ സാദൃശ്യമായിരുന്നു ഈ വിളിപ്പേരിന് ബലാർട്ടനെ അർഹനാക്കിയത്. കാസ്ട്രോയുടെ ആദ്യ ഭാര്യ മിർത ഡിയാസ് ബലാർട്ട് ആണ് ഇദ്ദേഹത്തിന്റെ മാതാവ്.
ശവസംസ്ക്കാര ചടങ്ങിന് വേണ്ട ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.