‘സ്റ്റാര്‍ വാര്‍’ നടി കേരി ഫിഷര്‍ അന്തരിച്ചു

ലോസ് ആഞ്ജലസ്: ‘സ്റ്റാര്‍ വാര്‍’ സിനിമകളിലൂടെ പ്രശസ്തയായ നടി കേരി ഫിഷര്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനില്‍നിന്ന് ലോസ് ആഞ്ജലസിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച അവര്‍ ബുധനാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

ശാസ്ത്ര കഥകളെ ആസ്പദമാക്കിയുള്ള സിനിമ സീരീസായ സ്റ്റാര്‍ വാറില്‍ ലിയ രാജകുമാരിയെ അവതരിപ്പിച്ചാണ് 70കളില്‍ കേരി ഫിഷര്‍ ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്നത്. ആല്‍ഡിറാന്‍ എന്ന (സാങ്കല്‍പിക) ഗ്രഹത്തിലെ രാജകുമാരിയാണ് ലിയ. 1956 ഒക്ടോബര്‍ 21ന് കാലിഫോര്‍ണിയയിലാണ് കേരി ഫിഷര്‍ ജനിച്ചത്. പ്രമുഖ ഗായകന്‍ എഡി ഫിഷറിന്‍െറയും നടി ഡെബീ റെയ്നോള്‍ഡിന്‍െയും മകളായ കേരി 1975ല്‍ ഷാംപൂ എന്ന ഹാസ്യ ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്ത് പ്രവേശിച്ചത്. പിന്നീടാണ് സ്റ്റാര്‍ വാറിന്‍െറ ഭാഗമായത്.  ബ്ളൂ ബ്രദേഴ്സ്, ഹന്ന ആന്‍ഡ് ഹെര്‍ സിസ്റ്റേഴ്സ്, ദ ബര്‍ബ്സ്, വെന്‍ ഹാരി മെറ്റ് സാല്ലി തുടങ്ങിയവയാണ് ഇവരുടെ മറ്റു പ്രധാന ചിത്രങ്ങള്‍.

പ്രമുഖ ഗായകനായ പോള്‍ സിമനെ 1983ല്‍ വിവാഹം ചെയ്തെങ്കിലും തൊട്ടടുത്ത വര്‍ഷം ആ ബന്ധം വേര്‍പിരിഞ്ഞു. 1991ല്‍ ബ്രയാന്‍ ലോര്‍ഡ് എന്നയാളെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. ഏതാനും മാസം മുമ്പ് രാജകുമാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു.

 

Tags:    
News Summary - Carrie_Fisher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.