തെരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച; ജെഫ് സെഷന്‍സ് പ്രതിരോധത്തില്‍

വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പ് പ്രചാരവേളയില്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രണ്ടുതവണ റഷ്യന്‍ നയതന്ത്രപ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവം ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റ് സ്ഥിരീകരിച്ചു. ട്രംപ് മന്ത്രിസഭയെ പ്രതിരോധത്തിലാക്കുന്നതാണ് റിപ്പോര്‍ട്ട്.  ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനെ പരാജയപ്പെടുത്തുന്നതിന് യു.എസ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടുവെന്ന അഭ്യൂഹങ്ങള്‍ ശരിവെക്കുന്നതാണ് റിപ്പോര്‍ട്ട്. 

എന്നാല്‍, അറ്റോര്‍ണി ജനറല്‍ പദവി ഏറ്റെടുക്കുന്നതിനു മുമ്പു നടന്ന വിസ്താരവേളയില്‍ ഇക്കാര്യം സെഷന്‍സ് നിഷേധിച്ചിരുന്നു. ട്രംപിന്‍െറ പ്രചാരണവിഭാഗത്തിലുള്ള ആരെങ്കിലും തെരഞ്ഞെടുപ്പുകാലത്തോ അതിനുശേഷമോ റഷ്യയുമായി ബന്ധം പുലര്‍ത്തിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്‍െറ മറുപടി. റഷ്യന്‍ പ്രതിനിധികളുമായി തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ളെന്നും ഇപ്പോഴുയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ളെന്നും റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും അദ്ദേഹം ആവര്‍ത്തിച്ചു. 

കഴിഞ്ഞവര്‍ഷം ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് സെഷന്‍സ് റഷ്യന്‍ നയതന്ത്ര പ്രതിനിധി സെര്‍ജി കിസ്ലയാക്കുമായി കൂടിക്കാഴ്ച നടത്തിയത്. സെനറ്റര്‍മാരുടെ ഓഫിസില്‍വെച്ചാണ് സെപ്റ്റംബറില്‍ അദ്ദേഹം കിസ്ലയാക്കുമായി സന്ധിച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് റഷ്യ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് യു.എസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ടതും അതേസമയത്താണ്. സെനറ്റ് ആംഡ് സര്‍വിസ് കമ്മിറ്റി മുതിര്‍ന്ന അംഗമായിരിക്കെ റഷ്യന്‍ പ്രതിനിധിയുള്‍പ്പെടെ സെഷന്‍സ് ബ്രിട്ടന്‍, ചൈന, ജര്‍മനി തുടങ്ങി 25 രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി സംഭാഷണം നടത്തിയതായാണ് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റിന്‍െറ റിപ്പോര്‍ട്ട്. 

ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് ആദ്യം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാവേളയില്‍ സെഷന്‍സ് കള്ളം പറഞ്ഞിരിക്കുന്നുവെന്ന് ഡെമോക്രാറ്റിക് ഹൗസ് മൈനോറിറ്റി നേതാവ് നാന്‍സി പെലോസി ആരോപിച്ചു. 

അദ്ദേഹം രാജിവെക്കണമെന്നും അവരാവശ്യപ്പെട്ടു. സെഷന്‍സ് അധികാരത്തില്‍നിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് മറ്റ് ഡെമോക്രാറ്റിക് അംഗങ്ങളും ആവശ്യമുന്നയിച്ചു. 
അതേസമയം, സെഷന്‍സിന്‍െറ മറുപടിയില്‍ അസ്വാഭാവികമായി ഒന്നുമില്ളെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് സാറ ഇസ്ഗുര്‍ ഫോഴ്സ് പറഞ്ഞു. റഷ്യക്കുമേല്‍ യു.എസ് ഉപരോധമേര്‍പ്പെടുത്തുമെന്ന സുപ്രധാന വിവരം കിസ്ലയാക്കിന് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫ്ളിന്‍ കഴിഞ്ഞമാസം രാജിവെച്ചിരുന്നു. ട്രംപ് മന്ത്രിസഭയില്‍നിന്ന് പുറത്താകുന്ന ആദ്യ ഉന്നതതല വ്യക്തിയാണ് ഇദ്ദേഹം. ഫ്ളിന്നിന്‍െറ വഴി തന്നെയാണോ സെഷന്‍സിനും എന്നതാണ് അന്താരാഷ്ട്രലോകം ഉറ്റുനോക്കുന്നത്.

Tags:    
News Summary - Attorney General Jeff Sessions had two undisclosed meetings with Russia's ambassador last year: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.