9/11: സൗദിക്കെതിരായ പ്രമേയം ഒബാമ വീറ്റോ ചെയ്യും

വാഷിങ്ടണ്‍: സെപ്റ്റംബര്‍ 11 ആക്രമണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അവസരം നല്‍കുന്ന യു.എസ് കോണ്‍ഗ്രസ് പ്രമേയം പ്രസിഡന്‍റിന്‍െറ അധികാരം ഉപയോഗിച്ച് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വീറ്റോ ചെയ്യും.

യു.എസില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ ബന്ധുക്കള്‍ക്ക്, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന രാജ്യങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് യു.എസ് കോണ്‍ഗ്രസ് മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയത്. മറ്റൊരു രാജ്യത്തിന്‍െറ പരമാധികാരത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ് പ്രമേയത്തിന്‍െറ ഉള്ളടക്കമെന്നാണ് ഒബാമയുടെ അഭിപ്രായം.

പ്രസിഡന്‍റ് ചൂണ്ടിക്കാണിക്കുന്ന വിഷയം പ്രസക്തമാണെങ്കിലും, രാഷ്ട്രീയ തിരിച്ചടി ഭയന്നാണ് ഭൂരിഭാഗം അംഗങ്ങളും ബില്ലിനെ പിന്തുണക്കുന്നതെന്നു വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് പറഞ്ഞു. ബില്ലിന്മേല്‍ അഭിപ്രായം തിരുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ഒബാമ പ്രേരിപ്പിക്കുമെന്നും ശ്രമം വിജയിച്ചില്ളെങ്കില്‍ പ്രസിഡന്‍റ് വീറ്റോ അധികാരം പ്രയോഗിക്കുമെന്നും ജോഷ് ഏണസ്റ്റ് വ്യക്തമാക്കി. സെനറ്റും, കോണ്‍ഗ്രസും പാസാക്കിയ ഒരു ബില്ലും ഒബാമ ഇതുവരെ വീറ്റോ ചെയ്തിട്ടില്ല. യു.എസിന്‍െറ വിശ്വസ്ത സുഹൃത്തായ സൗദി അറേബ്യക്ക് ഹിതകരമല്ലാത്ത പ്രമേയം, സെനറ്റും കോണ്‍ഗ്രസും  ഭൂരിപക്ഷത്തോടെ പാസാക്കിയത്  സൗദിക്കെതിരെ യു.എസില്‍ വളര്‍ന്നുവരുന്ന വികാരത്തിന്‍െറ പ്രതിഫലനമായാണ് വിലയിരുത്തുന്നത്. കഴിഞ്ഞ മേയിലാണ് സെനറ്റ് പ്രമേയം പാസാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.