ട്രംപ് തന്നെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ഉറപ്പിച്ചു. ഇന്ത്യാന പ്രൈമറിയില്‍ ട്രംപിന്‍െറ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ രണ്ടാം സ്ഥാനക്കാരനായിരുന്ന ടെഡ് ക്രൂസ് പിന്മാറ്റം പ്രഖ്യാപിച്ചതോടെയാണ് ആഴ്ചകള്‍ ശേഷിക്കെ റിപ്പബ്ളിക്കന്‍ കക്ഷിയിലെ പോരാട്ടത്തിന് അന്ത്യമായത്. ഇന്ത്യാനയില്‍ 57 പ്രതിനിധികളെയും ഒപ്പം കൂട്ടിയ ട്രംപ് സ്ഥാനാര്‍ഥി നാമനിര്‍ദേശത്തിന് ആവശ്യമായ 1247 പ്രതിനിധികള്‍ക്ക് തൊട്ടടുത്തത്തെി. അദ്ദേഹത്തിന് 1047 പ്രതിനിധികളുള്ളപ്പോള്‍ മത്സരത്തില്‍ ഇനിയും ശേഷിക്കുന്ന കാസിച്ചിന് 153 പേരുടെ പിന്തുണ മാത്രമാണുള്ളത്. പിന്‍വാങ്ങിയ ടെഡ് ക്രൂസിന് 565 പ്രതിനിധികളെ ലഭിച്ചിരുന്നു. രാഷ്ട്രീയ പരിചയം തെല്ലുമില്ലാതെ പാതിവഴിയില്‍ വിജയമുറപ്പിച്ച ട്രംപിന്‍െറ സ്ഥാനാര്‍ഥിത്വം റിപ്പബ്ളിക്കന്‍ ദേശീയ സമിതി ചെയര്‍മാന്‍ റീന്‍സ് പ്രീബസും സ്ഥിരീകരിച്ചു. ഇനി ഹിലരിയെ പരാജയപ്പെടുത്തി പാര്‍ട്ടിയുടെ അന്തിമ വിജയം ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് പ്രീബസ് പറഞ്ഞു.

രൂക്ഷമായ വാക്കേറ്റങ്ങള്‍ക്കിടെയായിരുന്നു ചൊവ്വാഴ്ച പ്രൈമറി നടന്നത്. എതിര്‍ സ്ഥാനാര്‍ഥി ടെഡ് ക്രൂസിന്‍െറ പിതാവ് മുന്‍ പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡിയുടെ അടുത്തയാളാണെന്ന ആരോപണം ഉയര്‍ത്തി ട്രംപ് തന്നെയാണ് തര്‍ക്കത്തിന് തുടക്കം കുറിച്ചത്. ട്രംപ് നുണയനും സ്ത്രീലമ്പടനുമാണെന്ന് ക്രൂസും തിരിച്ചടിച്ചു. കുടിയേറ്റക്കാര്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്ന ട്രംപിനെ അംഗീകരിക്കാനാവില്ളെന്ന് ഇന്ത്യാനയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ആവര്‍ത്തിച്ചു.
അതേസമയം, ഇന്ത്യാനയില്‍ നടന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ ഹിലരി ക്ളിന്‍റന്‍ പരാജയപ്പെട്ടു. എതിരാളി ബേണി സാന്‍ഡേഴ്സ് 52 ശതമാനം വോട്ടും 43 പ്രതിനിധികളുടെ പിന്തുണയും നേടിയപ്പോള്‍ 47 ശതമാനം വോട്ടും 37 പ്രതിനിധികളെയും നേടാനേ ഹിലരിക്ക് കഴിഞ്ഞുള്ളൂ. എങ്കിലും, 1682 പ്രതിനിധികളുടെ പിന്തുണയുള്ള ഹിലരി ബഹുദൂരം മുന്നിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.