ഒര്‍ലാന്‍ഡോ വെടിവെപ്പ്; കൊലയാളിയുടെ ഭാര്യയെ അറസ്റ്റ് ചെയ്തേക്കും

വാഷിങ്ടണ്‍: ഒര്‍ലാന്‍ഡോ വെടിവെപ്പ് കേസ് പ്രതി ഉമര്‍ മതീന്‍െറ ഭാര്യ നൂര്‍ സല്‍മാന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് പൊലീസ്. ഇക്കാര്യം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് ലോ എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ വ്യക്തമാക്കി.
 വെടിവെപ്പിനെക്കുറിച്ച്  ചില  വിവരങ്ങളെങ്കിലും അവര്‍ക്ക് അറിയാമായിരുന്നുവെന്ന് യു.എസ് സെനറ്റ് മെംബര്‍ ആംഗസ് കിങ് വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു.

നൂര്‍ സല്‍മാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നൂറിനു പങ്കുണ്ടായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കും. നിശാക്ളബില്‍ പോകുന്നതുമായി ബന്ധപ്പെട്ട് മതീന്‍ സംസാരിച്ചിരുന്നുവെന്നും നൂര്‍ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊലപാതകം നടത്താന്‍ മതീന് ഏതെങ്കിലും വ്യക്തികളില്‍നിന്നോ സംഘടനകളില്‍നിന്നോ സഹായം ലഭിച്ചിരുന്നോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഫ്ളോറിഡയിലെ പള്‍സ് നിശാ ക്ളബില്‍ അതിക്രമിച്ചുകയറി   മതീന്‍ നടത്തിയ വെടിവെപ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ആധുനിക അമേരിക്കയിലെ ഏറ്റവും വലിയ വെടിവെപ്പാക്രമണമായിരുന്നു ഇത്.  
മൂന്നു മണിക്കൂര്‍ നീണ്ട ആക്രമണത്തിനൊടുവില്‍ പൊലീസ് അക്രമിയെ വെടിവെച്ചുകൊല്ലുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.