പാര്‍ലമെന്‍റില്‍ മേല്‍ക്കൈ പ്രതിപക്ഷത്തിന്; വെനിസ്വേലയില്‍ രാഷ്ട്രീയ അനിശ്ചിതത്വം

കറാക്കസ്: ഡിസംബറില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ പ്രതിപക്ഷ നിരയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ വെനിസ്വേലയില്‍ പുതിയ രാഷ്ട്രീയപ്പോരിന് തുടക്കം. പ്രതിപക്ഷം അധികാരം പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പാര്‍ലമെന്‍റായ ദേശീയ അസംബ്ളിയുടെ അധികാരം വെട്ടിക്കുറച്ച് പ്രസിഡന്‍റ് നികളസ് മദൂറോ കരുക്കള്‍ നീക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ഇതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം.

16 വര്‍ഷത്തിനിടെ ആദ്യമായാണ് പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന് നിയന്ത്രണം കൈവരുന്നത്. 167 അംഗങ്ങളില്‍ 112 പേരും പ്രതിപക്ഷ സഖ്യമായ എം.യു.ഡി പ്രതിനിധികളാണ്. മദൂറോ മന്ത്രിസഭ പിരിച്ചുവിടാനും സുപ്രീംകോടതി ജഡ്ജിമാരെ തീരുമാനിക്കാനും പ്രസിഡന്‍റിന്‍െറ കാലാവധി വെട്ടിച്ചുരുക്കാനും ഇതോടെ പ്രതിപക്ഷത്തിനാകും.

മദൂറോയുടെ പ്രസിഡന്‍റുപദവിക്ക് പ്രതിപക്ഷ മേല്‍ക്കൈ ഭീഷണിയാവാതിരിക്കാന്‍ നിയമഭേദഗതികള്‍ക്ക് നേരത്തെ തുടക്കമായിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും അധികാരമൊഴിയും മുമ്പെ 13 സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചത് ഇതിന്‍െറ ഭാഗമായിരുന്നു. തിങ്കളാഴ്ച പ്രസിഡന്‍റ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ സെന്‍ട്രല്‍ ബാങ്ക് ഡയറക്ടര്‍മാരെ തീരുമാനിക്കാനുള്ള അവകാശവും ദേശീയ അസംബ്ളിയില്‍നിന്ന് എടുത്തുകളഞ്ഞിട്ടുണ്ട്.

ഇതോടെ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് പുതിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ പ്രതിപക്ഷത്തിനാവില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള രാജ്യമായിട്ടും സാമ്പത്തികമായി തകര്‍ന്ന നിലയിലാണ് വെനിസ്വേലയെന്നാണ് റിപ്പോര്‍ട്ട്. പണപ്പെരുപ്പം 150 ശതമാനത്തിലത്തെിയതോടെ രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥ 10 ശതമാനം ചുരുങ്ങിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.