ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

ബ്രസീലിയ: അഴിമതിയാരോപണം നേരിട്ടതിന് പിന്നാലെ സസ്പെന്‍ഷനിലായ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ അവസാനഘട്ടത്തിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന സെനറ്റിന്‍െറ വിചാരണ കഴിയുന്നതോടെ, ആഗസ്റ്റ് 30ന് വോട്ടെടുപ്പ് നടക്കും. ഫലം ദില്‍മക്കെതിരാവുമെന്നാണ് വിലയിരുത്തല്‍. ഇംപീച്ച്മെന്‍റ് നടപടി തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദില്‍മയുടെ വാദം. മുന്‍ വൈസ് പ്രസിഡന്‍റും നിലവില്‍ ആക്ടിങ് പ്രസിഡന്‍റുമായ മൈക്കല്‍ ടിമറിന്‍െറ നേതൃത്വത്തിലുള്ള ചിലരാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്ന് കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ച അവര്‍, ആരോപണങ്ങള്‍ വിചാരണക്കിടെ ശക്തമായി തള്ളുമെന്നും വ്യക്തമാക്കി.

ദില്‍മക്കെതിരാണ് സെനറ്റിന്‍െറ വോട്ടെടുപ്പ് ഫലമെങ്കില്‍ 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിനാവും അന്ത്യം കുറിക്കുക. അങ്ങനെ സംഭവിച്ചാല്‍ ചട്ടപ്രകാരം, 2018ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മൈക്കല്‍ ടിമര്‍ പ്രസിഡന്‍റായിരിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോബാസ് കമ്പനിയില്‍ അഴിമതി നടത്തിയെന്നാണ് ദില്‍മക്കെതിരായ ആരോപണം. സമാന ആരോപണം നേരിടുന്ന മൈക്കല്‍ ടിമറിനെതിരെയും ജനവികാരം ശക്തമാണ്. ഒളിമ്പിക്സിന്‍െറ ഉദ്ഘാടനവേദിയില്‍ സദസ്സ് അദ്ദേഹത്തിനെതിരെ പ്രതികരിച്ച രീതി അത് തെളിയിക്കുന്നു. ദില്‍മയുടെ പാതയില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ രീതിയില്‍ കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ തീമറും സ്വീകരിച്ചേക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.