ന്യൂയോര്‍ക്: വര്‍ധിച്ചുവരുന്ന താപനില കുറച്ചുകൊണ്ടുവരാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് ലോകരാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തു.  കാലാവസ്ഥാ വ്യതിയാന രൂപരേഖാ കണ്‍വെന്‍ഷനിലെ കക്ഷികളായ 196 രാജ്യങ്ങള്‍ പാരിസില്‍ വെച്ച് 2015 ഡിസംബര്‍ 12ന് പാസാക്കിയ പ്രമേയത്തിലാണ് ഇന്ത്യയുള്‍പ്പെടെ 150ലേറെ രാജ്യങ്ങള്‍ ഭൗമദിനമായിരുന്ന വെള്ളിയാഴ്ച ഒപ്പുവെച്ചത്. ആഗോള താപനില 2 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്നാണ് പ്രതിജ്ഞ. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറായിരുന്നു ഇന്ത്യന്‍ പ്രതിനിധി.
കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഇന്ത്യക്ക് പുറമെ ചൈന, യു.എസ്, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ഒപ്പുവെച്ചു. യു.എന്‍ ജനറല്‍ അസംബ്ളി ഹാളില്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്‍െറ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ്, സി.ഒ.പി 21(കണ്‍വെന്‍ഷന്‍ ഓഫ് പാര്‍ട്ടീസ്) പ്രസിഡന്‍റ് സിഗൊലിന്‍ റോയല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മാറ്റത്തിലേക്കുള്ള വ്യവസ്ഥകളാണ് ഉടമ്പടി ഉള്‍വഹിക്കുന്നതെന്ന് പരിപാടിക്കു മുമ്പ് പുറത്തിറക്കിയ സന്ദേശത്തില്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. സാര്‍വലൗകികവും ബഹുമുഖവും സുസ്ഥിരവുമായ കരാറാണിത്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് നീങ്ങണം എന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജക്ഷമതയുള്ള പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കിയും, ഭക്ഷണം പാഴാക്കുന്നത് നിര്‍ത്തലാക്കിയും, കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചും, സുസ്ഥിര നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചും വലിയ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
കരാര്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആവിഷ്കരിച്ച കര്‍മപദ്ധതികള്‍ 55 രാജ്യങ്ങള്‍ ചടങ്ങില്‍ സമര്‍പ്പിച്ചു. കരാറില്‍ ഒപ്പുവെച്ച് 30ാം ദിവസം മുതല്‍ രാജ്യങ്ങള്‍ കരാര്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ വിഷവാതകങ്ങള്‍ പുറന്തള്ളുന്നത് കുറക്കുമെന്നാണ് പ്രതിജ്ഞ. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം രാജ്യങ്ങള്‍ ഒരേസമയം ഒരു ഉടമ്പടിയില്‍ ഒപ്പുവെക്കുന്നത്.
1994ല്‍ മൊണ്‍ടേഗോ ബേ ഉച്ചകോടിയില്‍ 119 രാജ്യങ്ങള്‍ ഒപ്പുവെച്ച ചരിത്രമാണ് പഴങ്കഥയായത്. വെള്ളിയാഴ്ച ഒപ്പുവെക്കാതിരുന്ന രാജ്യങ്ങള്‍ക്ക് ഒരു വര്‍ഷം വരെ സമയമുണ്ട്.
ലോകത്ത് നടക്കുന്ന 90 ശതമാനം ദുരന്തങ്ങളും പ്രകൃതിദുരന്തങ്ങളാണ്. പല വികസ്വര രാജ്യങ്ങളുടെയും നിലനില്‍പിനെ ചോദ്യംചെയ്യുന്ന തരത്തില്‍ വരള്‍ച്ച, വെള്ളപ്പൊക്കം, ഉഷ്ണക്കാറ്റ് എന്നിവ ഭീഷണി ഉയര്‍ത്തുകയാണെന്ന് പരിപാടി നടക്കുന്നതിന് മുന്നോടിയായി യു.എന്‍ ദുരന്ത നിവാരണ കമീഷന്‍ പ്രതിനിധി പറഞ്ഞു.
താപനില രണ്ട് ഡിഗ്രി കുറക്കാനായില്ളെങ്കില്‍ ലോകം ആവിഷ്കരിച്ചുകൊണ്ടിരിക്കുന്ന സുസ്ഥിര വികസന പദ്ധതികളൊന്നും വിജയം കാണില്ളെന്ന് ബാന്‍ കി മൂണിന്‍െറ ഉപദേശകനായ ഡേവിഡ് നബാറൊ പറഞ്ഞു. ആഗോള കാലാവസ്ഥാ സഹകരണത്തിന്‍െറ ചരിത്രത്തില്‍ സുപ്രധാന അധ്യായമാണ് പാരിസ് ഉടമ്പടിയെന്ന് ഇന്ത്യ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള യു.എന്‍ കണ്‍വെന്‍ഷന്‍ നിര്‍ദേശങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ ഉടമ്പടി സഹായിക്കും. വികസ്വര രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അംഗീകരിക്കുമ്പോള്‍തന്നെ ഈ രാജ്യങ്ങളുടെ വികസനത്തിനുള്ള അവകാശം അംഗീകരിക്കുന്നതായും ഇന്ത്യ പറഞ്ഞു.
കാലാവസ്ഥാ നീതി എന്ന ഇന്ത്യ ഉന്നയിച്ച വിഷയത്തിന്‍െറ പ്രാധാന്യം അംഗീകരിക്കുന്നതും സുസ്ഥിര ജീവിതശൈലിക്കും സുസ്ഥിര ഉപഭോക്തൃ മാതൃകക്കുമുള്ള പ്രസക്തി കാണിക്കുന്നതുമാണ് ഉടമ്പടിയിലെ വ്യവസ്ഥകളെന്ന് ഇന്ത്യ പ്രതികരിച്ചു.
ലോകത്ത് മൊത്തം പുറന്തള്ളപ്പെടുന്ന വിഷവാതകത്തിന്‍െറ 55 ശതമാനവും ചൈന (20 ശതമാനം), യു.എസ് (17.8 ശതമാനം ), റഷ്യ (7.5 ശതമാനം), ഇന്ത്യ (4.1 ശതമാനം), ജപ്പാന്‍ (3.7 ശതമാനം) എന്നീ രാജ്യങ്ങളില്‍നിന്നാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.