ന്യൂയോർക്ക് പ്രൈമറിയിൽ ഹിലരിക്കും ട്രംപിനും വിജയം

ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് സ്ഥാനാർഥി നിർണയത്തിനുള്ള ന്യൂയോർക്ക് പ്രൈമറിയിൽ ഹിലരി ക്ലിന്‍റനും ഡൊണാൾഡ് ട്രംപിനും വിജയം. ഡെമോക്രാറ്റിക് പാർട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാൻഡേഴ്സിന് 42 ശതമാനവും വോട്ടുകൾ നേടി. റിപ്പബ്ലിക്കൻ പാർട്ടിയിലെ ട്രംപ് 60 ശതമാനവും ജോൺ കാസിക് 25 ശതമാനവും ടെഡ് ക്രൂസ് 15 ശതമാനവും വോട്ടുകൾ നേടി.

ന്യൂയോർക് പ്രൈമറിയിലേത് വ്യക്തിപരമായ വിജയമെന്ന് ഹിലരി പ്രതികരിച്ചു. നിങ്ങൾ എന്നെ പിന്തുണക്കുന്നു. ഞാൻ നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും -ഹിലരി പറഞ്ഞു. 2000 മുതൽ എട്ട് വർഷം ന്യൂയോർക് സെനറ്ററായിരുന്ന ഹിലരിക്ക് മികച്ച വിജയമാണ് ജനങ്ങൾ സമ്മാനിച്ചത്. ഏപ്രിൽ 26ന് അഞ്ച് സംസ്ഥാനങ്ങളിൽ പ്രൈമറികൾ നടക്കാനുണ്ട്.

ഹിലരിക്ക് 1862 പ്രതിനിധികളുടെയും സാൻഡേഴ്സിന് 1161 പ്രതിനിധികളുടെയും പിന്തുണയുണ്ട്. ട്രംപിനെ 804ഉം ക്രൂസിനെ 559ഉം കാസികിനെ 144ഉം പ്രതിനിധികൾ അനുകൂലിക്കുന്നു. റിപ്പബ്ലിക്കന്‍ കക്ഷിയുടെ മൊത്തം 2,347 പ്രതിനിധികളില്‍ 1,237 പേരുടെ പിന്തുണയുള്ളവര്‍ സ്ഥാനാര്‍ഥിയാകും. ഡെമോക്രാറ്റുകള്‍ക്ക് 4,192 പ്രതിനിധികളുള്ളതില്‍ 2,398 വോട്ട് നേടുന്നവരാണ് പ്രസിഡന്‍റ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെടുക.   

ജൂലൈ 18-21 തീയതികളിൽ റിപ്പബ്ലിക്കന്‍ വിഭാഗത്തിന്‍റെയും 25-28 തീയതികളിൽ ഡെമോക്രാറ്റുകളുടെയും ദേശീയ കൺവെൻഷനുകൾ നടക്കും. ഇതിലാണ് ഇരുവിഭാഗം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള ജനകീയ വോട്ടെടുപ്പ്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.