ദിൽമയുടെ ഇംപീച്മെൻറിന് അധോസഭയുടെ അംഗീകാരം

ബ്രസീലിയ: ബ്രസീൽ പ്രസിഡൻറ് ദിൽമ റൂസേഫിന് തിരിച്ചടിയായി ഇംപീച്മെൻറ് പ്രമേയത്തിന് പാർലമെൻറിൻെറ അധോസഭയുടെ അംഗീകാരം. അധോസഭയായ കോൺഗ്രസിൽ 513 അംഗങ്ങളിൽ 367 പേരും പ്രസിഡൻറിൻെറ ഇംപീച്മെൻറിന് അനുകൂലമായി വോട്ട് ചെയ്തു. 342 പേരുടെ പിന്തുണയാണ് പ്രമേയം പാസ്സാവാൻ ആവശ്യം.  അഴിമതി ആരോപണത്തിലാണ് ദിൽമക്കെതിരെ ഇംപീച്മെൻറിനായി പ്രമേയം വോട്ടിനിട്ടത്.

കോൺഗ്രസിൽ പാസ്സായതോടെ അടുത്തതായി ഉപരിസഭയായ സെനറ്റിൽ പ്രമേയം  വോട്ടിനിടും. ഇതിലും വോട്ടിങ് പ്രതികൂലമാണെങ്കിൽ ദിൽമ റൂസേഫിന് പ്രസിഡൻറ് സ്ഥാനത്തുനിന്നും പുറത്തേക്ക് പോകേണ്ടിവരും. ഇതിനിടയിൽ രണ്ട് തവണ അപ്പീൽ പോകാൻ ദിൽമക്ക് അവസരമുണ്ടാകും.

അതേസമയം, ജനാധിപത്യരീതിയിൽ അധികാരത്തിലേറിയ സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്ന് ദിൽമ റൂസേഫ് ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. കഴിഞ്ഞവർഷം ജനുവരിയിലാണ് ദിൽമ ബ്രസീൽ പ്രസിഡൻറ് സ്ഥാനത്തേക്ക് രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.

വോട്ടെടുപ്പ് നടക്കുന്ന കോൺഗ്രസിന് പുറത്തുൾപ്പെടെ ബ്രസീലിലൊട്ടാകെ അനുകൂലമായും പ്രതികൂലമായും വൻ പ്രകടനങ്ങളാണ് നടക്കുന്നത്. 25000 പേരാണ് കോൺഗ്രസിന് പുറത്ത് തടിച്ചുകൂടിയത്.

ദിൽമയെ അനുകൂലിക്കുന്നവർ ചുവന്ന കൊടിയും വസ്ത്രവുമായാണ് പ്രകടനം നടത്തുന്നത്. എതിർക്കുന്നവർ ദേശീയ പതാകയിലെ പച്ചയും മഞ്ഞയും നിറത്തിലുള്ള വസ്ത്രവുമാണ് പ്രതിഷേധത്തിന് ഉപയോഗിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.