യുനൈറ്റഡ് നാഷന്‍സ്: 120 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണത്തിന്‍െറ ഉത്തരവാദികളായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം ചെയ്യണമെന്നും അവര്‍ക്കെതിരെ ലോകം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കി. ഐ.എസിനെതിരെ ആക്രമണം രൂക്ഷമാക്കാന്‍ അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്.
അംഗങ്ങള്‍ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്. ലോകത്തിന് ഭീഷണിയായി മാറിയ ഐ.എസിന്‍െറ സിറിയയിലും ഇറാഖിലുമുള്ള സുരക്ഷിത താവളങ്ങള്‍ തകര്‍ക്കാന്‍ അംഗരാജ്യങ്ങള്‍ നടപടികളെടുക്കണമെന്ന് രക്ഷാസമിതി ആവശ്യപ്പെട്ടു.
പാരിസ് ആക്രമണത്തിന് പിന്നാലെ ബെല്‍ജിയത്തിന്‍െറ തലസ്ഥാനമായ ബ്രസല്‍സില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് യു.എന്‍ അംഗരാജ്യങ്ങള്‍ ഐ.എസിനെതിരെ നടപടി ശക്തമാക്കുന്നത്.
അതിനിടെ, മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടില്ളെന്ന സമീപനം മാറ്റണമെന്ന് റഷ്യക്കും ചൈനക്കും മേല്‍ സമ്മര്‍ദമുയരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ ചൈനീസ് പൗരനെ കഴിഞ്ഞ ദിവസം ഐ.എസ് വധിച്ചിരുന്നു. 224 പേരുടെ ജീവനെടുത്ത റഷ്യന്‍ വിമാനാപകടത്തിനും 37 പേര്‍ കൊല്ലപ്പെട്ട ലബനാനിലെ ഇരട്ടബോംബ് സ്ഫോടനത്തിനും പിന്നില്‍ ഐ.എസ് ആണ്. ഈ സംഭവങ്ങള്‍ ഇരുരാജ്യങ്ങളെയും നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുമെന്ന് വിലയിരുത്തലുകളുണ്ട്.
തുനീഷ്യയിലും തുര്‍ക്കിയിലുമുള്‍പ്പെടെ ഐ.എസ് ആക്രമണം തുടര്‍ന്നു. അടുത്ത ലക്ഷ്യം യു.എസ് ആണെന്നാണ് ഇപ്പോള്‍ ഭീഷണി മുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.