ന്യൂയോർക്ക്: ഡെബിയൻ ലിനക്സിൻെറ സ്ഥാപകൻ ഇയൻ മർഡോക്ക് അന്തരിച്ചു. ഇയൻ ഇപ്പോൾ ജോലി ചെയ്യുന്ന ഡോക്കറിൻെറ സി.ഇ.ഒ ബെൻ ഗോലുബാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. എന്നാൽ മരണകാരണം എന്താണെന്ന് അറിവായിട്ടില്ല. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കഴിഞ്ഞദിവസം ഇയൻ ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനുശേഷം പൊലീസും ഇയനും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മർഡോക് മരിച്ച വിവരം പുറത്തുവരുന്നത്.
ഡെബിയൻ ഗ്നു ലിനക്സിൻെറ സ്ഥാപകൻ എന്ന നിലക്കാണ് ഇയൻ മർഡോക് അറിയപ്പെടുന്നത്. ലിനക്സ് വകഭേദങ്ങളിലെ പ്രധാന ഘടകമാണ് ഡെബിയൻ ലിനക്സ്. ഡെബിയൻ ലിനക്സിൻെറ പിതാവ് എന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 1993ൽ പോർഡ്യൂ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുമ്പോഴാണ് ഡെബിയൻ ലിനക്സിന് മർഡോക് രൂപം നൽകിയത്.
കാമുകിയായിരുന്ന ഡെബോറ ലിന്നിൻെറയും തൻെറയും പേരുകൾ ചേർത്താണ് ഡെബിയൻ എന്ന പേര് ഇയാൻ നൽകിയത്. വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികളുണ്ട്. 2007ൽ ഇരുവരും വേർപിരിയുകയായിരുന്നു. 1973ൽ ജർമനിയിലാണ് മർഡോക് ജനിച്ചത്.
2003ൽ സൺ കമ്പനിയിൽ വൈസ്പ്രസിഡൻറായി ഇയൻ ജോലിക്കു ചേർന്നു. എഞ്ചിനിയറിങ് പ്ലാറ്റ്ഫോമുകളുെ ചുമതലയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അവിടെ പ്രൊജക്ട് ഇന്ത്യാനക്ക് നേതൃത്വം നൽകി. ഇതിൻെറ ഭാഗമായാണ് ഓപൺ സൊളാരിസ് ഓപറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത്.
2011ൽ സൺ കമ്പനിയെ ഒറാക്ൾ ഏറ്റെടുത്തതോടെ ഇയൻ സൺ കമ്പനിയിൽ നിന്ന് രാജിവെച്ചു. ഓപൺ സൊളാരിസിന് പിന്തുണ നഷ്ടപ്പെട്ടതോടെയാണ് കമ്പനി വിടാൻ ഇയൻ തീരുമാനിച്ചത്. പിന്നീട് ക്ലൗഡ് സോഫ്റ്റ്വെയർ കമ്പനിയായ എക്ട്രാ ടാർഗറ്റിൽ വൈസ് പ്രസിഡൻറായി ചേർന്നു. 2013ൽ ഈ കമ്പനിയിൽ നിന്നും രാജിവെച്ച് ഡോക്കർ കമ്പനിയിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.