തര്‍ക്കദ്വീപിനു മീതെ യു.എസ് ബോംബര്‍ പറന്നത് അതിര്‍ത്തിലംഘനമെന്ന് ചൈന


വാഷിങ്ടണ്‍: അയല്‍രാജ്യങ്ങളുമായി അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണചൈന സമുദ്രമേഖലയിലെ ദ്വീപ് സമൂഹത്തിനുമീതെ യു.എസ് ബി-52 ബോംബര്‍ യുദ്ധവിമാനം പ്രത്യക്ഷപ്പെട്ടതിനെതിരെ കടുത്ത പ്രതിഷേധവുമായി ചൈന രംഗത്തുവന്നു. സ്പാര്‍ട്ലി ദ്വീപ് സമൂഹമേഖലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു ബോംബര്‍വിമാനം അതിര്‍ത്തി ലംഘിച്ചത്. കഴിഞ്ഞദിവസം ബെയ്ജിങ്ങിലെ അമേരിക്കന്‍ എംബസിയില്‍ വ്യോമാതിര്‍ത്തി ലംഘനത്തിനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം രേഖാമൂലം പ്രതിഷേധം അറിയിച്ചിരുന്നു.
ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അറിയാതെ സംഭവിച്ച അബദ്ധമാകാം കാരണമെന്നും യു.എസ് വൃത്തങ്ങള്‍ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് ബോംബര്‍വിമാനത്തിന്‍െറ അതിര്‍ത്തിലംഘനമെന്നാണ് ചൈനീസ് പ്രതിരോധമന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയത്.
മേഖലയിലെ സംഘര്‍ഷനില കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇത്തരം സൈനിക പ്രകോപനങ്ങള്‍കൊണ്ട് ഉതകൂവെന്നും മേഖലയെ വന്‍തോതില്‍ സൈനികവത്കരിക്കാന്‍ ഇത്തരം നടപടികള്‍ ഇടയാക്കുമെന്നും പ്രതിരോധമന്ത്രാലയം മുന്നറിയിപ്പു നല്‍കി.
മേഖലയില്‍ ബി-52 ബോംബര്‍വിമാനങ്ങള്‍ പരിശീലനം നടത്താറുണ്ടെന്നും എന്നാല്‍, അതിര്‍ത്തിലംഘനപ്രശ്നം ഉണ്ടായതായി അറിവില്ളെന്നുമായിരുന്നു പെന്‍റഗണ്‍ വക്താവ് ബില്‍ അര്‍ബന്‍െറ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.