റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുമെന്ന് ട്രംപിന്‍െറ ഭീഷണി

ന്യൂയോര്‍ക്: വിവാദ പരാമര്‍ശത്തിന് തന്നെ തള്ളിപ്പറഞ്ഞ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുമെന്ന് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ ഭീഷണി. മുസ്ലിം വിരുദ്ധ പരാമര്‍ശത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. റിപ്പബ്ളിക്കന്‍ പാര്‍ട്ടി അംഗങ്ങളും അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പാര്‍ട്ടിവിട്ട്  സ്വതന്ത്രനായി മത്സരിച്ചാലും നിലവിലുള്ള 70 ശതമാനം വോട്ടര്‍മാരുടെ പിന്തുണ തനിക്ക് ലഭിക്കുമെന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിരുത്തരവാദപരമായ പ്രസ്താവനയാണ് ട്രംപിന്‍െറതെന്ന് യു.എന്‍ അംബാസഡര്‍ റഅദ് അല്‍ഹുസൈന്‍ പ്രതികരിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി മാന്വല്‍ വാള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവരും ട്രംപിനെതിരെ രംഗത്തുവന്നിരുന്നു.ബ്രിട്ടനില്‍ ട്രംപിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഒരുലക്ഷം ഓണ്‍ലൈന്‍ പരാതികള്‍ ലഭിച്ചു. എന്നാല്‍, അങ്ങനെയൊരു നീക്കത്തിനില്ളെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും  മുസ്ലിം വിരുദ്ധ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി  ട്രംപ് വ്യക്തമാക്കി. തീവ്രവാദം നേരിടാനുള്ള താല്‍ക്കാലിക പരിഹാരമാണിതെന്ന് ട്രംപ് എം.എസ്.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിനിടെ  പറഞ്ഞു.
താന്‍ പറഞ്ഞത് അമേരിക്കയില്‍ ഇപ്പോഴുള്ള മുസ്ലിംകളെക്കുറിച്ചല്ളെന്നും പുറത്തുനിന്ന് വരുന്നവരെക്കുറിച്ചാണെന്നും തിരുത്തി. മുസ്ലിംകള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശം പൂര്‍ണമായി നിലക്കണമെന്നായിരുന്നു വിവാദ പരാമര്‍ശം.
പരാമര്‍ശം അമേരിക്കയുടെ ദേശീയ താല്‍പര്യങ്ങള്‍ക്ക്  നിരക്കുന്നതല്ളെന്ന് പെന്‍റഗണ്‍  പ്രസ് സെക്രട്ടറി പീറ്റര്‍ കുക്ക് പ്രതികരിച്ചു. ട്രംപിനെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും രംഗത്തുവന്നു.

എന്നാല്‍, തിരുത്താന്‍ തയാറായില്ളെന്നു മാത്രമല്ല, പ്രസ്താവന ന്യായീകരിക്കാന്‍ മുന്‍ പ്രസിഡന്‍റ് റൂസ് വെല്‍റ്റിന്‍െറ നടപടി ട്രംപ് ഉദ്ധരിക്കുകയും ചെയ്തു. രണ്ടാം ലോകയുദ്ധ കാലത്ത് ആയിരക്കണക്കിന് ജപ്പാന്‍, ജര്‍മന്‍, ഇറ്റാലിയന്‍ കുടിയേറ്റക്കാരെ മാറ്റിനിര്‍ത്തി ‘ശത്രുവിന്‍െറ സഹായികള്‍’ എന്ന് മുദ്രകുത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദ ഭീഷണി കാരണം പാരിസിലേയും ലണ്ടനിലേയും ചില ഭാഗങ്ങളില്‍ പൊലീസിനു പോലും പ്രവര്‍ത്തിക്കാനാവുന്നില്ളെന്ന് വിവിധ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ ട്രംപ് പറഞ്ഞു.  പ്രസ്താവന അങ്ങേയറ്റം വസ്തുതാ വിരുദ്ധവും വിഡ്ഢിത്തവുമാണെന്ന് ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ തിരിച്ചടിച്ചു. അതേസമയം, ട്രംപിന് ചില യാഥാസ്തിക കേന്ദ്രങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്.


ട്രംപിന് ദുബൈയില്‍ തിരിച്ചടി; ഉല്‍പന്ന വില്‍പന നിര്‍ത്തി
ദുബൈ: വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ട്രംപിന്‍െറ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പശ്ചിമേഷ്യയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലാന്‍ഡ്മാര്‍ക് ഗ്രൂപ്  നിര്‍ത്തി. ട്രംപ് ഹോം ഡക്കര്‍ എന്ന പേരിലുള്ള വീട്ടലങ്കാര ഉല്‍പന്നങ്ങളുടെ മികച്ച വിപണികളിലൊന്നാണ് പശ്ചിമേഷ്യ. യു.എ.ഇക്ക് പുറമെ ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി എല്ലാ രാജ്യങ്ങളിലെ ഒൗട്ട്ലെറ്റുകളിലും ഡൊണാള്‍ഡ് ട്രംപ് ഉല്‍പന്നങ്ങളുടെ വില്‍പനക്ക് വിലക്കേര്‍പ്പെടുത്തിയതായി കമ്പനി സി.ഇ.ഒ സചിന്‍ മുന്‍ധവ അറിയിച്ചു.
ഉപഭോക്താക്കളുടെ മനോവികാരം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ട്രംപ് ഗ്രൂപ്പുമായി ധാരണയിലായ വ്യാപാര കരാര്‍ അവസാനിപ്പിച്ചതായും കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ഒൗട്ട്ലെറ്റുകളില്‍നിന്ന് നീക്കംചെയ്തതായും ലാന്‍ഡ്മാര്‍ക് ഗ്രൂപ് അധികൃതര്‍ വ്യക്തമാക്കി. ലാന്‍ഡ്മാര്‍ക് ഗ്രൂപ്പിന്‍െറ ലൈഫ് സ്റ്റൈല്‍  സ്റ്റോറുകളിലൂടെയാണ് ഈ ഉല്‍പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.