അൽജസീറ ‘ഭീകര ചാനൽ’, ഇസ്രായേലിൽ അടച്ചുപൂട്ടുമെന്ന് നെതന്യാഹു

തെൽഅവീവ്: അൽജസീറ ‘ഭീകര ചാനൽ’ ആണെന്നും ഇസ്രായേലിൽ അടച്ചുപൂട്ടുമെന്നും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. സുരക്ഷ ഭീഷണിയുയർത്തുന്ന വിദേശ വാർത്ത ശൃംഖലകൾ അടച്ചുപൂട്ടാൻ മുതിർന്ന മന്ത്രിമാർക്ക് അധികാരം നൽകുന്ന നിയമം പാർലമെന്റ് പാസാക്കിയ ശേഷമാണ് പ്രകോപനം പരത്തുന്ന ‘ഭീകര ചാനൽ’ എന്ന് അൽജസീറയെ വിശേഷിപ്പിച്ചത്.

അൽ ജസീറ ഇസ്രായേലിന്റെ സുരക്ഷയെ ഹനിച്ചെന്നും ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയിൽ സജീവമായി പങ്കുവഹിച്ചെന്നും ഇസ്രായേൽ സൈനികർക്കെതിരെ വെറുപ്പ് പരത്തിയെന്നും നെതന്യാഹു എക്സിൽ കുറിച്ചു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ചാനലിന്റെ പ്രവർത്തനം ഉടൻ അവസാനിപ്പിക്കുന്നതിനുള്ള നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി.

അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രിയുടെ തെറ്റായ ആരോപണങ്ങൾക്കും പ്രേരണക്കും ശേഷം ലോകമെമ്പാടുമുള്ള തങ്ങളുടെ ജീവനക്കാരുടെയും നെറ്റ്‌വർക്കിന്റെയും സുരക്ഷയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരിക്കുമെന്ന് അൽ ജസീറ പ്രതികരിച്ചു. ഇത്തരം അപകീർത്തികരമായ ആരോപണങ്ങൾ ധീരവും പ്രഫഷനൽ കവറേജും തുടരുന്നതിൽനിന്ന് ഞങ്ങളെ തടയില്ലെന്നും എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും അൽ ജസീറ അധികൃതർ പറഞ്ഞു.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ജസീറക്കെതിരായ ഇസ്രായേലിന്റെ വൈരാഗ്യം ദീർഘകാലമായി തുടരുന്നതാണ്. ഇസ്രായേൽ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നതാണ് പ്രധാന ആരോപണം. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ സർക്കാർ പ്രധാന പങ്ക് വഹിക്കുന്ന സമയത്താണ് ഇസ്രായേലിന്റെ നടപടി. ഖത്തർ ഇസ്രായേൽ നടപടിയോട് പ്രതികരിച്ചിട്ടില്ല. 

Tags:    
News Summary - Al Jazeera 'terror channel' and will be closed in Israel -Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.