അനിശ്ചിതത്വത്തിനൊടുവിൽ സമവായം; പാകിസ്താനിൽ ഷെഹ്ബാസ് ശരീഫ് പ്രധാനമന്ത്രി; ആസിഫ് അലി സർദാരി പ്രസിഡന്റ്

ഇസ്‍ലാമാബാദ്: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും മാരത്തൺ ചർച്ചകൾക്കും ശേഷം പാകിസ്താനിൽ സർക്കാർ രൂപവത്കരണത്തിന് ധാരണയായി. പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസും (പി.എം.എൽ-എൻ) പാകിസ്താൻ പീപ്പിൾസ് പാർട്ടിയും (പി.പി.പി) തമ്മിലുള്ള അഞ്ചാം വട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതിനു പിന്നാലെ പുതിയ സഖ്യ സർക്കാർ രൂപീകരിക്കാനുള്ള കരാർ ഇരുപാർട്ടികളും സമ്മതിക്കുകയായിരുന്നു.

അതനുസരിച്ച് മുൻ പ്രധാനമന്ത്രിയും പാകിസ്താൻ മുസ്‍ലിം ലീഗ് പ്രസിഡന്റുമായ ഷെഹ്ബാസ് ശരീഫ് പ്രധാനമന്ത്രിയാകും. ചൊവ്വാഴ്ച രാത്രി സർദാരി ഹൗസിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പി.പി.പി കോ-ചെയർമാൻ ആസിഫ് അലി സർദാരി രാജ്യത്തിന്റെ പ്രസിഡൻായും സ്ഥാനമേൽക്കും. ഒറ്റക്ക് സർക്കാർ രൂപവത്കരണത്തിന് 266 അംഗ ദേശീയ അസംബ്ലിയിൽ ഒരു കക്ഷിക്ക് 133 സീറ്റുകൾ നേടണം. എന്നാൽ, പി.എം.എൽ-എന്നിന് 75ഉം പി.പി.പിക്ക് 54ഉം സീറ്റ് ആണ് ലഭിച്ചത്.

ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ തഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക് 101 സീറ്റുമുണ്ട്. ആദ്യഘട്ടത്തിൽ തന്നെ സർക്കാർ രൂപവത്കരണ ശ്രമത്തിൽനിന്ന് തഹ്‍രീകെ ഇൻസാഫ് പിന്മാറിയിരുന്നു. വാർത്താ സമ്മേളനത്തിൽ ബിലാവൽ ഭൂട്ടോ സർദാരിക്കൊപ്പം സംസാരിച്ച ഷഹ്ബാസ് ശരീഫ് അടുത്ത സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ പിന്തുണ സഖ്യ സർക്കാറിനുണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞു. ചർച്ചകളുടെ ശുഭ പര്യവസാനത്തിന് ബിലാവലിന്റെയും സർദാരിയുടെയും സഹകരണത്തിന് ഷെഹ്ബാസ് നന്ദി പറഞ്ഞു. അടുത്ത സർക്കാരിന്റെ ഭാഗമാകുന്ന ചെറുപാർട്ടികൾക്കും ഷെഹ്ബാസ് നന്ദി പറഞ്ഞു.

വരാനിരിക്കുന്ന സഖ്യസർക്കാർ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ പുനഃസ്ഥാപിക്കുമെന്നും തീവ്രവാദ ഭീഷണിക്കെതിരെ പോരാടുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. സഖ്യം അവരെ ഒരുമിച്ച് നേരിടുമെന്ന് അദ്ദേഹം പറഞ്ഞതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി എട്ടിന് നടന്ന പൊതുതിരഞ്ഞെടുപ്പ് വിവാദമായിരുന്നു, ഫലങ്ങളിൽ മാറ്റം വരുത്താൻ വ്യാപകമായ കൃത്രിമം നടന്നുവെന്ന ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.

Tags:    
News Summary - After uncertainty, the parties reached a consensus; Shehbaz Prime Minister of Pakistan; Asif Ali Zardari President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.