വാഷിങ്‌ടൺ/തെഹ്‌റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള നിർണായകമായ ആണവ ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നു. 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനാണ് ഇരുപക്ഷവും ശ്രമിക്കുന്നതെങ്കിലും, ആണവ മേൽനോട്ടം, കരാർ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കടുത്ത ഭിന്നത നിലനിൽക്കുന്നു. ഹുർമുസ് കടലിടുക്കിലെ ടോൾ പിരിവ് അനുവദിക്കില്ലെന്നും, ആഗോള കപ്പൽ ഗതാഗതത്തിനായി കടലിടുക്ക് തുറന്നു കിടക്കണമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കർശനമായി വ്യക്തമാക്കി.
അതേസമയം, ആണവ പരിശോധനക്കായി അന്താരാഷ്ട്ര ആണവ ഊർജ ഏജൻസി ഇൻസ്പെക്ടർമാർക്ക് അനുമതി നൽകിയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ തള്ളി.
ആണവ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ നിലവിൽ പദ്ധതികളില്ലെന്നും, ആണവ കരാറുമായി ബന്ധപ്പെട്ട നിലവിലെ നടപടിക്രമങ്ങൾ പാലിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025 ജൂണിൽ യു.എസ്-ഇസ്രായേൽ ആക്രമണത്തെത്തുടർന്നാണ് ഇറാൻ ആണവ ഏജൻസിയുമായുള്ള സഹകരണം നിർത്തിവെച്ചത്.
സൈനിക തന്ത്രത്തിൽ വലിയ മാറ്റവുമായി ഇറാൻ രംഗത്തെത്തി. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഇനി മുതൽ മുൻകരുതൽ ആക്രമണങ്ങളും തങ്ങളുടെ തന്ത്രത്തിന്റെ ഭാഗമായിരിക്കുമെന്ന് ഇറാൻ ആർമി സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്റർ തലവൻ ജനറൽ അഹ്മദ് റെസ പൗർദസ്താൻ പറഞ്ഞു. തങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത പല സൈനിക ശേഷികളും ഇനിയും ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60 ദിവസത്തിനുള്ളിൽ കരാർ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ ചാൾസ് കുപ്‌ചാൻ മുന്നറിയിപ്പ് നൽകി. ചർച്ചകൾ അടുത്ത കലണ്ടർ വർഷം വരെ നീളാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൾഫ് രാജ്യങ്ങളിൽ പര്യടനം നടത്തുന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യു.എസിന്റെ സുരക്ഷാ ഉറപ്പുകൾ ആവർത്തിച്ചു. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെത്തി കരാറിന്റെ ഗുണവശങ്ങൾ വിശദീകരിക്കുകയാണ് റൂബിയോ. അതിനിടെ, ട്രംപിന്റെ ഇറാൻ നയത്തിന് സെനറ്റിൽ വലിയ തിരിച്ചടിയുണ്ടായി.
ഇറാനെതിരെ കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുന്നതിന് കോൺഗ്രസിന്റെ അനുമതി നിർബന്ധമാക്കുന്ന പ്രമേയം സെനറ്റ് പാസാക്കി. എന്നാൽ ഇതിനെ വീറ്റോ ചെയ്യാനാണ് ട്രംപിന്റെ നീക്കം.
ഇറാനെതിരായ യു.എസ് നയം ‘അങ്ങേയറ്റം നിഷ്കളങ്കമാണെന്ന്’ ഇസ്രായേൽ നാഷണൽ സെക്യൂരിറ്റി മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രതികരിച്ചു. ആണവ പദ്ധതിയൽനിന്ന് ഇറാൻ പിന്മാറില്ലെന്ന് പറഞ്ഞ അദ്ദേഹം, ഇസ്രായേൽ ഒറ്റക്ക് തിരിച്ചടിക്കുമെന്ന സൂചനയും നൽകി. സുഹൃദ് രാജ്യങ്ങളുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി സ്വന്തം സുരക്ഷ പണയപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെക്കൻ ലബനാനിലെ വെടിനിർത്തൽ തുടരുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ വെടിനിർത്തൽ ഫലപ്രദമായി പാലിക്കപ്പെടുന്നുണ്ട്. ബിയ്യാദക്ക് സമീപം ഇസ്രായേൽ സൈന്യം മെഷീൻ ഗൺ വെടിവെപ്പും ടാങ്ക് പ്രയോഗവും നടത്തിയതായി യുണിഫിൽ സമാധാന സേന റിപ്പോർട്ട് ചെയ്തു. എങ്കിലും, ചർച്ചകൾ നടക്കുന്ന ഈ നിർണായക സമയത്ത് സംയമനം പാലിക്കാൻ ഇരുപക്ഷത്തോടും യു.എൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.