പ്രതീകാത്മക ചിത്രം

യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനം; പാശ്ചാത്യ നിയന്ത്രണങ്ങൾക്കെതിരെ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും റഷ്യ

മോസ്കോ: റഷ്യൻ എണ്ണക്കമ്പനികൾക്ക് നേരെ ഉപരോധമേർപ്പെടുത്തിയ യു.എസ് നടപടി യുദ്ധത്തിനുള്ള ആഹ്വാനമായി കണക്കാക്കപ്പെടുമെന്ന് റഷ്യ. യൂറോപ്പിന്റെ യുക്തിരാഹിത്യത്തിനൊപ്പം സ്വയം കക്ഷിചേരുകയാണ് യു.എസ് ചെയ്തിരിക്കുന്നതെന്നും റഷ്യൻ സുരക്ഷ കൗൺസിൽ ചെയർമാൻ ദിമിത്രി മെദ്‌വദേവ് പറഞ്ഞു.

യു.എസി​നെ റഷ്യയുടെ പ്രതിയോഗി​യെന്ന് വിശേഷിപ്പിച്ച മെദ്‌വദേവ് ‘സമാധാന സൃഷ്ടാവായ’ ട്രംപ് റഷ്യയുമായി യുദ്ധത്തിന്റെ പാതയിലാണെന്നും പറഞ്ഞു. ‘യു.എസ് റഷ്യയുടെ പ്രതിയോഗിയാണ്, അവരുടെ വാചാലനായ ‘സമാധാന സൃഷ്ടാവ്’ ഇപ്പോൾ റഷ്യയുമായുള്ള യുദ്ധത്തിന്റെ പാതയിലാണ്,’ മെദ്‌വദേവ് ടെലിഗ്രാമിൽ കുറിച്ചു.

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ സമ്മർദ്ദം ശക്തമാക്കി യു.എസ് പ്രഖ്യാപിച്ച ഉപരോധം അങ്ങേയറ്റം വിപരീതഫലമാണുണ്ടാക്കിയതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരണത്തിൽ പറഞ്ഞു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കേണ്ടതുണ്ട്. യുക്രെയ്‌നിലെ റഷ്യയുടെ ലക്ഷ്യങ്ങൾ മാറ്റമില്ലാതെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ മോസ്കോയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 പാശ്ചാത്യ നിയന്ത്രണങ്ങൾക്കെതിരെ റഷ്യ ശക്തമായ പ്രതിരോധശേഷി വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഊർജ്ജ സാധ്യതകൾ ഉൾപ്പെടെ സാമ്പത്തിക സാധ്യതകൾ ആത്മവിശ്വാസത്തോടെ വികസിപ്പിക്കുന്നത് തുടരും. റഷ്യക്കെതിരെ സ്വന്തം ഉപരോധങ്ങൾ പരാജയപ്പെട്ടത് യൂറോപ്യൻ യൂണിയൻ നേതൃത്വത്തിന് അംഗീകരിക്കാനായിട്ടില്ലെന്നും മരിയ സഖാരോവ കൂട്ടിച്ചേർത്തു. 

യുക്രെയ്നിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ റോസ്നെഫ്റ്റ്, ലുക്കോയിൽ തുടങ്ങിയ പ്രധാന റഷ്യൻ ഊർജ്ജ സ്ഥാപനങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം യു.എസും സഖ്യകക്ഷികളും അധിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതിന് മുമ്പ്, യൂറോപ്യൻ രാജ്യങ്ങൾ ബുധനാഴ്ച മോസ്കോയ്‌ക്കെതിരായ 19-ാമത് ഉപരോധ പാക്കേജിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു.

ആണവ പോർമുനകൾ പരീക്ഷിച്ച് റഷ്യ

യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർദ്ദിഷ്ട കൂടിക്കാഴ്ച റദ്ദാക്കി ട്രംപ് നിലപാടെടുത്ത് മണിക്കുറുകൾക്ക് പിന്നാലെ രാജ്യത്തെ സായുധ സേനകളുടെ സംയുക്ത സൈനീകാഭ്യാസത്തിന് പുടിൻ ഉത്തരവിട്ടിരുന്നു. ആണവ പോർമുന സജ്ജീകരിച്ച, കരയിൽ നിന്ന് വിക്ഷേപിക്കാവുന്നതും അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്നതുമായ രണ്ട് മിസൈലുകളുടെ പരീക്ഷണവും കഴിഞ്ഞ ദിവസം റഷ്യ നടത്തി.

Tags:    
News Summary - Act of war: Russia says US sanctions on oil firms are counterproductive to stop Ukraine conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.