എ.ഐ ചിത്രീകരണം
01. യുക്രെയ്ൻ സേനയുടെ വിദൂര നിയന്ത്രിത ഡ്രോണുകൾ, മരംകൊണ്ട് നിർമിച്ച പ്രത്യേക കാബിനുകളിലാക്കി സാധാരണ ട്രക്കുകളിൽ റഷ്യൻ അതിർത്തി കടത്തുന്നു
02. അതിർത്തി കടന്ന് സൈബീരിയയിലെ റഷ്യൻ വ്യോമതാവളങ്ങളിൽ എത്താൻ കഴിയുന്ന അകലത്തിൽ പാർക്ക് ചെയ്യുന്നു. ഈ കാബിനുകളും അതിനുള്ളിലെ ഡ്രോണുകളും വിദൂരത്തുനിന്ന് നിയന്ത്രിക്കാവുന്നതാണ്.
03. യുക്രെയ്നിലെ സൈനിക താവളത്തിൽ നിന്ന് സേനാംഗങ്ങൾ ഓപറേഷൻ നിയന്ത്രിക്കുന്നു
04. വിദൂര നിയന്ത്രണ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഡ്രോണുകൾ നിക്ഷേപിച്ച മരപ്പെട്ടി തുറന്നു. ശേഷം, ഡ്രോണുകൾ റഷ്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് നീങ്ങുന്നു
05. ആണവായുധംവരെ വഹിക്കാൻ ശേഷിയുള്ള പോർവിമാനങ്ങൾ നിർത്തിയിട്ട റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്ൻ ഡ്രോണുകളുടെ ആക്രമണം. അഞ്ചു താവളങ്ങളിലായി നടന്ന ഡ്രോൺ ബോംബിങ്ങിൽ നാൽപതിലേറെ വിമാനങ്ങൾ തകർന്നു
2014ൽ, യുക്രെയ്ന്റെ കിഴക്കൻ അതിർത്തിമേഖലയിലേക്ക് റഷ്യൻ സൈന്യം അതിക്രമിച്ചു കയറിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം തുടങ്ങിയത്. സൈനികാധിനിവേശം ഒരു വർഷം പിന്നിട്ടപ്പോഴേക്കും, യുക്രെയ്നിലെ തന്ത്ര പ്രധാനമായ ക്രീമിയ റഷ്യൻ സൈന്യം പിടിച്ചെടുത്തു. തുടർന്ന് ഡോണെട്സ്ക് പോലുള്ള പ്രവിശ്യകളിലേക്കും അവർ പ്രവേശിച്ചു. ഈ സൈനിക നീക്കം തലസ്ഥാനമായ കിയവിലേക്ക് എത്തിയതോടെയാണ് 2022ൽ, ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപറത്തി തികച്ചും ഏകപക്ഷീയമായിട്ടായിരുന്നു റഷ്യയുടെ നടപടികളത്രയും. ഇതിന് അമേരിക്കയുടെ അടക്കം പിന്തുണയും പ്രസിഡന്റ് വ്ലാദിമിർ പുടിന് ലഭിച്ചു. ഇതിനിടയിലും ചില തിരിച്ചടികൾ അവർക്കുണ്ടായി. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും വലിയ തിരിച്ചടിയാണിപ്പോൾ റഷ്യക്കുണ്ടായിരിക്കുന്നത്, ‘ഓപറേഷൻ സ്പൈഡേഴ്സ് വെബി’ലൂടെ.
യുക്രെയ്ൻ അതിർത്തിയിൽനിന്ന് 4000 കിലോമീറ്റർ അകലെയാണ് സൈബീരിയ. അവിടെ റഷ്യൻ വ്യോമ നിലയത്തിലേക്ക് യുക്രെയ്ൻ തങ്ങളുടെ എഫ്.പി.വി (ഫസ്റ്റ്-പേഴ്സൺ വ്യൂ) ഡ്രോണുകൾ പറത്തി പ്രത്യാക്രമണം നടത്തിയതെങ്ങനെയാകും? ആകാശവഴിയിൽ അത് സാധ്യമല്ല. അങ്ങനെ ചെയ്താൽ, റഷ്യയുടെ ചാര ഉപഗ്രഹങ്ങൾക്കും മറ്റു സാങ്കേതിക സംവിധാനങ്ങൾക്കും അത് കണ്ടുപിടിക്കാവുന്നതേയുള്ളൂ.
ഇവിടെയാണ് യുക്രെയ്ന്റെ ‘ട്രോജൻ കുതിരകൾ’ പ്രവർത്തിച്ചത്. അഞ്ച് സൈനിക വിമാനത്താവളങ്ങളിലാണ് യുക്രെയ്ൻ ഒരൊറ്റ രാത്രിയിൽ ആക്രമണം നടത്തിയത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ 41 ബോംബർ വിമാനങ്ങൾ നശിപ്പിച്ചുവെന്ന് റഷ്യ തന്നെ സമ്മതിക്കുന്നു. 700 കോടി ഡോളറിന്റെ നഷ്ടവും കണക്കാക്കുന്നു. ഇങ്ങനെയൊരു ഓപറേഷൻ സംഘടിപ്പിക്കാൻ യുക്രെയിന് ചെലവായത് നാമമാത്ര തുകയും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിനിടെ വ്യാപകമായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. എല്ലാ വലുപ്പത്തിലുമുള്ള നിരീക്ഷണ ഡ്രോണുകൾ, ആക്രമണ ഡ്രോണുകൾ, മറൈൻ ഡ്രോണുകളെല്ലാം ഉപയോഗത്തിലുണ്ട്. ഇതിലൊന്നാണ് എഫ്.പി.വി ഡ്രോണുകൾ. 10 ഇഞ്ച് മാത്രമാണ് നീളം. നിർമാണ ചെലവ് കുറഞ്ഞ ഇനമാണിത്. റഷ്യ എ.ഐ കേന്ദ്രീകൃത വമ്പൻ ഡ്രോണുകളുമായി ഇറങ്ങിത്തിരിക്കുമ്പോഴാണ് കുഞ്ഞു സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള യുക്രെയ്ന്റെ പ്രത്യാക്രമണം.
ഇസ്താംബുൾ: യുദ്ധം തുടങ്ങിയ ശേഷം റഷ്യക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട, യുക്രെയ്ൻ ഡ്രോൺ ആക്രമണ പരമ്പരക്കുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടന്ന സമാധാന ചർച്ചയിൽ രണ്ടാംഘട്ട തടവുകാരുടെ കൈമാറ്റത്തിന് തീരുമാനം. തുർക്കിയയിലെ ഇസ്താംബുളിൽ നടന്ന ചർച്ചകളിൽ 25 വയസ്സിന് താഴെ പ്രായമുള്ള, ഗുരുതര പരിക്കേറ്റ എല്ലാ യുദ്ധത്തടവുകാരെയും കൈമാറാൻ തീരുമാനമായി. നിരുപാധിക വെടിനിർത്തലിനില്ലെന്ന് റഷ്യ വ്യക്തമാക്കിയപ്പോൾ പ്രധാന വിഷയങ്ങൾ പരിഹരിക്കാൻ ഉന്നതതല ചർച്ച വേണമെന്ന് യുക്രെയ്നും അറിയിച്ചു. തുടർ ചർച്ച ജൂൺ അവസാനത്തിൽ നടത്താമെന്ന് യുക്രെയ്ൻ നിർദേശിച്ചു.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഇരു കക്ഷികളും തമ്മിൽ നേരിട്ടുള്ള ചർച്ച നടക്കുന്നത്. മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്ന നിർണായക തീരുമാനങ്ങൾ എടുക്കാനാകാതെയാണ് ഒരു മണിക്കൂർ നീണ്ട ചർച്ച അവസാനിച്ചത്. പ്രതിരോധമന്ത്രി റുസ്തം ഉമറോവിന്റെ നേതൃത്വത്തിൽ യുക്രെയ്ൻ സംഘവും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സഹായി വ്ലാദിമിർ മെഡിൻസ്കി നയിക്കുന്ന റഷ്യൻ സംഘവുമാണ് ചർച്ചക്കെത്തിയത്. തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദന്റെ അധ്യക്ഷതയിലായിരുന്നു സംഭാഷണം. 1000 കിലോമീറ്റർ അതിർത്തിയിൽ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം രൂക്ഷമാക്കിയത് ചർച്ചകളിൽ ശുഭകരമായ തീരുമാനങ്ങളുണ്ടാകാനുള്ള സാധ്യതകൾക്ക് മങ്ങലേൽപിച്ചിരുന്നു. റഷ്യ നടത്തിയ പ്രത്യാക്രമണത്തിൽ 80 ഡ്രോണുകളിൽ 52ഉം യുക്രെയ്നും തകർത്തു. രണ്ട് മിസൈലുകൾ ഖാർകിവിൽ പതിച്ചു.
ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ജർമനി, ഇറ്റലി, ബ്രിട്ടൻ പ്രതിനിധികളുമായി ആശയകൈമാറ്റം നടത്തി. ഇതേ സമയം, യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി നാറ്റോ കിഴക്കൻ മേഖല- നോർഡിക് രാജ്യങ്ങൾ വിളിച്ചുചേർത്ത ഉച്ചകോടിയിൽ പങ്കെടുക്കാനായി ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിലെത്തിയിട്ടുണ്ട്. വെടിനിർത്തൽ നിലവിൽവന്നാൽ റഷ്യയിൽനിന്ന് സുരക്ഷ ഉറപ്പുനൽകണമെന്നാണ് സെലൻസ്കിയുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.