അദ്ദേഹം ഒരു നാട്യക്കാരനല്ല, അതീവ ശാന്തൻ അതിലേറെ ധിഷണാശാലിയും ദയാലുവുമാണ്- കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത കേട്ടയുടനെ സെമിനാരിയിൽ സഹപാഠിയായിരുന്ന ഷികാഗോയിലെ ഫാദർ മാർക് ആർ. ഫ്രാൻസിസ് ഇങ്ങനെ പ്രതികരിക്കവെ പെറുവിലെ ചർച്ചുകളിൽ നിന്ന് സന്തോഷമറിയിച്ചുള്ള മണിനാദവും കൈയടികളും മുഴങ്ങുന്നുണ്ടായിരുന്നു. പെറുവിലെ സാധാരണക്കാരും ദരിദ്രരും നിരാലംബരുമായ മനുഷ്യർ അത്രയേറെ അടുത്തറിഞ്ഞിട്ടുണ്ട് ആ ശാന്തതയും ധിഷണയും ദീനാനുകമ്പയും.
1955ൽ ഷികാഗോയിലെ ഡോൾട്ടനിൽ പിറന്ന റോബർട്ട് ഫ്രാൻസിസിന്റെ ബാല്യംമുതൽ അൾത്താരയും ജപമാലയും കൂട്ടായുണ്ട്. പെൻസൽവേനിയയിലെ വില്ലനോവ സർവകലാശാലയിൽ ഗണിതശാസ്ത്ര പഠനത്തിനുശേഷം അതിലേറെ താൽപര്യപ്പെട്ട ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും റോമിലെ സെന്റ് തോമസ് അക്വിനാസ് കോളജിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റും നേടി.
പെറുവിൽ മെഷിനറി പ്രവർത്തനത്തിന് പുറപ്പെട്ട അദ്ദേഹത്തെ അവിടത്തെ മനുഷ്യരുടെ സഹനങ്ങളും സങ്കടങ്ങളും ഏറെ സ്വാധീനിച്ചു. ഇടക്കൊരുവേള ജന്മനാട്ടിൽ തിരിച്ചെത്തിയെങ്കിലും മനസ്സുറക്കാതെ കർമഭൂമിയിലേക്ക് മടങ്ങി. ട്രൂജില്ലോയിൽ അഗസ്തീനിയൻ സെമിനാരിക്ക് തുടക്കമിട്ടു.
പോപ് ഫ്രാൻസിസ് അദ്ദേഹത്തെ 2015ൽ ബിഷപ്പായും 2023ൽ കർദിനാളായും നിയോഗിച്ചു. സെന്റ് ഫ്രാൻസിസ് അസീസിയുടെ പേര് കടംകൊണ്ട പോപ് ഫ്രാൻസിസിന്, ദീനാനുകമ്പയിലും ധീരതയിലും ഒത്ത പിൻഗാമിയെന്ന് വിളിക്കാവുന്ന പുതിയ പാപ്പയുടെ പേര് സ്വീകരണവും മുൻഗാമിയുടേത് പോലൊരു നിലപാടു പ്രഖ്യാപനമാണ്.
തൊഴിലാളികളുടെയും ദരിദ്രരുടെയും ജീവിതം സമാധാനവും അന്തസ്സും നിറഞ്ഞതാക്കാൻ പ്രയത്നിച്ച ലിയോ പതിമൂന്നാമനോടുള്ള സ്നേഹാദരമാണ് അതിൽ പ്രകടമാവുന്നത്. കുടിയേറ്റക്കാരോടും ദരിദ്രരോടുമെല്ലാം ഫ്രാൻസിസ് പാപ്പയുടേതിന് തുല്യമായ സമീപനമാണ് പുതിയ പാപ്പയും കാത്തുപോരുന്നത്.
2000 മുതൽ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ കൃത്യമായി വോട്ട് രേഖപ്പെടുത്തി വരുന്ന അദ്ദേഹം കർദിനാൾ പദവിയിലിരിക്കെ ട്രംപ് ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ കുടിയേറ്റ വിരുദ്ധത, കൂട്ടക്കൊലകൾക്ക് വഴിവെക്കുന്ന തോക്ക് സംസ്കാരം എന്നിവക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും പ്രതികരിച്ചിരുന്നു. സംഘർഷങ്ങളുടെ കാലത്ത് ധിഷണയും ധീരതയും നിറഞ്ഞ, സ്നേഹത്തിന്റെയും അവകാശങ്ങളുടെയും ഭാഷയിലെ ഇത്തരമൊരു ശബ്ദമാണ് ലോകം കാത്തിരിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.