ഗസ്സസിറ്റി: ഈജിപ്തിലെ ഷർം എൽ ഷെയ്ഖിൽ ഇസ്രായേൽ -ഹമാസ് സമാധാന ഉടമ്പടിക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇങ്ങ് ഗസ്സയിൽ തകർന്ന് തരിപ്പണമായ വീടിന് മുന്നിൽ രക്തം വറ്റി വിളറിയ മുഖവുമായി ഒമർ അൽദലു നിന്നു. ഉപരോധങ്ങൾക്കും സംഘർഷങ്ങൾക്കുമപ്പുറം പ്രതീക്ഷ പൂത്തുലയുന്ന ഗസ്സയുടെ നല്ലകാലം സ്വപ്നം കണ്ട പ്രതിഭാധനരായ ചെറുപ്പക്കാരൻ.
ഗൾഫിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായിരുന്നു ഒമർ അൽദലു (31). ഗസ്സ സിറ്റിയിലെ അൽ നാസറിലുള്ള വീട്ടിൽ നിന്ന് വർക്ക് ഫ്രം ഹോം ആയാണ് ഒമർ ജോലി ചെയ്തിരുന്നത്. ഇസ്രായേൽ- ഹമാസ് സംഘർഷം മൂർഛിക്കുന്നതിനിടെ ഒമറിന്റെ വീടും ആക്രമിക്കപ്പെട്ടു. ചിന്നിച്ചിതറിയോടിയ സഹോദരങ്ങളിൽ എത്രപേർ ജീവനോടുണ്ടെന്ന് അറിയില്ല. മാതാപിതാക്കൾക്ക് മുറിവേറ്റു. ലാപ്ടോപ് നശിപ്പിക്കപ്പെട്ടു. ‘മുമ്പ് സോഫ്റ്റ്വെയർ നിർമാണമായിരുന്നു എന്റെ ജോലിയെങ്കിൽ ഇന്നത് മാറി, ഇപ്പോൾ ദിവസവും കഴിക്കാനെന്തെങ്കിലും സംഘടിപ്പിക്കാനുള്ള അലച്ചിലാണ്.’ ഒമറിനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 67,139 ഫലസ്തീൻ സ്വദേശികളെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച കണക്കുകൾ പ്രകാരം മരിച്ചവരിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണ്.
യുദ്ധത്തിന് മുമ്പ്, അൽ നാസറിലെ മൂന്നുനില വീട്ടിലാണ് ഒമർ താമസിച്ചിരുന്നത്. ‘വീടിനടുത്തുള്ള ഈ പ്രദേശങ്ങളെല്ലാം ആൾത്തിരക്കുള്ള മേഖലയായിരുന്നു. തെരുവിൽ കളിക്കുന്ന കുട്ടികളും ചിരിയുടെ ശബ്ദവും പ്രഭാതങ്ങളിൽ തയ്യാറാക്കുന്ന ബ്രഡിൻറെ മണവുമൊക്കെയായി.. താഴത്തെ നിലയിൽ ആറ് സഹോദരിമാർക്കും മാതാപിതാക്കൾക്കുമൊപ്പമാണ് ഞാൻ കഴിഞ്ഞിരുന്നത്. രണ്ടും മൂന്നും നിലകളിൽ ഓരോ സഹോദരൻമാരും അവരുടെ കുടുംബങ്ങളുമായിരുന്നു. ഞങ്ങൾ 14 പേരാണ് ഈ മേൽക്കൂരക്ക് താഴെ കഴിഞ്ഞിരുന്നത്. ലളിതമെങ്കിലും ഹൃദ്യവും മനോഹരവുമായിരുന്നു ജീവിതം. ആ വീട് ഒരിക്കലും ഇങ്ങനെ കോൺക്രീറ്റ് കൂനയാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല’ ഒമറിന്റെ കണ്ഠം ഇടറി.
ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന നിലയിൽ ഒമറിന്റെ ജീവിതം തളിർക്കുന്നേ ഉണ്ടായിരുന്നുള്ളൂ. ‘ഗൾഫ് മാർക്കറ്റിലെ ഒരു കമ്പനിക്ക് വേണ്ടി റിമോട്ട് ആയി വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. ഗസ്സയിലെ രൂക്ഷമായ തൊഴിലില്ലായ്മ കണക്കിലെടുക്കുമ്പോൾ ഞാൻ ഭയങ്കര ഭാഗ്യവാനായിരുന്നു.’
എല്ലാ പ്രഭാതങ്ങളിലും വൈദ്യുതിയും ഇന്റർനെറ്റും പങ്കിട്ടിരുന്ന സമീപത്തെ ഒരു സ്ഥാപനത്തിൽ പോയിരുന്നായിരുന്നു ജോലി ഒമർ ജോലി ചെയ്തിരുന്നത്. ‘വലിയ ജോലിയൊക്കെ നേടണമെന്നായിരുന്നു ആഗ്രഹം. വിദേശയാത്രയും സ്വന്തമായി ഒരു കമ്പനിയുമെല്ലാം സ്വപ്നം കണ്ടിരുന്നു. യുദ്ധം എല്ലാം മാറ്റിമറിച്ചു. 2023 ഒക്ടോബർ ഏഴുമുതൽ ഇവിടെ ഇന്റർനെറ്റും വൈദ്യുതിയുമില്ല. ജോലിയുമില്ല, ജോലി ചെയ്യാൻ ഉള്ള താത്പര്യം പോലും എൻറെ ഉള്ളിൽ അവശേഷിക്കുന്നില്ല.’
‘അൽ നാസർ, മനോഹരമായിരുന്നു. പരസ്പരം അത്രമേൽ സുപരിചിതരായിരുന്നു അയൽക്കാർ. അവരെയൊക്കെ നഷ്ടപ്പെട്ടുവെന്നത് ക്രൂരമായ ഒരു തിരിച്ചറിവാണ്. ഓരോ വട്ടവും താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ആട്ടിപ്പായിക്കപ്പെടുമ്പോഴും ഞങ്ങളുടെ ആത്മാവുകളിൽ ഓരോ പുതിയ മുറിവുകളുണ്ടാവുന്ന വേദനയായിരുന്നു.
കയ്യിൽ ഒതുങ്ങാവുന്നത് മാത്രമെടുത്തായിരുന്നു ഓരോ വട്ടവും താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ഇറങ്ങിയിരുന്നത്. കുറച്ച് പുതപ്പ്, തിരിച്ചറിയൽ രേഖകൾ, അവശേഷിക്കുന്നുണ്ടെങ്കിൽ അൽപം ഭക്ഷണം. ചില സമയത്ത് കുടുംബം കഴുതവണ്ടിയിലാണ് സഞ്ചരിച്ചിരുന്നതെങ്കിൽ ചിലപ്പോൾ ബോംബുകൾ തുടരെ പൊട്ടിത്തെറിക്കുന്ന പാതകളിലൂടെ ജീവൻ കയ്യിൽ പിടിച്ച് നടന്നു. നല്ല സ്ഥലമല്ല ഞങ്ങൾ തിരഞ്ഞിരുന്നത്. കുറഞ്ഞ ആക്രമണം നടക്കുന്ന അത്ര മോശമല്ലാത്ത ഒരു സ്ഥലം കണ്ടെത്താനായിരുന്നു ശ്രമം.’
ഒമറും കുടുംബവും യുദ്ധമാരംഭിച്ച ശേഷം 11തവണയാണ് മാറിത്താമസിച്ചത്. ഓരോ വട്ടവും കയ്യിൽ അവശേഷിച്ച പണം കുറഞ്ഞുവന്നു. സ്കൂളുകളിൽ സജ്ജീകരിച്ച അഭയാർഥി കേന്ദ്രങ്ങളുടെ തിരക്കിൽ, അവശേഷിക്കുന്ന സുഹൃത്തുക്കളുടെ വീടുകളിൽ, ചിലപ്പോൾ തെരുവിൽ ഒക്കെയായിരുന്നു താമസമെന്ന് ഒമർ ഓർത്തെടുത്തു.
‘ഒരു ബോംബ് സ്ഫോടനത്തിൽ എൻറെ അഛനും ബന്ധുവിനും പരിക്കേറ്റതോടെ അവരെ ചുമന്നുകൊണ്ടായി ഞങ്ങളുടെ യാത്ര. ജീവിക്കുക മാത്രമായിരുന്നു ആകെയുള്ള ലക്ഷ്യം.’
വീടിനടുത്ത് പതിച്ച മിസൈലിനൊപ്പം ചിതറിത്തെറിച്ചത് ഒമറിന്റെ ലോകമായിരുന്നു.
‘ആ വികാരം പറഞ്ഞറിയിക്കാനാവില്ല, വീടിന്റെ പല സ്ഥലങ്ങളിൽ നിന്നും നിലവിളികൾ കേൾക്കാമായിരുന്നു. ചുമരുകൾ തകർന്നു വീഴുന്നുണ്ടായിരുന്നു. തറയിൽ തലയിൽ നിന്ന് ചോരയൊലിപ്പിച്ച് ചലനമറ്റ് കിടന്ന അഛനെ കയ്യിലെടുക്കാനായിരുന്നു എന്റെ ശ്രമം. എനിക്ക് ആംബുലൻസോ മരുന്നോ സങ്കൽപ്പിക്കാൻ പോലുമായിരുന്നില്ല. ആ നിമിഷം വരെ അവരെ എല്ലാവരെയും രക്ഷപ്പെടുത്താനാണ് ഞാൻ ശ്രമിച്ചിരുന്നത്. പക്ഷേ, ഞാൻ എല്ലാവരെയും തോൽപ്പിച്ചോ എന്ന് എനിക് തോന്നിത്തുടങ്ങി. ആ നിമിഷം രക്തത്തിൽ കുളിച്ച് മരിച്ച് കിടന്ന പിതാവിൻറെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിലെന്ന് ആശിച്ചുപോയി,’ ഒമർ പറഞ്ഞു.
അവസാനം, ഒമർ തിരിച്ചെത്തുമ്പോൾ അൽ നാസറിൽ വീടുണ്ടായിരുന്നില്ല. എങ്ങും കോൺക്രീറ്റ് കൂനകൾ മാത്രം. ഒരുഫോട്ടോക്കോ, നോട്ബുക്കിനോ, ഓർമകൾ തിരിച്ചുപിടിക്കാൻ എന്തിനെങ്കിലുമോ വേണ്ടി തിരഞ്ഞെങ്കിലും ഒമറിന് ഒന്നും കണ്ടെത്താനായില്ല. ഇതിയൊരു മടങ്ങിപ്പോക്ക് അസാധ്യമാണെന്ന് ഒമർ പതിയെ തിരിച്ചറിയുകയായിരുന്നു. ‘വീട് അപ്രത്യക്ഷമായി, അടുക്കളയിലെ അമ്മയുടെ മണം, മൂന്നാം നിലയിൽ നിന്ന് ജ്യേഷ്ഠന്റെ ഉച്ചത്തിലുള്ള ചിരി.. എല്ലാം അപ്രത്യക്ഷമായി,’ ഒമർ പറഞ്ഞു.
ഒരുഘട്ടത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് സഞ്ചരിക്കാൻ കുടുംബം തീരുമാനിച്ചിരുന്നു. ഒറ്റ ആക്രണമത്തിൽ എല്ലാവരും ഒന്നിച്ച് മരിക്കുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ തീരുമാനം അതായിരുന്നു. എൻറെ അമ്മ വിങ്ങിക്കരഞ്ഞു. അഛൻ നിശബ്ദനായി വിറങ്ങലിച്ചുനിന്നു,’
‘കുടുംബത്തിൽ പകുതിയാളുകൾ തെക്കോട്ടുപോയി, ഞാനും മാതാപിതാക്കളും ചില സഹോദരങ്ങളും വടക്ക് ദിശയിലും. ആ വിടപറയൽ എന്റെ ഹൃദയത്തെ കൊളുത്തിവലിച്ചു. ഞാൻ സഹോദരനെ ഇറുക്കെ കെട്ടിപ്പിടിച്ചു, ഒരിക്കലും ഇനി കണ്ടുമുട്ടിയേക്കില്ലെന്ന് ഭയന്നു. അവർക്കൊപ്പം എൻറെ ഹൃദയം കൊരുത്തുവെച്ചു,’
‘പടിഞ്ഞാറൻ ഗസ്സയിലെ ജീവിതം ഇഞ്ചിഞ്ചായുള്ള മരണമാണെന്ന് ഒമർ പറഞ്ഞു.
ഞങ്ങൾ വിശന്നലഞ്ഞു. മലിനജലമെങ്കിലും കുടിക്കാൻ കിട്ടിയിരുന്നുവെങ്കിൽ എന്നാശിച്ചു. ആശയവിനിമയമറ്റതോടെ സ്വയം സഞ്ചരിക്കുന്ന മൃതശരീരമായി തോന്നി. മരുന്ന് എന്ന് പറയുന്ന ഒന്നുണ്ടായിരുന്നില്ല. അമ്മക്ക് രക്താതിമർദ്ദവും അണുബാധയുമുണ്ടായിരുന്നു. ഒരു ഗുളിക പോലുമില്ലാതെ വലഞ്ഞു. വിശപ്പുമാറ്റാൻ പൂത്ത റൊട്ടിയടക്കം കഴിച്ചു. ഉപ്പുവെള്ളം തിളപ്പിച്ച് കുടിച്ചു. ജീവിച്ചിരിക്കുക എന്നതായിരുന്നു അൽഭുതം. തകർന്നുവീണ കെട്ടിടങ്ങളിൽ നിന്ന് തടിക്കഷണങ്ങൾ ശേഖരിച്ച് ഞങ്ങൾ കത്തിച്ചു. മേൽക്കൂരയില്ലാതെ, ചുമരില്ലാതെ കോൺക്രീറ്റ് കൂനകൾക്കിടയിൽ കിടന്നുറങ്ങി,’
ഇതിനിടെ ഒരുവർഷത്തിന് ശേഷം കുടുംബാംഗങ്ങൾ വീണ്ടും ഒന്നിച്ചുകണ്ടു. ജ്യേഷ്ഠനെ നേരിട്ട് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുകയായിരുന്നു ഞാൻ. അമ്മയും അന്നുവരെ കരഞ്ഞുകണ്ടിട്ടില്ലാത്ത അഛനും ഒരുപോലെ വിങ്ങിപ്പൊട്ടി. ജീവിതം തിരിച്ചുകിട്ടിയ പ്രതീതിയായിരുന്നു. വീടിൻറെ അവശിഷ്ടങ്ങൾക്കിടയിൽ ചങ്കിൽ വ്യത്യസ്തമായ മുറിവുകളുമായി ഞങ്ങൾ നിന്നു.’-ഒമർ ഓർത്തെടുത്തു.
തന്റെ കുടുംബത്തിൽ നിന്നും, ബാല്യകാല സുഹൃത്തുക്കളിൽ നിന്നും, അയൽക്കാരിൽ നിന്നുമായി അമ്പതിലധികം പേരെ നഷ്ടപ്പെട്ടതായി ഒമർ പറഞ്ഞു. ‘അൽ ജസീറയിൽ പ്രവർത്തിച്ചിരുന്ന അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായ റാമി അൽ-റിഫിയെയും നഷ്ടമായി. മുഹമ്മദ് എന്ന സഹോദരൻ ഭാര്യക്കും കുട്ടികൾക്കുമൊപ്പം വീട്ടിൽ കൊല്ലപ്പെട്ടു. ഈ യുദ്ധം കൊല്ലുക മാത്രമല്ല - മരണമടയുന്നവരുടെ നിലനിൽപ്പിൻറെ എല്ലാ അടയാളങ്ങളും മായ്ക്കുന്നു,’
ഗസ്സയിലെ യുവാക്കൾ തകർന്നവരല്ല, ഉപേക്ഷിക്കപ്പെട്ടവരാണെന്ന് ഒമർ തറപ്പിച്ചു പറയുന്നു. ‘ഞങ്ങൾ ഇപ്പോൾ തകർന്ന ശരീരങ്ങളിലാണ് ജീവിക്കുന്നത്, പക്ഷേ മനസ്സുകൾ ശക്തമാണ്. ക്ഷമയും സ്ഥിരോത്സാഹവും ഞങ്ങളെ വ്യത്യസ്ഥരാക്കുന്നു. ജീവിതം തിരിച്ചുപിടിക്കാൻ അവസരവും പിന്തുണയുമാണ് ആവശ്യം. സ്വപ്നങ്ങൾ ഉണങ്ങിക്കരിഞ്ഞിട്ടില്ല, അവസാനത്തെ പച്ചപ്പ് തളിർക്കാൻ ഒരുകൈ സഹായമാണ് ആവശ്യമെന്നും ഒമർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.