ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളിൽ എട്ടു പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇംറാൻ ഖാന്‍റെ പാർട്ടിയായ പി.ടി.ഐയുടെ നിരവധി നേതാക്കൾ അറസ്റ്റിലാണ്. ഇംറാൻ ഖാനെ എട്ട് ദിവസം എൻ.എ.ബിയുടെ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, പി.ടി.ഐയുടെ വൈസ് പ്രസിഡന്‍റും ഇംറാൻ ഖാന്‍റെ അടുത്ത അനുയായിയുമായ ഫവാദ് ചൗധരിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. മേയ് 12വരെ അറസ്റ്റിൽ നിന്ന് സംരക്ഷണമുണ്ടായിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പി.ടി.ഐ ആരോപിച്ചു. പാകിസ്താനിൽ കാട്ടുനീതിയാണ് നടപ്പാക്കുന്നതെന്നും പാർട്ടി പറഞ്ഞു.
അൽ-ഖാദിർ ട്രസ്റ്റ് കേസിലാണ് ഇംറാൻ ഖാൻ ചൊവ്വാഴ്ച അറസ്റ്റിലായത്. പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമം രണ്ടുദിവസമായി തുടരുകയാണ്. പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫിന്‍റെ ലഹോറിലെ വസതിയിൽ പി.ടി.ഐ പ്രവർത്തകർ അതിക്രമിച്ച് കടന്നു. വീടിന് നേരെ പെട്രോൾ ബോംബെറിയുകയും ചെയ്തു. പെഷവാറിൽ റേഡിയോ പാകിസ്താൻ കെട്ടിടം പ്രതിഷേധക്കാർ തീവെച്ചു. അക്രമം അമര്‍ച്ചചെയ്യാന്‍ ഇസ്ലമാബാദിന് പുറമെ പഞ്ചാബ്, ഖൈബര്‍ പഖ്തൂന്‍ഖ്വ, ബലൂചിസ്താന്‍ പ്രവിശ്യകളിലും സൈന്യമിറങ്ങി. കലാപം നടത്തുന്നവര്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് മുന്നറിയിപ്പ് നല്‍കി.
ഇംറാൻ ഖാന്‍റെ സ്വപ്ന പദ്ധതിയായ അൽ ഖാദിർ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസാണ് അൽ ഖാദിർ ട്രസ്റ്റ് കേസ്. ഇംറാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും അവരുടെ അടുത്ത അനുയായികളായ സുൽഫിക്കർ ബുഖാരിയും ബാബർ അവാനും ചേർന്നാണ് സർവകലാശാല സ്ഥാപിക്കാനായി അൽ ഖാദിർ പ്രോജക്ട് ട്രസ്റ്റ് രൂപീകരിച്ചത്. ഇംറാന്‍ ഖാനും ബുഷ്‌റ ബീബിയും പി.ടി.ഐ നേതാക്കളും ചേര്‍ന്ന് കോടിക്കണക്കിന് രൂപയും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ബഹ്‌രിയ ടൗണിൽ നിന്ന് ഭൂമിയും കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നിലവിലെ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.