റഷ്യക്ക് അടിപതറുന്നു; യുക്രെയ്നിൽ ഇതുവരെ ഏഴ് റഷ്യൻ സൈനിക ജനറൽമാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ലണ്ടൻ: യുക്രെയ്നിൽ റഷ്യയുടെ ഒരു സൈനിക ജനറൽ കൂടി കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയതു മുതൽ ഏഴു റഷ്യൻ സൈനിക ജനറൽമാർ കൊല്ലപ്പെട്ടെന്നും ഒരു ജനറലിനെ സേനയിൽനിന്ന് പുറത്താക്കിയതായും പാശ്ചാത്യ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.

റഷ്യയുടെ ദക്ഷിണ സൈനിക ഡിസ്ട്രിക്ടിലെ 49ാമത് സംയോജിത ആയുധസേനയുടെ കമാൻഡറായിരുന്ന ലെഫ്റ്റനന്റ് ജനറൽ യാക്കോവ് റെസാൻസ്റ്റേവാണ് ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ടത്. ഒരുമാസം പിന്നിട്ട അധിനിവേശത്തിന്‍റെ കനത്ത നഷ്ടവും തന്ത്രപരമായ പരാജയങ്ങളും കാരണം റഷ്യൻ ആർമി കമാൻഡർ ജനറൽ വ്ലൈസ്ലാവ് യെർഷോവിനെ ക്രെംലിൻ പുറത്താക്കിയതായും റിപ്പോർട്ടുണ്ട്. റഷ്യയുടെ ആറാമത്തെ സംയോജിത ആയുധസേനയുടെ കമാൻഡറായിരുന്നു ഇദ്ദേഹം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രെയ്നിൽ വിന്യസിച്ചിട്ടുള്ള സ്പെഷൽ ചെച്ൻ ഫോഴ്സിന്റെ ജനറൽ മഗോമെദ് തുഷേവും കൊല്ലപ്പെട്ട ഏഴു പേരിൽ ഉൾപ്പെടുന്നു.

യുദ്ധത്തിൽ ഇതുവരെ 1300ലധികം സൈനികർ കൊല്ലപ്പെട്ടതായാണ് റഷ്യ പുറത്തുവിട്ട കണക്കുകൾ. എന്നാൽ, ഇതിന്റെ നാലോ അഞ്ചോ ഇരട്ടി ആളുകൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ പറയുന്നത്. യുക്രെയ്നിൽ റഷ്യ വിന്യസിച്ചിട്ടുള്ള 115ലധികം ബറ്റാലിയൻ സേനയിൽനിന്ന് 20 ശതമാനം പേരെങ്കിലും കൊല്ലപ്പെട്ടത് കാരണം യുദ്ധം ഇനി ഫലപ്രദമല്ലെന്നാണ് യുക്രെയ്നിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. സേനക്ക് നേരിട്ട നഷ്ടം കാരണം റഷ്യയുടെ 37ാമത് മോട്ടോർ റൈഫിൾ ബ്രിഗേഡ് കമാൻഡറെ സ്വന്തം സൈന്യം കൊലപ്പെടുത്തിയെന്നും പാശ്ചാത്യ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

കമാൻഡറെ അദ്ദേഹത്തിന്‍റെ സ്വന്തം സൈന്യംതന്നെയാണ് കൊലപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നതായും റഷ്യൻ സേന യുക്രെയ്നിൽ ദയനീയമായി ബുദ്ധിമുട്ടുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കിയവിൽ കർഫ്യൂ നീട്ടി

കിയവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച വരെ നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചതായി കിയവ് മേയർ വൈതാലി ക്ലിറ്റ്സ്ച്കോ ആണ് അറിയിച്ചത്. തദ്ദേശവാസികൾക്ക് വീടൊഴിയുന്നതിനാണ് കർഫ്യൂ. കർഫ്യൂ ആയതിനാൽ കിയവിലെ കടകളും ഫാർമസികളും പെട്രോൾ സ്റ്റേഷനുകളും പൊതുഗതാഗതങ്ങളും പ്രവർത്തിക്കില്ല. പടിഞ്ഞാറൻ നഗരമായ ലിവിവിൽ നിന്ന് മൂന്നു തവണ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

ദോഹ ഫോറത്തിൽ സെലൻസ്കി

റഷ്യയുടെ ഭീഷണി തടയാൻ എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ഇതിന് ഖത്തർ തുടക്കംകുറിക്കണമെന്നും അങ്ങനെ വന്നാൽ യൂറോപ്പിന് എണ്ണക്കായി റഷ്യയെ ആശ്രയിക്കേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ ആക്രമണം അവസാനിപ്പിക്കുന്നതിന് സമ്മർദം തുടരണമെന്നാവശ്യപ്പെട്ട് ദോഹ ഉച്ചകോടിയിൽ അപ്രതീക്ഷിതമായി മുഖംകാണിച്ചായിരുന്നു സെലൻസ്കിയുടെ അഭ്യർഥന.

ദോഹ ഫോറത്തിൽ ഓൺലൈൻ വഴിയായിരുന്നു സെലൻസ്കി പ്രത്യക്ഷപ്പെട്ടത്. ഐക്യരാഷ്ട്രസഭയും മറ്റു സമ്പന്നരാജ്യങ്ങളും യുക്രെയ്ന് സഹായം നൽകുന്നത് വർധിപ്പിക്കണമെന്നും സെലൻസ്കി അഭ്യർഥിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതോടെ യൂറോപ്പിലേക്കുള്ള റഷ്യയുടെ എണ്ണകയറ്റുമതി തടസ്സപ്പെട്ടിരുന്നു.

ബൈഡൻ പോളണ്ടിൽ

പോളിഷ് പ്രസിഡന്റ് ആന്ധ്രെജ് ദുദക്കൊപ്പം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ

യുദ്ധം ചർച്ച ചെയ്യാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പോളണ്ടിലെത്തി. ഇവിടെ വെച്ച്‍ യുക്രെയ്ൻ വിദേശകാര്യ-പ്രതിരോധ മന്ത്രിമാരുമായും ബൈഡൻ ചർച്ച നടത്തി. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്തരത്തിൽ മുഖാമുഖം ചർച്ച നടക്കുന്നത്. പുടിനെ കശാപ്പുകാരൻ എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്.

Tags:    
News Summary - 7 Russian Generals Killed In Ukraine War So Far, Say Western Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.