ധാക്ക: ബംഗ്ലാദേശിൽ അവാമി പാർട്ടി നേതാവും മുൻമന്ത്രിയുമായ മുസമ്മിൽ ഹഖിന്റെ വീട് കൈയേറിയ വിദ്യാർഥി പ്രക്ഷോഭകരെ തല്ലിച്ചതച്ച കേസിൽ 40 പേർ അറസ്റ്റിൽ.
വെള്ളിയാഴ്ച രാത്രി 9.30ന് ഗാസിപൂർ നഗരത്തിലെ ദക്ഷിൺഖാൻ മേഖലയിലുള്ള വീട് നശിപ്പിക്കുന്നതിനിടെ 14 വിദ്യാർഥി പ്രക്ഷോഭകർക്ക് പരിക്കേറ്റിരുന്നു. മന്ത്രിയുടെ വീട് കൊള്ളക്കാർ കൈയേറിയതായി പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അറിയിച്ചതിനെ തുടർന്ന് എത്തിയ ആൾക്കൂട്ടമാണ് വിദ്യാർഥി പ്രക്ഷോഭകരെ ആക്രമിച്ചത്. ഇതിൽ പ്രതിഷേധിച്ച് വിവേചനത്തിന് എതിരെ വിദ്യാർഥി പ്രക്ഷോഭം, ദേശീയ പൗരന്മാരുടെ സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഗാസിപൂരിൽ റാലി നടത്തിയിരുന്നു.
തുടർന്ന് ഓപറേഷൻ ഡെവിൾ ഹണ്ട് എന്ന പേരിൽ നടത്തിയ തിരച്ചിലിലാണ് 40 പേർ പിടിയിലായതെന്ന് ഗാസിപൂർ പൊലീസ് സൂപ്രണ്ട് ചൗധരി ജാബിർ സാദിഖ് പറഞ്ഞു. മുഖ്യഉപദേശകൻ പ്രഫ. മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലെ സർക്കാറാണ് വിദ്യാർഥി പ്രക്ഷോഭകരെ ആക്രമിച്ചവരെ പിടികൂടാൻ ഉത്തരവിട്ടത്.
രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നവരെ ലക്ഷ്യമിട്ടാണ് ഓപറേഷൻ ഡെവിൾ ഹണ്ട് തുടങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് ഉപദേശകൻ മുഹമ്മദ് ജഹാംഗീർ ആലം ചൗധരി പറഞ്ഞു. കരസേന, വ്യോമസേന, നാവികസേന, പൊലീസ്, ബോർഡർ ഗാർഡ്, കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായാണ് ഓപറേഷൻ ഡെവിൾ ഹണ്ട് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.