പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി വീണ്ടും ആക്രമണങ്ങൾ; മേഖലയിൽ അനിശ്ചിതത്വം

കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ സമാധാന കരാർ നിലവിൽ വന്നതോടെ യുദ്ധഭീതി ഒഴിഞ്ഞ മേഖലയിൽ ആശങ്ക പടർത്തി വീണ്ടും ആക്രമണങ്ങൾ. ഹുർമുസ് കടലിടുക്കിൽ ഒരു ടാങ്കറിനു നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഇതിനു പിറകെ ഇറാനിൽ യു.എസ് ആക്രമണം കനപ്പിച്ചതോടെ മേഖല വീണ്ടും അനിശ്ചിതത്വത്തിലായി. ശനിയാഴ്ച ബഹ്റൈനുനേരെ ആക്രമണം നടത്തിയ ഇറാൻ, ഞായറാഴ്ച പുലർച്ചെ കുവൈത്തിലും ബഹ്റൈനിലും ആക്രമണം ആവർത്തിച്ചു.

രാജ്യത്ത് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിജയകരമായി തടഞ്ഞതായി കുവൈത്ത് വ്യക്തമാക്കി. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇല്ല. ബഹ്റൈനിൽ മുഹറഖ് ഗവർണറേറ്റിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന്റെ മുകൾഭാഗവും അപ്പാർട്ട്മെന്റുകളുടെ ഉൾവശവും തകർന്നു. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.

ഇടവേളക്കു ശേഷം വീണ്ടും ആക്രമണം ഉണ്ടായതോടെ സംഘർഷം കനക്കുമോ എന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയെന്നാരോപിച്ച് അമേരിക്ക നടത്തിയ സൈനിക നീക്കങ്ങളാണ് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കിയത്. ശനി, ഞായർ ദിവസങ്ങളിലായി ഇറാനിൽ അമേരിക്ക ശക്തമായ ആക്രമണം നടത്തി.

തങ്ങളുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ്സും (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. അക്രമം തുടർന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസും ഇറാനും വ്യക്തമാക്കിയതോടെ മേഖലയിൽ വീണ്ടും അനിശ്ചിതത്വം നിറയുകയാണ്. ഫെബ്രുവരി 28 നു യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തിനു നേരെ തുടർച്ചയായി ഇറാൻ ആക്രമങ്ങൾ നടത്തിയിരുന്നു. ഏറ്റവും അവസാനം ജൂൺ മൂന്നിന് കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ വലിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്നു ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായെങ്കിലും അടുത്തിടെ ഇറാൻ-യു.എസ് സമാധാന കരാർ നിലവിൽ വന്നതോടെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. ദീർഘകാലം നിർത്തിവെച്ച വിമാനസർവീസുകൾ പുനരാരംഭിച്ചു കുവൈത്ത് സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പുതിയ ആക്രമണം.

Tags:    
News Summary - Attacks again spread concern; uncertainty again in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.