ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ മേഖലയിലെ ഖൈബർ പഖ്തൂൻഖ പ്രവിശ്യയിലെ തിറാ താഴ്വരയിൽ ബോംബാക്രമണം നടത്തി പാക് വ്യോമസേന. തിങ്കളാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കൂടുതലും തദ്ദേശവാസികളാണ്. ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ കൂടാനാണ് സാധ്യത. കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളും സ്‍ത്രീകളുമാണ്.
തെഹ്‍രീകെ താലിബാൻ പാകിസ്താന്റെ(ടി.ടി.പി)ഒളികേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു മേഖലയിൽ പാക് വ്യോമസേനയുടെ ആക്രമണം. എട്ട് തവണ ബോംബാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ജെഎഫ്-17 യുദ്ധവിമാനങ്ങളിൽ നിന്ന് ഉപയോഗിക്കുന്ന എൽഎസ്-6 ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ആക്രമണത്തിൽ 14 ഭീകരർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. പാക് താലിബാന്റെ പ്രാദേശിക കമാൻഡർമാരാണ് കൊല്ലപ്പെട്ടത്. ഈ ഒളികേന്ദ്രങ്ങളിൽ വെച്ചാണ് ഭീകരർ റോഡരികിൽ സ്ഥാപിക്കുന്ന ബോംബുകൾ നിർമിച്ചിരുന്നത് എന്നാണ് പാക് അധികൃതർ പറയുന്നത്.
സിവിലിയൻമാരെ മനുഷ്യകവചമായും ഇവർ ഉപയോഗിച്ചിരുന്നു. പള്ളികളിലും മറ്റ് ജില്ലകളിലുമാണ് ഇവർ ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്.
പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയാണ് ഖൈബർ പഖ്തൂൻഖ. ഈ വർഷം ജനുവരിക്കും ആഗസ്റ്റിനും ഇടയിൽ ഇവിടെ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 200ലേറെ പേർ കൊല്ലപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.