ജന്മാവകാശ പൗരത്വം റദ്ദാക്കൽ: ട്രംപിന്‍റെ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യാൻ 22 സംസ്ഥാനങ്ങൾ
വാഷിങ്ടൺ ഡി.സി: യു.എസിൽ ജനിക്കുന്നവർക്കെല്ലാം പൗരത്വം അവകാശമാക്കുന്ന ജന്മാവകാശ പൗരത്വം റദ്ദാക്കിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യാൻ 22 യു.എസ് സംസ്ഥാനങ്ങൾ. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ നിരവധി എക്‌സിക്യുട്ടീവ് ഉത്തരവുകളിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ജന്മാവകാശ പൗരത്വ സംവിധാനവും ട്രംപ് റദ്ദാക്കിയത്. ട്രംപിന്റെ തീരുമാനം യു.എസ് ഭരണഘടന ലംഘനമെന്ന് ആരോപണമുയർന്നിരുന്നു.
ഡെമോക്രാറ്റിക് ചായ്‌വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്‍റെ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യുന്നത്. 22 സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേർന്ന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പ്രസിഡന്‍റിന് വിശാലമായ അധികാരങ്ങളുണ്ടെങ്കിലും അദ്ദേഹം രാജാവല്ലെന്നാണ് തീരുമാനത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്‍റിന് ഒരു പേന കൊണ്ട് നിഷ്പ്രയാസം എഴുതിവെക്കാവുന്ന ഒന്നല്ല 14ാം ഭരണഘടനാ ഭേദഗതിയെന്ന് ന്യൂജഴ്സി അറ്റോണി ജനറൽ മാറ്റ് പ്ലാറ്റ്കിൻ പറഞ്ഞു.
അതേസമയം, സംസ്ഥാനങ്ങളുടെ നീക്കത്തെ കോടതിയിൽ നേരിടാൻ തയാറാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡന്‍റിന്‍റെ തീരുമാനങ്ങളിൽ ഇടതുപക്ഷത്തിനുള്ള എതിർപ്പ് മാത്രമാണിതെന്നും അതിൽ കൂടുതലൊന്നുമില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചു.
യു.എസിൽ ജനിച്ച ഏതൊരാളും ജനനസമയത്ത് പൗരനായി കണക്കാക്കപ്പെടുന്നു എന്ന നിയമം 1868-ൽ യു.എസ് ഭരണഘടനയിലെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയിലാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ നിയമവിരുദ്ധമായി യു.എസിൽ കഴിയുന്നവർക്ക് ഇവിടെ ജനിച്ച കുട്ടികൾക്ക് പൗരത്വ വ്യവസ്ഥ ബാധകമാണോ എന്നതിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ടില്ല.
ജന്മാവകാശ പൗരത്വം റദ്ദാക്കിയ ട്രംപിന്‍റെ ഉത്തരവ് 30 ഒപ്പുവെച്ചതിന് ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽവരും. അഥവാ, ഫെബ്രുവരി അവസാന വാരത്തോടെ, കുടിയേറ്റക്കാരായ ദമ്പതികൾക്കുണ്ടാകുന്ന (ദമ്പതികളിൽ ഒരാൾ കുടിയേറ്റക്കാരായാലും മതി) കുഞ്ഞുങ്ങൾക്ക് യു.എസ് പൗരത്വം ജന്മത്തിന്റെ പേരിൽ ലഭിക്കില്ല. മെക്സികോ, ഇന്ത്യ എന്നീ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ഇത് വലിയ തോതിൽ ബാധിക്കും.
ട്രംപിന്‍റെ മറ്റ് പ്രധാന തീരുമാനങ്ങൾ
ലോകാരോഗ്യ സംഘടന പുറത്ത്
യു.എന്നിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും. ‘സംഘടന അമേരിക്കയെ വല്ലാതെ ചൂഷണം’ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ, ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കയുടെ സർവ സാമ്പത്തിക സഹായങ്ങളും നിലക്കും.
ഇ-വാഹനങ്ങളോട് അപ്രിയം
2030ഓടെ അമേരിക്കയിൽ വിറ്റഴിക്കുന്ന വാഹനങ്ങളിൽ പകുതിയും ഇലക്ട്രിക് വാഹനങ്ങളാക്കണമെന്നായിരുന്നു ജോ ബൈഡന്റെ നയം. ഇതുസംബന്ധിച്ച് അദ്ദേഹം എക്സിക്യൂട്ടിവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. അത് മരവിപ്പിച്ചു. ‘പരമ്പരാഗത വാഹന വ്യവസായത്തെ തകർക്കില്ല’ എന്നാണ് ഇതിന് ട്രംപ് പറയുന്ന ന്യായം. വലിയ പാരിസ്ഥിതികാഘാതങ്ങൾക്ക് വഴിവെക്കും.
സ്ത്രീയും പുരുഷനും മാത്രം
നിലവിലെ ‘ജെൻഡർ ഐഡിയോളജി ഗൈഡൻസ്’ മരവിപ്പിച്ചു. ബൈഡന്റെ എക്സിക്യൂട്ടിവ് ഓർഡർ പ്രകാരം, ഏതൊരു വ്യക്തിക്കും സ്ത്രീ-പുരുഷ സ്വത്വത്തിന് പുറമെ മറ്റു ലിംഗസ്വത്വങ്ങൾ സ്വീകരിക്കാനും അത് പ്രഖ്യാപിക്കാനും അവകാശമുണ്ട്. എന്നാൽ, പുതിയ ഉത്തരവിലൂടെ ലൈംഗിക സ്വത്വം സ്ത്രീ, പുരുഷൻ എന്നിവ മാത്രമായിരിക്കും. ഇതിനുപുറമെ, സ്വവർഗ രതിക്കാർ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ ഉണ്ടാകുന്ന വിവേചനങ്ങൾ, ആക്രമണങ്ങൾ എന്നിവക്കെതിരായ നിയമ നടപടികളും ഇനിയുണ്ടാവില്ല. ഫലത്തിൽ ഇതര ലിംഗ സ്വത്വക്കാർക്കെതിരായ ആക്രമണത്തിനും മറ്റും സാധ്യതയുണ്ട്.
അതിർത്തിയിൽ അടിയന്തരാവസ്ഥ
ഇത് എക്സിക്യൂട്ടിവ് ഓർഡർ അല്ല; മറിച്ച് വൈറ്റ് ഹൗസിന്റെ പ്രത്യേക ഉത്തരവാണ്. രാജ്യത്തിന്റെ തെക്കൻ അതിർത്തികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കോയിൽനിന്നുള്ള കുടിയേറ്റം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ട്രംപിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന്.
അനുയായി ആക്രമണകാരികളോട് ദയ
ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ മുന്നോടിയായി 2021 ഫെബ്രുവരി ആറിന് കാപിറ്റോൾ ലക്ഷ്യമാക്കി ട്രംപ് അനുയായികൾ നടത്തിയ ആക്രമണ സംഭവങ്ങളിലെ നിയമ നടപടികൾ മരവിപ്പിച്ചു. പ്രതികൾക്ക് മാപ്പ് നൽകി. പ്രതികളായ 1500ലധികം പേർ ഇതോടെ രക്ഷപ്പെട്ടു.
പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറി
ആഗോള താപനം ചെറുക്കുന്നതിനായി 2015ൽ പാരിസിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ ഒപ്പുവെച്ച ഉടമ്പടിയിൽനിന്ന് (പാരിസ് ഉടമ്പടി) ട്രംപ് പിന്മാറി. കാർബൺ ബഹിർഗമനം കുറക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയോട് നേരത്തെതന്നെ ട്രംപ് വിയോജിച്ചിരുന്നു. 2017ൽ, അദ്ദേഹം ഉടമ്പടിയിൽനിന്ന് പിന്മാറി. പിന്നീട് ബൈഡൻ വന്നപ്പോൾ തീരുമാനം പിൻവലിച്ചു. ഇപ്പോൾ വീണ്ടും കരാറിൽനിന്ന് പിന്മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്നത് അമേരിക്കയും ചൈനയുമാണ്. ഇത് നിയന്ത്രിക്കുന്നതിനൊപ്പം, ബഹിർഗമനത്തിന് നഷ്ട പരിഹാരവും നൽകണം. ഇത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ പിന്മാറ്റം. കാലാവസ്ഥാ പ്രതിസന്ധിയെയും ആഗോള താപനത്തെയും ചെറുക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് പാരിസ് ഉടമ്പടി. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്ന രാജ്യത്തിന്റെ പിന്മാറ്റം വലിയ പ്രതിസന്ധികൾക്കിടയാക്കും. ട്രംപിന്റെ അഭിപ്രായത്തിൽ, കാലാവസ്ഥാ മാറ്റം എന്നത് കേവലം ഗൂഢാലോചന സിദ്ധാന്തമാണ്.
വെസ്റ്റ് ബാങ്കിൽ കുടിയേറ്റക്കാരോട് ‘മമത’
വെസ്റ്റ് ബാങ്കിൽ അനധികൃതമായി കുടിയേറ്റം നടത്തുന്ന ഇസ്രായേലികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന നിയമം ബൈഡൻ പുറപ്പെടുവിച്ചിരുന്നു. ഇതും ട്രംപ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.