ഗസ്സക്കുള്ള സഹായവസ്തുക്കൾ ഇറക്കിയ ശേഷം റഫ അതിർത്തി വഴി ഈജിപ്തിൽ തിരിച്ചെത്തിയ ട്രക്കുകൾക്ക് ജനം സ്വീകരണം നൽകുന്നു
റഫ: ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ബോംബാക്രമണങ്ങൾക്കുമുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന ഗസ്സയിലെ ലക്ഷങ്ങൾക്ക് ഒരിറ്റ് ആശ്വാസവുമായി 20 ട്രക്കുകൾ ശനിയാഴ്ച റഫ അതിർത്തി കടന്നു. ഒരാഴ്ചയോളം നീണ്ട ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കുമൊടുവിൽ ഈജിപ്ത് അതിർത്തി തുറന്നതോടെയാണ് ട്രക്കുകൾക്ക് ഗസ്സ പ്രവേശനത്തിന് വഴിയൊരുങ്ങിയത്. ഇന്ധന ടാങ്കറുകൾക്ക് അനുമതിനൽകില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിനാൽ ഗസ്സയിൽ വൈദ്യുതിക്ഷാമം തുടരും.
മൊബൈൽ ഫോൺ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തുന്ന ആശുപത്രികൾക്ക് ഇത് കൂടുതൽ വെല്ലുവിളി സൃഷ്ടിക്കും. വെള്ളിയാഴ്ച രാത്രിയും തുടർന്ന വ്യോമാക്രമണത്തിൽ 24 മണിക്കൂറിനിടെ ഗസ്സയിൽ 345 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൊത്തം മരണം 4385 ആയി. 1756 പേർ കുട്ടികളും 967 പേർ സ്ത്രീകളുമാണ്. 13,561 പേർക്ക് പരിക്കേറ്റു.
ഹമാസ് ബന്ദികളാക്കിയ 200ഓളം പേരെ വിട്ടയക്കുന്നതുവരെ ട്രക്കുകൾ അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഇസ്രായേൽ നിലപാട്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അടക്കമുള്ളവർ അതിർത്തിയിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് റഫ വഴി ഭാഗികമായെങ്കിലും ചരക്കുനീക്കം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി രണ്ട് അമേരിക്കൻ ബന്ദികളെ ഹമാസ് മോചിപ്പിച്ചതും നടപടികൾ വേഗത്തിലാക്കി.
200ഓളം ട്രക്കുകളിലായി 3000 ടൺ സഹായവസ്തുക്കൾ ദിവസങ്ങളായി അതിർത്തിയിൽ കാത്തുനിൽക്കെ 20 എണ്ണത്തിന് മാത്രം അനുമതി നൽകിയതുകൊണ്ട് പ്രയോജനമില്ലെന്നും തീരെ അപര്യാപ്തമാണെന്നും യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം മേധാവി സിൻഡി മക്കെയിൻ പറഞ്ഞു. ‘‘യുദ്ധത്തിനുമുമ്പ് പ്രതിദിനം 400ഓളം ട്രക്കുകൾ അതിർത്തി കടന്നിരുന്നു. കൂടുതൽ സഹായമെത്തിച്ചില്ലെങ്കിൽ വൻ ദുരന്തമാണ് കാത്തിരിക്കുന്നത്’’ - അവർ കൂട്ടിച്ചേർത്തു. മുഴുവൻസമയവും സഹായമെത്തിക്കാൻ സുരക്ഷിത പാതയൊരുക്കണമെന്ന് ഹമാസും ആവശ്യപ്പെട്ടു. എന്നാൽ, തെക്കൻ ഗസ്സയിലേക്ക് മാത്രമേ സഹായം നൽകൂവെന്നും ഇന്ധനം അനുവദിക്കില്ലെന്നും ഇസ്രായേലി സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു.
ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് അമേരിക്കൻ ബന്ദികളായ ജൂഡിത് റാനൻ, 17കാരി മകൾ നതാലി എന്നിവരെ മാനുഷിക പരിഗണനകൾവെച്ച് മോചിപ്പിച്ചതെന്ന് ഹമാസ് അറിയിച്ചു. ഇസ്രായേലി അധികൃതർ ഏറ്റെടുത്ത ഇവർ അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നാണറിയുന്നത്. ഷികാഗോ നിവാസികളായ ഇവർ സുക്കോത് ആഘോഷത്തിനായി ഇസ്രായേലിലെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.