ഗസ്സ: ഗസ്സയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പുനർനിർമാണം നിരീക്ഷിക്കുന്നതിനുമായി 15 അംഗ സംഘത്തെ നിയോഗിച്ചു. പുനർനിർമാണത്തിന് 7000 കോടി ഡോളർ വേണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഗസ്സയെ സഹായിക്കാൻ യു.എസും അറബ്, യൂറോപ്യൻ രാജ്യങ്ങളും കൈകോർക്കുമെന്ന് യു.എൻ അറിയിച്ചു. ഗസ്സയിലെ 80 ശതമാനത്തിലധികം കെട്ടിടങ്ങളും ഇസ്രായേൽ ആക്രമണത്തിൽ പൂർണമായി തകർന്നിരുന്നു.
അതേസമയം, ഗസ്സയിൽ യുദ്ധവിരാമ പ്രഖ്യാപനത്തിന് 24 മണിക്കൂർ കഴിയുംമുമ്പേ ഇസ്രായേൽ സൈന്യം വെടിനിർത്തൽ ലംഘിച്ചു. ചൊവ്വാഴ്ച ഗസ്സയിലെ രണ്ടിടങ്ങളിലുണ്ടായ സൈനികാക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഗസ്സ സിറ്റിയിലെ ശുജാഇയ്യയിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ആറുപേർ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിലെ അൽ ഫുഖാരിയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. ടിനിർത്തലിനെ തുടർന്ന് മാസങ്ങൾക്കുശേഷം വീടുകൾ തേടി മേഖലയിലേക്ക് തിരിച്ചെത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച ഈജിപ്തിലെ ശറമുശ്ശൈഖിൽ ഇസ്രായേൽ-ഹമാസ് ചർച്ചയെതുടർന്നാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലായത്. തിങ്കളാഴ്ച രാത്രി ഈജിപ്തിൽ നടന്ന ഗസ്സ അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗസ്സയിൽ യുദ്ധവിരാമമായതായി പ്രഖ്യാപനവും നടന്നിരുന്നു. ഇതിനുപിന്നാലെയാണ് വെടിനിർത്തൽ ലംഘിക്കപ്പെട്ടത്. ആക്രമണത്തെ ഇസ്രായേൽ ന്യായീകരിച്ചു. സൈനിക മേഖലയിലേക്ക് കടന്നുകയറിയ ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. സംഭവത്തെ ഹമാസ് അപലപിച്ചു. വെടിനിർത്തൽ ഉറപ്പുവരുത്താൻ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
വെടിനിർത്തൽ ധാരണയെ തുടർന്ന് കഴിഞ്ഞദിവസം ഇരുപക്ഷത്തുനിന്നുമുള്ള ബന്ദികളുടെ മോചനം നടന്നിരുന്നു. ബന്ദികളാക്കപ്പെട്ടവരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും ചൊവ്വാഴ്ച കൈമാറി തുടങ്ങിയിരുന്നു. 45 ഫലസ്തീനികളുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച ഇസ്രായേൽ ജയിൽ അധികൃതർ കൈമാറി. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തിന്റെ സമ്പൂർണ പിന്മാറ്റം ഉടനുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പാർലമെന്റിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.