വാഷിങ്ടൺ: നാടകീയമായ പുനഃസംഘടനാ പദ്ധതി പ്രകാരം യു.എസ് വിദേശകാര്യ വകുപ്പിലെ 1300ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. 1107 സിവിൽ സർവിസുകാർക്കും രാജ്യത്തുതന്നെ നിയമിക്കപ്പെട്ട 246 വിദേശ സർവിസ് ഉദ്യോഗസ്ഥർക്കുമാണ് പിരിച്ചുവിടൽ നോട്ടീസ് അയച്ചത്. സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നുവെന്നും വാഷിങ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആസ്ഥാനത്തേക്കും അവരുടെ ഇ-മെയിലിലേക്കും ഷെയർ ഡ്രൈവുകളിലേക്കും ജീവനക്കാർക്ക് പ്രവേശനം നഷ്ടപ്പെടുമെന്നും നോട്ടീസുകളിൽ പറയുന്നു.
മുൻ സഹപ്രവർത്തകരും അംബാസഡർമാരും കോൺഗ്രസ് അംഗങ്ങളും പിരിച്ചുവിടപ്പെട്ടവർക്ക് പിന്തുണയുമായെത്തി. രാജ്യത്തെ സേവിക്കുന്നവരെയും വിശ്വസിക്കുന്നവരെയും പരിഗണിക്കേണ്ട രീതി ഇതല്ലെന്ന് ഒരു മുൻ ഉദ്യോഗസ്ഥ പറഞ്ഞു. പിരിച്ചുവിടൽ അമേരിക്കയുടെ ആഗോള നേതൃത്വത്തെയും വിദേശ ഭീഷണികളെ ചെറുക്കാനുള്ള ശ്രമങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് വിമർശകർ പറയുന്നു.
വിദേശകാര്യ വകുപ്പ് പ്രവർത്തനങ്ങളിലെ മാറ്റങ്ങളുടെ ഭാഗമാണ് പിരിച്ചുവിടൽ. വിദേശ സഹായ ഏജൻസിയായ യു.എസ്.എ.ഐ.ഡി കഴിഞ്ഞയാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ലയിച്ചിരുന്നു. സമീപകാലത്തെ സുപ്രീം കോടതിയുടെ വിധിയും പിരിച്ചുവിടൽ തുടങ്ങുന്നതിന് വഴിയൊരുക്കി. ജീവനക്കാരുടെ എണ്ണം 18 ശതമാനം കുറക്കാൻ ശ്രമിക്കുകയാണെന്ന് വിദേശകാര്യ വകുപ്പ് നേരത്തേ അറിയിച്ചിരുന്നു.
പിരിച്ചുവിടൽ നോട്ടീസ് കിട്ടിയ വിദേശ സർവിസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ 120 ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റിവ് അവധിയിൽ പ്രവേശിപ്പിക്കും. അതിനുശേഷം ഔദ്യോഗികമായി ജോലി നഷ്ടപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.