കരിങ്കടലിൽ യുക്രെയ്ൻ തുറമുഖത്തിന് സമീപം കുടുങ്ങി 13 ഇന്ത്യൻ നാവികർ, ജീവൻ അപകടത്തിലെന്ന് ആശങ്ക

കീവ്: കരിങ്കടൽ തുറമുഖത്തിന് സമീപം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുന്ന യുക്രെയിനിലെ ചോർനോമോർസ്ക് തുറമുഖത്ത് ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കടലിൽ കുടുങ്ങിയതായി റിപ്പോർട്ട്. താൻസാൻനിയൻ പതാകയുള്ള ചരക്കുകപ്പലിൽ 15 ജീവനക്കാരാണുള്ളതെന്നും ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ) അറിയിച്ചു. റഷ്യയും ഉക്രെയ്നും കരിങ്കടൽ തുറമുഖത്തിന് സമീപം പോരാട്ടം തുടരുന്നതിനാൽ തങ്ങളുടെ സഹപ്രവർത്തകരുടെ ജീവൻ ഭീഷണിയിലാണെന്നും ഏത് നിമിഷവും നേരിട്ടുള്ള ആക്രമണം ഉണ്ടാകുമെന്ന ഭയക്കുന്നതായും എഫ്.എസ്.യു.ഐ മുന്നറിയിപ്പ് നൽകി.

കപ്പലിന് തൊട്ടടുത്തായി ആവർത്തിച്ചുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും യൂനിയൻ വ്യക്തമാക്കുന്നു. കപ്പലിന് സമീപത്തെ പ്രദേശങ്ങളിൽ കറുത്ത പുക ഉയരുന്ന ദൃശ്യങ്ങൾ അടങ്ങിയ ഒരു വീഡിയോയും നാവികരുടെ യൂണിയൻ പങ്കുവെച്ചിട്ടുണ്ട്. ഉക്രേനിയൻ തുറമുഖമായ ചോർനോമോർസ്കിൽ നിലവിലുള്ള 'എം.വി. അമീർ1' എന്ന കപ്പലിലാണ് 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ കുടുങ്ങിയത്. ജീവനക്കാരുടെ സുരക്ഷ ഉടൻ ഉറപ്പാക്കാനും വേഗത്തിൽ നാട്ടിലെത്തിക്കാനുമുള്ള നടപടികൾ സ്വീകരിക്കാൻ ഇന്ത്യൻ സർക്കാരിനോടും കപ്പലുടമകളോടും യൂനിയൻ അഭ്യർഥിച്ചു. എന്നാൽ നാവികർ സുരക്ഷിതരാണെന്ന്ഡയരക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കഴിഞ്ഞ ആഴ്ച കരിങ്കടലിൽ ഒരു ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തിൽ ഉക്രേനിയൻ അംബാസഡർ ഒലക്സാണ്ടർ പോളിഷ്ചുക്കിനെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഡൽഹിയുടെ ഗൗരവമായ ആശങ്ക അംബാസഡറെ അറിയിച്ചതായും വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയും ഉക്രെയ്നും തമ്മിലുള്ള പുതിയ ശത്രുതയ്ക്കിടയിൽ 'എം.വി. ഒമോർഫി' എന്ന കപ്പലിന് നേരെ ഉക്രേനിയൻ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.