റാമല്ല: മഹാദുരിതങ്ങളുടെ തുരുത്തായി മാറിയ ഗസ്സയിൽ കുരുതിതുടർന്ന് ഇസ്രായേൽ. ചൊവ്വാഴ്ച പുലർച്ച നടന്ന വ്യോമാക്രമണത്തിൽ അഞ്ചു സ്ത്രീകളും നാലുകുട്ടികളുമടക്കം 13 പേരാണ് അറുകൊല ചെയ്യപ്പെട്ടത്. 40 യുദ്ധവിമാനങ്ങൾ പുലർച്ച രണ്ടുമണി മുതൽ രണ്ടുമണിക്കൂർ നേരം തുടർന്ന ആക്രമണത്തിൽ 20ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഗസ്സയിലെ സംഘടനയായ ഫലസ്തീൻ ഇസ്ലാമിക ജിഹാദ് അംഗങ്ങളുടെ വീടുകളാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഗസ്സയിലെ അൽവഫ ആശുപത്രി ഡയറക്ടർ കൂടിയായ ദന്ത ഡോക്ടർ ജമാൽ ഖസ്വാനും കുടുംബവും കൊല്ലപ്പെട്ടവരിൽപെടും. തങ്ങളുടെ മൂന്ന് കമാൻഡർമാർ ആക്രമണത്തിൽ മരിച്ചതായി സംഘടന അറിയിച്ചു. ജിഹാദ് അൽഗാനം, ഖലീൽ അൽബഹ്തീനി, താരിഖ് ഇസ്സുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ട ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് പ്രവർത്തകർ. പരിക്കേറ്റവരിൽ മൂന്നു കുട്ടികളും ഏഴ് സ്ത്രീകളുമുണ്ട്. ഗസ്സ നഗരമധ്യത്തിലും റഫയിലുമാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
ഹീനമായ ആക്രമണങ്ങളിൽ നേതൃത്വത്തെ ഇല്ലായ്മ ചെയ്യുന്നത് ഫലസ്തീൻ അധിനിവേശകർക്ക് സുരക്ഷ നൽകുമെന്ന് കരുതരുതെന്നും ചെറുത്തുനിൽപ് ശക്തമാക്കുമെന്നും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ പറഞ്ഞു.
ഇസ്രായേലീ ജയിലിൽ നിരാഹാരസമരം നടത്തിയ പ്രമുഖ നേതാവ് ഖാദിർ അദ്നാൻ മരിച്ചതിനുപിറകെ ഗസ്സയിൽനിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായിരുന്നു. ഇതിനെതിരെ ഗസ്സയിലെ നിരവധി ഭാഗങ്ങളിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണവും നടത്തി. സംഭവത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എന്നിനുപുറമെ ഖത്തറും ഈജിപ്തും നടത്തിയ ചർച്ചകളിൽ വെടിനിർത്താൻ ധാരണയായതിനു പിന്നാലെയാണ് നിരവധി യുദ്ധവിമാനങ്ങൾ അണിനിരത്തിയുള്ള ഇസ്രായേൽ കൂട്ടക്കുരുതി. പട്ടിണി സമരം തുടർച്ചയായി 87ാം ദിവസത്തിലേക്ക് കടന്ന അന്നായിരുന്നു അദ്നാൻ മരണത്തിനു കീഴടങ്ങിയിരുന്നത്. പുതിയ ആക്രമണത്തിനുപിന്നാലെ, ഗസ്സയിൽനിന്ന് പുറത്തുകടക്കാനുള്ള രണ്ട് അതിർത്തികളും ഇസ്രായേൽ അടച്ചിട്ടുണ്ട്.
അതിനിടെ, വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 145 പേർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. 12 പേർക്ക് വെടിയേറ്റാണ് പരിക്കെങ്കിൽ അവശേഷിച്ചവർക്ക് കണ്ണീർവാതക പ്രയോഗം മൂലമാണ് ചികിത്സ വേണ്ടിവന്നത്.
ശക്തമായ പ്രതിഷേധം തുടരുന്ന ഗസ്സയിൽനിന്ന് ഏതുതരം റോക്കറ്റാക്രമണവും കടുത്ത പ്രത്യാഘാതത്തിനിടയാക്കുമെന്നും ദിവസങ്ങൾ നീളുന്ന പ്രത്യാക്രമണമുണ്ടാകുമെന്നുമാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. എന്നാൽ, കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് വൃത്തങ്ങളും പ്രതികരിച്ചു. സംഘടനയെ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ സൈനിക നീക്കം ഗസ്സയെ വീണ്ടും കുരുതിക്കളമാക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ആയുധങ്ങളൊരുക്കിയും സൈനികരെ തിരിച്ചുവിളിച്ചും ഇസ്രായേൽ ഒരുക്കം തകൃതിയാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, ഹമാസ് നേതൃത്വത്തെയും ലക്ഷ്യമിടുമെന്ന് ഇസ്രായേൽ സുരക്ഷ മന്ത്രി കാറ്റ്സ് റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഗസ്സയിൽ 365 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് 23 ലക്ഷം ഫലസ്തീനികളാണ് കഴിയുന്നത്. ഇവരുടെ ജീവിതം കൂടുതൽ നരകതുല്യമാക്കുന്നതാണ് ഇസ്രായേൽ ആക്രമണങ്ങൾ.
കഴിഞ്ഞ ജനുവരിക്കുശേഷം മാത്രം നൂറിലേറെ ഫലസ്തീനികളും 19 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
പുതിയ ആക്രമണത്തിനെതിരെ ഈജിപ്തും രംഗത്തെത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും മേലുള്ള നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തിയതെന്ന് ഈജിപ്ത് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.