സ്‌കോട്‌സ്‌ഡെയ്ൽ: അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ൽ വിമാനത്താവളത്തിൽ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മോട്ട്‌ലി ക്രൂ ഗായകൻ വിൻസ് നീലിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് വിമാനം മറ്റൊരു ജെറ്റ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റു.
വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി പാർക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി നീലിന്‍റെ സ്വകാര്യ ജെറ്റ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നീലിന്‍റെ പ്രതിനിധി വോറിക് റോബിൻസൺ പറഞ്ഞു. അപകട സമയം ഗായകൻ വിമാനത്തിൽ ഉണ്ടായിരുന്നില്ല.
മൂന്നാഴ്ചക്കിടെ യു.എസിലുണ്ടാകുന്ന നാലാമത്തെ വിമാനാപകടമാണിത്. അടുത്തിടെ പടിഞ്ഞാറൻ അലാസ്കയിൽനിന്ന് കാണാതായ യാത്രാവിമാനം തണുത്തുറഞ്ഞ കടലിൽ തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചു. വെള്ളിയാഴ്ചയാണ് കടലിൽ വിമാനം കണ്ടെത്തിയത്. നോമിലേക്കുള്ള യാത്രക്കിടെയാണ് വിമാനം കാണാതായത്. വിമാനത്തിനായി യു.എസ് കോസ്റ്റ്ഗാർഡ് ഹെലികോപ്ടറുകൾ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയിരുന്നു.
ഒമ്പത് യാത്രക്കാരും പൈലറ്റുമാണ് ബെറിങ് എയറിന്റെ സെസ്ന കാരവൻ വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്ര തുടങ്ങി ഒരു മണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. തീരത്തുനിന്ന് 19 കിലോമീറ്റർ അകലെയാണ് വിമാനം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.