രാജ്യത്ത്, എട്ടു മണിക്കൂർ ജോലി, മിനിമം വേതനം എന്നിവയടക്കം ഒരു തൊഴിൽനിയമവും ഒരു ആനുകൂല്യവും ആരും തൊഴിലാളികൾക്ക് െവച്ചുനീട്ടിയതല്ല. ചോരയൊഴുക്കിയ നീണ്ടകാല പോരാട്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയും തൊഴിലാളികൾ നേടിയെടുത്തതാണ് അവയെല്ലാം. തൊഴിലാളികൾക്ക് അനുകൂലമായ ഒരു തൊഴിൽനിയമവും ഒരിക്കലും കോർപറേറ്റുകൾക്കോ മൂലധനപ്രമാണികൾക്കോ ഇഷ്ടമായിരുന്നില്ല. ആ വർഗത്തിന്റെ താൽപര്യപ്രകാരം ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ മോദി ഭരണകൂടം നവംബർ 21ന് നാല് ലേബർ കോഡുകൾ (തൊഴിൽനിയമങ്ങൾ) പ്രാബല്യത്തിൽ കൊണ്ടുവന്നു. വിമർശനങ്ങളെയും എതിർപ്പുകളെയും പരിഗണിക്കാതെയായിരുന്നു ഈ നടപടി.
വേതനം, സാമൂഹിക സുരക്ഷ, തൊഴിലിടത്തിലെ സുരക്ഷ, ആരോഗ്യ-തൊഴിൽ സാഹചര്യ കോഡുകളാണ് നിലവിൽ വന്നത്. രാജ്യത്ത് നിലനിന്ന വിവിധ തൊഴിൽ നിയമങ്ങളെ നാലു സമഗ്ര നിയമങ്ങളാക്കി ഏകീകരിക്കുന്ന ‘ശ്രം ശക്തി നീതി 2025’ പ്രാബല്യത്തിൽ വന്നതോടെ തൊഴിലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന 29 നിയമങ്ങൾ ഇല്ലാതാകും. ഇതിൽ മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിന് ഏഴു പതിറ്റാണ്ടായി നിലനിന്ന വർക്കിങ് ജേണലിസ്റ്റ് ആക്ടും ഉൾപ്പെടുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും സമഗ്രമായ തൊഴിൽ പരിഷ്കാരമാണെന്നാണ് മോദിയും സംഘവും അവകാശപ്പെടുന്നത്.
എല്ലാ തൊഴിലാളികൾക്കും സാർവത്രിക സാമൂഹിക സുരക്ഷ, ജീവനക്കാർക്ക് നിർബന്ധിത നിയമന ഉത്തരവുകൾ, സമയബന്ധിതവും നിയമപരവുമായ മിനിമം വേതനം, ആരോഗ്യ പരിരക്ഷ, 40 വയസ്സിനു മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധന, അപകടകരമായ ജോലികൾക്കുള്ള കവറേജ്, സ്ഥിരം ജീവനക്കാർക്കും കരാർ ജീവനക്കാർക്കും തുല്യ ആനുകൂല്യം, രാത്രി ഷിഫ്റ്റ് ജോലികളിൽ ഉൾപ്പെടെ ലിംഗഭേദമില്ലാതെ സുരക്ഷിതമായി ജോലിചെയ്യാനുള്ള അവകാശം, ഡിജിറ്റൽ അക്കൗണ്ടുകൾ, വേഗത്തിലുള്ള തർക്കപരിഹാരം തുടങ്ങിയവ പുതിയ കോഡ് ഉറപ്പുനൽകുന്നതായി സർക്കാർ അവകാശപ്പെടുന്നു. തൊഴിലാളികളെ സംരക്ഷിക്കുക, ഉൽപാദനക്ഷമത വർധിപ്പിക്കുക, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണക്കുക എന്നിവയാണ് ലക്ഷ്യമെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഇതല്ല വാസ്തവം.
തൊഴിലാളികളുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഒന്നാമത്തെ ലക്ഷ്യം. തൊഴിൽസുരക്ഷ പാടെ ഇല്ലാതാകും. തൊഴിൽ സമയവും തൊഴിൽഭാരവും വർധിക്കും. തൊഴിലാളികളെയും ജീവനക്കാരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയും. സർക്കാറിന്റെ മുൻകൂർ അനുമതി കൂടാതെതന്നെ കൂട്ടപ്പിരിച്ചുവിടൽ സാധ്യമാകും. 300ൽ താഴെ സ്ഥിരം ജീവനക്കാരുള്ള സ്ഥാപനങ്ങൾ സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ ഏത് സമയവും ഉടമകൾക്ക് പൂട്ടാം.
പത്തിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ഇ.എസ്.ഐ നിർബന്ധമല്ല. പ്രോവിഡന്റ് ഫണ്ട് അപ്പീലിന് 25 ശതമാനം തുക കെട്ടിെവച്ചാൽ മതി. ആകെ ജീവനക്കാരുടെ 10 ശതമാനമോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂനിയൻ അനുവദനീയമാകൂ (നിലവിൽ 7 പേർ മതി). സമരം തുടങ്ങാൻ 14 ദിവസം മുമ്പു നോട്ടീസ് നൽകണം. നോട്ടീസിനു ശേഷം ചർച്ച നടക്കുന്ന സമയത്ത് സമരം തുടങ്ങാൻ അനുമതിയില്ല. വ്യവസ്ഥ ലംഘിക്കുന്നവർക്ക് 50,000 രൂപ പിഴയും ഒരു മാസം തടവും എന്നിങ്ങനെയാണ് വ്യവസ്ഥകൾ.
സർക്കാറിന്റെ തൊഴിൽ മേഖലയിലെ ഈ ഇടപെടലിനെതിരെ രാജ്യത്ത് ശക്തമായ എതിർപ്പുണ്ട്. നേരത്തേ വേതന നിയമം 2019ൽ അവതരിപ്പിച്ചപ്പോഴും മറ്റു മൂന്നു നിയമങ്ങൾ 2020ൽ പുറത്തുവിട്ടപ്പോഴും എതിർപ്പ് ഉയർന്നിരുന്നു. 2020 ജനുവരിയിൽ പൊതു പണിമുടക്കടക്കം രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. ഇൗ ജൂലൈയിലും പണിമുടക്ക് നടന്നു. അവകാശ സംരക്ഷണത്തിനായി രാജ്യത്തെ മുഴുവൻ തൊഴിലാളികളും ഒറ്റക്കെട്ടായി പോരാടേണ്ട സമയമാണിത്. അല്ലെങ്കിൽ വരുന്നത് തീർത്തും അരക്ഷിതമായ തൊഴിൽ അവസ്ഥകളും സാഹചര്യവുമാകും. കോർപറേറ്റുകൾ ഭരിക്കും, തൊഴിലാളികൾ നരകിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.