ഹിന്ദുത്വക്ക് ചുവപ്പ് പരവതാനി വിരിക്കരുത്

‘‘ബൂർഷ്വയെ തോൽപിക്കാൻ ബൂർഷ്വയുടെ അപ്പനാകണം’’ എന്ന വാചകം ഒരു മലയാള സിനിമയിലെ പ്രതിനായകന്റെ ജൽപനമാണ്. അല്ല, ബൂർഷ്വാസിയെ​ ​പരാജയപ്പെടുത്താൻ അതല്ല മാർഗം. സമാനമാണ് ഹിന്ദുത്വയും. ഹിന്ദുത്വയെ തോൽപിക്കാൻ ഹിന്ദുത്വയുടെ അപ്പനായി വേഷമിട്ടുകൊണ്ട് കഴിയില്ല. ബ്രാഹ്മണ്യത്തിന്റെ സ്വാംശീകരണതന്ത്രം എന്തെന്നറിയുന്നവർ ആ നീക്കത്തിന്റെ അപകടത്തെ തുറന്നെതിർക്കും. ഹിന്ദുത്വയോട് സമരസപ്പെടുകയോ, രാജിയാവുകയോ ചെയ്യരുത്. കീഴടങ്ങിയാൽ നിങ്ങളെ അടപടലം അത് മൂടും.

ഹിന്ദുത്വ അജണ്ടയുടെ ഭാഗമായ ‘പി.എം ശ്രീ’ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള പിണറായി സർക്കാറിന്റെ തീരുമാനം തീർത്തും ആശങ്കയുളവാക്കുന്നതാണ്. കേന്ദ്രഫണ്ടായി ലഭിക്കേണ്ട 1500 കോടിയോളം രൂപ ‘വെറുതെ’ നഷ്ടപ്പെടുമെന്നും കുട്ടികൾക്ക് അതുവഴി കിട്ടേണ്ട നേട്ടങ്ങൾ നഷ്ടപ്പെടുമെന്നുമാണ് സർക്കാറിന്റെ ന്യായീകരണം.

പി.​എം ​ശ്രീ​യി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തോ​ടെ, കേ​ന്ദ്രം ത​ട​ഞ്ഞു​വെ​ച്ച വി​വി​ധ വി​ദ്യാഭ്യാ​സ ഗ്രാ​ന്റു​ക​ൾ ലഭിക്കുമെന്നും പ​ദ്ധ​തി​യി​ലൂ​ടെ മ​റ്റു വ​രു​മാ​ന​ങ്ങ​ൾ സാ​ധ്യ​മാ​കു​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വാദിക്കുന്നത്. 2022 മു​ത​ൽ എ​സ്.​എ​സ്.​കെ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്രവി​ഹി​തം ഇ​വി​ടേ​ക്ക്‍ വ​ന്നി​ട്ടി​ല്ല; 200 കോ​ടി​യോ​ളം രൂ​പ​ ആ ഇനത്തിൽതന്നെ ലഭിക്കാനുണ്ട്. 2027ൽ ​പദ്ധതി അ​വ​സാ​നി​ക്കുമ്പോൾ 5000 കോ​ടി​ക്കടുത്ത് തുക സംസ്ഥാനത്തിന് ലഭിക്കും. ഇ​ത്ര​യും തു​ക വേ​ണ്ടെ​ന്നു​വെ​ക്കാ​നാ​കു​മോ എ​ന്നാ​ണ് സ​ർ​ക്കാ​റും സി.​പി.​എമ്മും ചോ​ദി​ക്കു​ന്ന​ത്. പി.എം ശ്രീക്കുള്ള ധാരണാപത്രത്തിൽ ദേശീയവിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന് ഒപ്പിട്ടുനൽകിയാൽ കേരളം പിന്നെ എൻ.ഇ.പിയിലെ കാവിവത്​കരണ സ്വഭാവമുള്ള പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടിവരും എന്നാണ് ഭരണമുന്നണിയിലെ പ്രധാനകക്ഷിയായ സി.പി.ഐയുടെ തന്നെ വാദം. വാസ്തവത്തിൽ, കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും ഉഴലുന്ന ഒരു സംസ്ഥാനത്തിന്റെ ഗതികേടുകൾ ​െവച്ചുനോക്കിയാൽ സി.പി.എമ്മിന്റെയും സർക്കാറിന്റെയും വാദത്തിൽ കഴമ്പ് തോന്നാം. എന്നാൽ, അതിലല്ല പ്രശ്നത്തിന്റെ കാമ്പ് കിടക്കുന്നത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും കാ​വി​വ​ത്ക​രി​ക്കുകയാണ് മോദിയുടെ പദ്ധതി. അതിന്റെ ആദ്യ ചുവടുകളിൽ ഒന്നായിരുന്നു ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ം (എ​ൻ.​ഇ.​പി)​. അതിനെതിരെ നിലകൊണ്ട്, പൊ​തു​ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ത​ന്നെ സ​ർ​ക്കാ​ർ ആവിഷ്‍കരിച്ചിരുന്നു. എൻ.ഇ.പി പ​ദ്ധ​തി​ക്കെതിരെ ഏ​റ്റ​വും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത​തും ഇ​ട​തു​പ​ക്ഷ​വും കേ​ര​ള​വു​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ 95 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ളും എ​ൻ.​ഇ.​പി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ അ​തി​ൽ​നി​ന്ന് കേരളം മാറിനിന്നു. എന്നാൽ, ഇപ്പോൾ ദയനീയമായി സർക്കാർ കീഴടങ്ങിയിരിക്കുകയാണ്.

പി.​എം ശ്രീ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ, കേ​ര​ള​ത്തി​ലെ 300ല​ധി​കം പൊ​തു​ വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​കും. പൊ​തു​ വി​ദ്യാ​ഭ്യാ​സ യജ്ഞത്തി​ലൂ​ടെ മി​ക​വി​ന്റെ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​വ​യാ​യി​രി​ക്കും അ​തി​ൽ പ​ല​തും. ആ ​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പേ​രി​നു മു​ന്നി​ൽ ‘പി.​എം ശ്രീ’ ​എ​ന്നു​കൂ​ടി ചേ​ർ​ക്കേ​ണ്ടി​വ​രും; എ​ൻ.​ഇ.​പി​യു​ടെ കാവി പാ​ഠ്യ​പ​ദ്ധ​തി​ക​ൾ പഠിപ്പിക്കേണ്ടിവരും. സ​മ്പൂ​ർ​ണ​മാ​യും കാ​വി​വ​ത്ക​രി​ക്ക​പ്പെ​ട്ട ക​രി​ക്കു​ല​വും ബോ​ധ​നരീ​തി​ക​ളു​മാ​ണ് എ​ൻ.​ഇ.​പി​യു​​ടേ​തെ​ന്ന​ത് സി.​പി.​എ​ം തന്നെ ആവർത്തിക്കുന്നുണ്ട്. അപ്പോൾ പിന്നെ എങ്ങനെ അതിനോട് ഒത്തുപോകും.

ഇടതു സർക്കാർ ഹിന്ദുത്വയോട് രാജിയായിരിക്കുന്നുവെന്നതാണ് ആത്യന്തികമായി ഈ പി.എം ശ്രീ അധ്യായം വെളിപ്പെടുത്തുന്നത്. ഇപ്പോൾ വിരിച്ച ചുവപ്പ് പരവതാനിയിൽകൂടി കാവിപ്പട കടന്നുവരും. അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെയും പാഠ്യപദ്ധതിക​ളെയും അടിമുടി തകർക്കും, കാവിവത്കരിക്കും. ഇവിടെ മുട്ടിലിഴയലല്ല വേണ്ടിയിരുന്നത്. നിവർന്നുനിന്ന് നിഷേധത്തിന്റെ, ധിക്കാരത്തിന്റെ സ്വരം ഉയർത്തുകയായിരുന്നു. അതായിരുന്നു അന്തസ്സ്, കൂടുതൽ ഉയർന്ന വിജയവും. സമയം വൈകിയിട്ടില്ല, തിരുത്താൻ ഇനിയും നേരമുണ്ട്.

------------

കുറിപ്പ്:

‘തുടക്കം’ എഴുതുമ്പോൾ, സി.പി.ഐ സമ്മർദത്തെ തുടർന്ന് ‘പി.എം ശ്രീ’ പദ്ധതിയിൽനിന്ന് പിൻമാറാൻ സർക്കാർ തീരുമാനിച്ചുവെന്നും ഇക്കാര്യം കാണിച്ച് കേന്ദ്രത്തിന് കത്ത് എഴുതുമെന്നുമുള്ള വാർത്തകൾ വരുന്നുണ്ട്. 

Tags:    
News Summary - PM Shri scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.