പഹൽഗാമിലെ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യൻ സൈന്യം പാകിസ്താനിലേക്ക് ആക്രമണം നടത്തുന്ന വാർത്തകൾ കണ്ടുകൊണ്ടാണ് ‘തുടക്കം’ എഴുതുന്നത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർത്തുവെന്നാണ് ഇന്ത്യൻ അവകാശവാദം. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനികനടപടിയിൽ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തതായി സൈന്യം അവകാശപ്പെടുന്നു. എന്നാൽ, പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിനു ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. ബഹാവൽപുർ, മുസഫറാബാദ്, കോട്ലി, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. മിസൈലാക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടി നൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പാകിസ്താൻ സൈന്യം പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. അതെന്തായാലും സങ്കുചിത ദേശീയ വെറി നിറഞ്ഞ വീരവാദങ്ങളും ആഘോഷങ്ങളും ഇന്ത്യൻ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഈ യുദ്ധവെറി മനോഭാവത്തെയാണ് ശരിക്കും ഭയപ്പെടേണ്ടത്.
പ്രതികാരം, തിരിച്ചടി, യുദ്ധം എന്നീ വാക്കുകൾക്ക് സാമാന്യമായ വിവക്ഷകളല്ല യഥാതഥ ലോകത്തുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ എപ്പോഴും ഉപയോഗിക്കപ്പെടേണ്ടത് സ്നേഹം, സൗഹാർദം, സമാധാനം എന്നീ വാക്കുകളും അതിന്റെ രാഷ്ട്രീയ സാധ്യതകളുമാണ്. തിരിച്ചടി, യുദ്ധം എന്നിവകൊണ്ട് ഇരുപക്ഷത്തും സമാധാനം കാംക്ഷിക്കുന്ന സാധാരണ ജനങ്ങൾക്കാണ് നഷ്ടങ്ങളുണ്ടാകുക. ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചുവെന്ന് പറയുമ്പോൾ അതുവഴി കൊല്ലപ്പെടാനിടയുള്ള നിരപരാധികളായ ജനങ്ങളെ ഓർക്കണം. യുദ്ധത്തിൽ, ഭീകരാക്രമണത്തിൽ, പ്രത്യാക്രമണത്തിൽ, ഒക്കെ തീരുമാനങ്ങളെടുക്കുന്നതിൽ ഒരു പങ്കുമില്ലാതിരുന്ന സാധാരണക്കാരാണ് കൂടുതലായി മരിക്കുക. അതിൽതന്നെ കുഞ്ഞുങ്ങൾ മരിക്കുന്നതിൽ എന്ത് നീതിയും ന്യായവുമാണ് പറയാനാവുക.
ഓപറേഷൻ സിന്ദൂർ പോലുള്ള തീവ്ര ദേശാഭിമാന വെറികൾ സൃഷ്ടിക്കുന്നത് വികസനത്തിന് ഒരുനിലക്കും ഗുണംചെയ്യില്ല. രണ്ടു രാജ്യങ്ങളും ആണവരാജ്യങ്ങളാണെന്ന് ഓർക്കണം. നീതിയും ജനാധിപത്യവും സാഹോദര്യവുമാണ് ചിന്തിക്കുന്നവർ ഉയർത്തിപ്പിടിക്കേണ്ടത്. ഈ യുദ്ധത്തിൽ സാമ്രാജ്യത്വ ആയുധ കച്ചവടക്കാർക്കും ഭരണവർഗങ്ങൾക്കും മാത്രമാണ് മെച്ചം. ഗുണം ജനങ്ങളെ തമ്മിലടിപ്പിക്കാനും ധ്രുവീകരിക്കാനും ശ്രമിക്കുന്നവർക്കാണ്. ജനങ്ങളുെട ചെലവിൽ അധികാരം ഉറപ്പിക്കാനും ദൃഢമാക്കാനും ഭരണവർഗങ്ങൾക്കും അതിന്റെ പലവിധ, പലതട്ടിലുള്ള നടത്തിപ്പുകാർക്കും കഴിയും. എന്നാൽ, ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങൾക്ക് അത് നഷ്ടങ്ങൾ മാത്രമാണ് സമ്മാനിക്കുക. ഇരു രാജ്യത്തെയും ജനങ്ങൾ ആഗ്രഹിക്കുന്നതും ആഗ്രഹിക്കേണ്ടതും യുദ്ധവും വെറുപ്പുമല്ല, സാഹോദര്യവും സ്നേഹവും സമാധാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.