യുദ്ധം വിനാശകരമാണ്, മനുഷ്യരാശിക്ക് എതിരായ അതിക്രമവും കുറ്റകൃത്യവുമാണ്– അത് ഭൂഗോളത്തിന്റെ എത് കോണിലാണെങ്കിലും. ഇപ്പോൾ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി മാറുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യയും മൊത്തം ലോകവും.
‘തുടക്കം’ എഴുതുമ്പോൾ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിച്ചും സൈനിക നേതൃത്വത്തെ ഇല്ലാതാക്കിയും ഇസ്രായേൽ തുടരുന്ന ആക്രമണം ആറു ദിവസം പിന്നിട്ടിരിക്കുന്നു. തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. ഇറാൻ സൈനിക പ്രമുഖൻ ജനറൽ അലി ഷാദ്മാനിയെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോൾ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു. മൊസാദ് ആസ്ഥാനത്തെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കുപറ്റിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
തെഹ്റാനിലും തബ്രീസിലുമടക്കം ഇസ്രായേൽ ആക്രമണം രൂക്ഷമാണ്. തെൽഅവിവിൽ ഇറാനും ആക്രമണം തുടരുകയാണ്. ഇറാനിൽ ഇതിനകം 224 പേർ മരിച്ചു; 1277 പേർക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 24 പേർ മരിച്ചു; 500ലേറെ പേർക്ക് പരിക്കേറ്റു. തെഹ്റാനിൽ സൈന്യത്തിന്റെ 10 കേന്ദ്രങ്ങളിൽ ഇസ്രായേൽ സേന ആക്രമണം നടത്തി. തെഹ്റാനിൽ പൊലീസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന മേഖലയിൽനിന്ന് മൂന്നു ലക്ഷത്തിലേറെ വരുന്ന ജനങ്ങളോട് സ്ഥലം വിടാൻ നിർദേശിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളിൽ ആക്രമണം തുറന്ന യുദ്ധമായി മാറിയേക്കാം.
യുദ്ധം ഇരു രാജ്യങ്ങളിലെ ജനങ്ങളെയോ ആ മേഖലയിലെ രാജ്യങ്ങളെയോ മാത്രമല്ല, ലോകമെങ്ങുമുള്ള ജനങ്ങളെ ബാധിക്കും. കുറഞ്ഞപക്ഷം ഇന്ത്യയെയെങ്കിലും അത് ബാധിച്ചിരിക്കുന്നു. ഇരു രാജ്യങ്ങളിലുമായി ചുരുങ്ങിയത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇരു രാജ്യങ്ങളിൽനിന്നുമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആക്രമണം രൂക്ഷമാവുകയും ഇരു രാജ്യങ്ങളും ജനവാസകേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം നൽകുകയുംചെയ്ത സാഹചര്യത്തിലാണ് അടിയന്തര കേന്ദ്ര ഇടപെടൽ. ഇറാന് വ്യോമാതിര്‍ത്തി അടച്ചിട്ടതിനാല്‍ ഇന്ത്യൻ വിദ്യാർഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്ബൈജാന്, തുർക്മെനിസ്താന്, അഫ്ഗാനിസ്താന് എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന് അറിയിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രായേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിൽ ജോർഡന്, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ശ്രമം. ആസ്ട്രേലിയ അടക്കം മറ്റു ചില രാജ്യങ്ങളും ഇരുരാജ്യങ്ങളിൽനിന്നും പൗരരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയം, യുദ്ധത്തോടും ഏകപക്ഷീയ ആക്രമണങ്ങളോടും ഇന്ത്യ എടുക്കുന്ന സമീപനം വിമർശിക്കപ്പെടേണ്ടതാണ്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് ആഗോള സമാധാനത്തിനോ മാനുഷികനീതിക്കോ നയതന്ത്ര ധാർമികതക്കോ ഇന്ത്യയുടെതന്നെ താൽപര്യങ്ങൾക്കോ നിരക്കുന്നതായിരുന്നില്ല. 180 രാജ്യങ്ങളിൽ 149 എണ്ണമാണ് വെടിനിർത്തലിന് അനുകൂലമായി നിലകൊണ്ടത്. ഇസ്രായേലും യു.എസും മറ്റ് 10 രാജ്യങ്ങളും വെടിനിർത്തൽ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു. ഇസ്രായേലിന്റെ വംശഹത്യ 60,000മോ അതിലധികമോ മനുഷ്യരെ കൂട്ടക്കൊല നടത്തുകയുംചെയ്ത ശേഷമാണ് ഇന്ത്യ ഈ സമീപനം എടുത്തത്.
മനുഷ്യരാശിക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും യുദ്ധങ്ങൾക്കും എതിരെ നിലകൊള്ളുകയാണ് ലോകജനത ചെയ്യേണ്ടത്. ഇപ്പോൾ പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും ഗസ്സയിലടക്കം സമാധാനം കൊണ്ടുവരാനും ഇന്ത്യയും ശബ്ദമുയർത്തണം. കാലങ്ങളായി പിന്തുടരുന്ന നിലപാടുകൾ യുദ്ധത്തിന് എതിരെ എടുക്കാൻ മോദിസർക്കാറിനോട് ജനം ആവശ്യപ്പെടണം. യുദ്ധമല്ല, സമാധാനമാണ് ലോകത്തിന് വേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.