പിടച്ചിൽ

കഴുത്തിൽ കുരുക്ക് മുറുകിയവന്റെ ഉടൽപോലെ മനസ്സ് പിടയാൻ തുടങ്ങി മുറികളിൽനിന്ന് മുറികളിലേക്കുംമുറ്റത്തേക്കും പടികളിലൂടെ മേലേക്കും താഴേക്കും കാലുകൾ വേഗത്തിൽ പായുന്നു നദിക്കു കുറുകെ വലിച്ചു കെട്ടിയ കയറിൽ നടക്കുന്നപോലെ ജീവിതം ആടിയുലയുന്നു ചാരുകസേരയിൽ വിറച്ചു വീഴുമ്പോൾഭൂമി കീഴ്മേൽ മറിയുന്നു മരങ്ങൾ ആകാശത്തേക്ക് വേരുകൾ നീട്ടുന്നു പുഴയിൽ വീണ നിലാവിന് തീ പിടിക്കുന്നു പറന്നുകൊണ്ടിരുന്ന ചിറകുകളെല്ലാം കൊഴിഞ്ഞ് താഴേക്ക് വീഴുന്നു പക്ഷികൾ പലനിറത്തിലുള്ള കായ്കളായി മരത്തിൽ തൂങ്ങിയാടുന്നു ഓരോ വീടുകളിൽനിന്നും മനുഷ്യർ തെരുവിലിറങ്ങി ഉച്ചത്തിൽ ചിരിക്കുന്നു. ഉള്ളിൽനിന്ന് നീരാവിപോലെ പൊന്തുന്ന...

കഴുത്തിൽ കുരുക്ക് മുറുകിയവന്റെ

ഉടൽപോലെ

മനസ്സ് പിടയാൻ തുടങ്ങി

മുറികളിൽനിന്ന് മുറികളിലേക്കും

മുറ്റത്തേക്കും

പടികളിലൂടെ മേലേക്കും താഴേക്കും

കാലുകൾ വേഗത്തിൽ പായുന്നു

നദിക്കു കുറുകെ വലിച്ചു കെട്ടിയ കയറിൽ

നടക്കുന്നപോലെ ജീവിതം ആടിയുലയുന്നു

ചാരുകസേരയിൽ വിറച്ചു വീഴുമ്പോൾ

ഭൂമി കീഴ്മേൽ മറിയുന്നു

മരങ്ങൾ ആകാശത്തേക്ക് വേരുകൾ നീട്ടുന്നു

പുഴയിൽ വീണ നിലാവിന് തീ പിടിക്കുന്നു

പറന്നുകൊണ്ടിരുന്ന ചിറകുകളെല്ലാം

കൊഴിഞ്ഞ് താഴേക്ക് വീഴുന്നു

പക്ഷികൾ പലനിറത്തിലുള്ള കായ്കളായി

മരത്തിൽ തൂങ്ങിയാടുന്നു

ഓരോ വീടുകളിൽനിന്നും

മനുഷ്യർ തെരുവിലിറങ്ങി

ഉച്ചത്തിൽ ചിരിക്കുന്നു.

ഉള്ളിൽനിന്ന് നീരാവിപോലെ

പൊന്തുന്ന ഒരു നിലവിളി

പുറത്തേക്ക് വന്ന്

നിസ്സഹായമായി വിതുമ്പുന്നു

ഗ്രിഗർ സാംസയെപ്പോലെ

ഞാൻ എന്നിലേക്ക് ചുരുങ്ങുന്നു.

ഇരുട്ടിൽ തോണി കാത്തുനിൽക്കുന്നവന്റെ

കാതിലേക്ക്

അക്കരെനിന്ന് നേർത്തൊരു കൂകൽ

പുറപ്പെട്ടു വരുമ്പോലെ

ഫോണിന്റെ അങ്ങേത്തലയ്ക്കൽനിന്ന്

ആർദ്രമായൊരൊച്ച കേൾക്കുന്നു.

ഒരു നെഞ്ചിൻ മിടിപ്പിലേക്ക്

കാത് ചേർത്തുവെക്കുമ്പോൾ

ഉയിരിൽ താളം തുടിക്കുന്നപോലത് മുഴങ്ങുന്നു

മരങ്ങൾ പഴുത്തിലകളെ മാത്രം കൊഴിച്ച്

ശാന്തരാകുന്നു.

ഒരു കിളിപ്പാട്ട് നിലാവിനെ ചുംബിച്ച് തണുപ്പിക്കുന്നു

മേഘങ്ങളിൽനിന്നൊരുറവ

ഭൂമിക്കടിയിലൂടെ പുഴയിലേക്ക് വേര് നീട്ടുന്നു

അകലെനിന്നും

പ്രകാശംപോലൊരു ചിരി

പതിയെ തെളിഞ്ഞുവരുന്നു

കുരുക്കിൽ പിടയുന്നവന്റെ ഉടൽപോലെ

മനസ്സ് ശാന്തമാകുന്നു

കയറിന്റെ ഒറ്റവരിയിലൂടെ

ജീവിതം നടന്ന് അക്കരെയെത്തുന്നു

ഒരു വിരൽത്തുമ്പ് നീണ്ടുവരുന്നു.

ആടിയുലയാതെ

വീണ്ടും...

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.