മൃഗശാല

എന്നോട്

ആദ്യമായി പ്രണയമാണെന്ന്

പറഞ്ഞത്

ഒരു കുള്ളനായിരുന്നു.

നഗരത്തിന്റെ തിരക്കിൽ

ബസ് കാത്തുനിൽക്കുകയായിരുന്നു

ഞാൻ

നിത്യവും കാണാറുള്ള

അയാൾ

സാധാരണ മട്ടിൽ വന്ന്

പറയുകയായിരുന്നു.

നിത്യവും കാണുമ്പോൾ

ദൂരെയെവിടെയെങ്കിലും

നിൽക്കുന്നതുപോലെയായിരിക്കും

അയാൾ ഉണ്ടാവുക.

തൊട്ടടുത്തേക്ക് വന്ന്

പെട്ടെന്ന്

മറവിയിൽനിന്ന്

ഓർത്തെടുത്തതുപോലെ

പറയുകയായിരുന്നു.

നഗരത്തിരക്കിലേക്ക് ഒട്ടും ചേരാത്ത

എന്തോ ഒന്ന് കേട്ടതുപോലെ

ഞാൻ

അടുത്ത നിമിഷം,

എവിടെനിന്നോ വന്ന്

എങ്ങോട്ടോ പോകുന്ന

ഒരു ബസിൽ കയറി.

അയാൾക്ക്

ഒന്നും മനസ്സിലായിക്കാണില്ല.

രണ്ടാമത്തേത് ഒരു

വൃദ്ധപൂജാരിയായിരുന്നു

ജലം വറ്റിവരണ്ട വേരുകൾപോലെ

ഞരമ്പുകളും

എല്ലും

മുറ്റിനിൽക്കുന്ന മെലിഞ്ഞ

തന്റെ ഉടലിൽനിന്ന്

ഒട്ടും ശക്തിയില്ലാത്ത ഒച്ചയിൽ

അത് അയാൾ പറഞ്ഞു.

സമയം തെറ്റി

അപ്പോൾ ആരോ കൊട്ടിയ

അമ്പലമണിയുടെ ഒച്ചകേട്ട്

അന്തംവിട്ടു നോക്കിയ

എന്റെ മുഖം കണ്ടയാൾ

തിരിഞ്ഞുപോയി.

മൃഗശാലയുടെ മുന്നിൽ നിൽക്കുന്ന

ഒരു യുവാവും

നഗരത്തിലെ മൂന്ന് പാട്ടുകാരും

പിന്നീട് എന്നോട്

പ്രണയമാണെന്ന് പറഞ്ഞു.

ദൂരെയുള്ള ജയിലിലെ

തടവുപുള്ളി

കത്തെഴുതി എന്നോട്

പ്രണയമറിയിച്ചു.

മൃഗങ്ങളെല്ലാം

കൂടുവിട്ടോടിപ്പോകുന്ന ദിവസം

ഞാൻ ഓർത്തു

പാട്ടിലെ വരികൾ തലകീഴായി

എഴുതിവെച്ച കടലാസ്

പറന്നുപോകുന്നത് ഞാൻ സങ്കൽപിച്ചു.

തൂക്കുകയറിൽ മുല്ലപ്പൂക്കൾ മുളക്കുന്നത്

ഞാൻ വരച്ചുവച്ചു.

മൃഗശാലക്കാരനും പാട്ടുകാരും

പിന്നെ

എന്നെ കണ്ടാൽ

തിരിഞ്ഞുപോകാൻ തുടങ്ങി.

തടവുപുള്ളി കത്തെഴുത്ത് നിർത്തി.

പ്രണയമുള്ളതുകൊണ്ടാണ്

എപ്പോഴും എന്റെ കൂടെ ഒരുവൻ

കൂട്ടുകൂടി നടക്കുന്നതെന്ന്

അറിയാമായിരുന്നിട്ടും

കൂട്ടുകാരിയുടെ പ്രേമലേഖനത്തിന്

ഞാൻ അവനെക്കൊണ്ട്

നിർബന്ധിച്ചു മറുപടി എഴുതിച്ചു.

ഒഴിവാക്കാൻ പറ്റാത്ത

ഒരു സുഹൃത്ത്

പ്രണയമറിയിച്ചപ്പോള്‍

‘‘സ്കൂളിലും കോളേജിലും

എനിക്ക്

രണ്ടു പെൺകുട്ടികളെ

ഇഷ്ടമായിരുന്നു’’

എന്ന് പറഞ്ഞു.

പിന്നീട്

പക്ഷികളും പൂച്ചകളും

വെള്ളിമൂങ്ങകളും

എന്റെ പ്രണയത്തിനുവേണ്ടി യാചിച്ചു

എന്റെ മുടി കൊത്തിപ്പറിച്ചു.

‘‘കണ്ണുകൾകൊണ്ട് ചിരിക്കുന്ന

ഒരുവനെ മാത്രമേ ഞാൻ പ്രേമിക്കൂ.’’

ഗതികെട്ട് ഞാൻ

എല്ലാവരോടും പറഞ്ഞു.

കണ്ണുകൾകൊണ്ട്

ചിരിക്കുന്നതായി നടിച്ച്

പലരും വന്നു.

അപ്പോൾ മണ്ണിൽ

എന്റെ പ്രണയത്തിന്റെ മുള

ഒരു തുള്ളി വെള്ളം തട്ടി മുളച്ചു.

‘‘കാത്തുനിൽക്കൂ

ഞാൻ വരും വരേക്കും’’

അത് പറഞ്ഞു.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.