അഴകിന്‍റെ സമവാക്യം

1

കറുപ്പെന്നല്ലയോ പേര്;

അഴകെന്നു കളിപ്പേര്?

കരപ്പന്‍കൊണ്ട് അടുത്താരും

ഇരുത്തില്ലെന്നതു നേര്.

കളിക്കൂട്ടു വിളിക്കില്ല

കഴുത്തില്‍ കൈ ഞാത്തുകില്ല

ഇലപ്പൊതി അഴിക്കുമ്പോള്‍

കറിപ്പങ്ക് നീട്ടുകില്ല.

ഒരേ ​െബഞ്ചിലിരുന്നല്ലേ

വര രണ്ടും കവിഞ്ഞു നാം

പല കൈയക്ഷരങ്ങളില്‍

പകര്‍ത്തി പണ്ടൊരേ പാഠം

നിങ്ങളുണ്ട് അവരുണ്ട്

–നമ്മളില്ലാത്ത പുസ്തകം;

മൂന്നിലൊന്നായ് സംഗ്രഹിച്ചാല്‍

ശിഷ്ടമാകുന്നു ഞാനതില്‍

ഗ്ലോബില്‍ എത്ര തിരഞ്ഞിട്ടും

കാണുവാനില്ലാത്ത നാട്ടില്‍

ലാബില്‍ അമ്ലക്കല വീണ

മുഖമാണെന്‍റെ ലക്ഷണം

വിരല്‍ പത്തും പാട്ടുപെട്ടി-

ക്കട്ടകള്‍- ഞൊട്ട കേള്‍ക്കുവാന്‍

അമര്‍ത്തുമ്പോള്‍ അപസ്വര-

മെന്‍റെ താളക്കണക്കുകള്‍

സാറിനും ഗൈഡിനും തിട്ടം

തീരെയില്ല; മുതിരയും

മോരുമെന്നപോലെ ചേരും-

പടി ചേര്‍ക്കും പരീക്ഷയില്‍

നൂറിൽ നൂറു നേടുവാന്‍ നീ

ഓര്‍ത്തുവെച്ചു പകര്‍ത്തുമ്പോള്‍

കോപ്പി പകര്‍ത്താന്‍ എനിക്കു-

കാട്ടിത്തന്ന തെറ്റുകള്‍

വീട്ടിലും ക്ലാസിലും പെട്ടി-

പ്പാട്ടുപോലെ പരക്കുമ്പോള്‍

‘തോൽപിച്ചു നിന്നെ’യെന്നാവാം

അന്നു നിന്‍റെ ചിരിപ്പൊരുള്‍

കുരുത്തക്കേടുകള്‍ കത്തി-

ച്ചെറിഞ്ഞു ഞാന്‍ പുറത്തായി

വടിയും ചോക്കുമായ് കുത്തി-

ക്കെടുത്തി നീ അകത്തായി.

2

പത്തിലെ ഗ്രൂപ്പുഫോട്ടോയില്‍

നിന്നെത്തൊട്ടൊന്നു നില്‍ക്കുവാന്‍

പത്തണയ്ക്കു തികയാഞ്ഞ്

പിത്തക്കേടു നടിച്ച ഞാന്‍

കപ്പലണ്ടിപ്പാട്ട തുള്ളിച്ച്

എല്ലുന്തും കൂലിസൈക്കിളില്‍

കച്ചടച്ചാക്കുമായ് വന്നു

മുട്ടുന്നു നിന്‍റെ വാതിലില്‍

ഭിത്തിയില്‍ തൂങ്ങിയാടുന്നു-

ണ്ടിപ്പോഴും പത്തിലെ പടം

-ചില്ലുപായല്‍ മൂടും

അക്വേറിയംപോലെ ജീവിതം

ചത്തപല്ലിക്കു ചുറ്റുന്ന

കട്ടുറുമ്പായിരുന്ന ഞാന്‍

പുറ്റില്‍നിന്ന് പുറത്തായ-

തൊന്നോര്‍ത്താലെത്ര വിസ്മയം

പത്രമു,ണ്ടാക്രിയുണ്ടെന്‍റെ

ചേളാവില്‍ കൊള്ളുകില്ലിനി

എങ്കിലും നിന്നോടാകട്ടെ

ഇന്നത്തെ തീരുവിൽപന.

ഉത്തരക്കടലാസിന്‍റെ

കെട്ടുകള്‍ തൂക്കിമാറ്റുമ്പോള്‍

വരാനൊട്ടും ഇടയില്ല

തങ്ങളില്‍ നഷ്ടവിൽപന

നിനക്കു നുറ്റുക്കുനൂറു-

മാര്‍ക്കുണങ്ങിയ പേപ്പറി-

ലൊന്നെടുത്ത് കോളാമ്പിക്കു

കൂന്തകുത്തിയ കുമ്പിളില്‍

അറിഞ്ഞുകൊണ്ടു നാലഞ്ചു

കൂട്ടിയെണ്ണി പൊതിയുമ്പാള്‍

എന്നെ തോൽപിച്ചുവെന്നല്ലേ

നിന്‍ ചിരിക്കർഥമിപ്പോഴും?

അറിയാതൊന്നു തൊട്ടപ്പോള്‍

ആട്ടിപ്പായിച്ച സ്നേഹമേ,

നടുക്കൊ,രസമചിഹ്നം

നടുക്കുന്നല്ലോ നമ്മളെ.

Tags:    
News Summary - malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.