ദീർഘനൃ/വൃത്തം

ചില്ലു പാത്രത്തിലിരുന്ന്

ചോരയൊലിപ്പിക്കും

മാതളപ്പഴത്തിന്റെയല്ലികളെ

നോക്കിയടുത്തിരുന്ന

കത്തി പേടിച്ച്

നിലവിളിക്കാനതിന്റെ

വായ തിരഞ്ഞ്

സ്വയം മുറിഞ്ഞു.

ഇത്ര മൂർച്ച കൂടിയ നാവ്

അടച്ചു വായിക്കാനൊരു,

അകത്തിടാനൊരു

വായയില്ലല്ലോ

എന്നോർത്തു വ്യസനിച്ച്

ഇത്രനാളും മുറിച്ച് നോക്കിയ

വിനകളെയൊക്കെയും

ഓർത്തോർത്തെണ്ണിയും

രുചിച്ച രുചികളുടെയെല്ലാം

മിനുസ്സങ്ങളും മുഴുപ്പുകളും

വഴുക്കലുകളും

നിറങ്ങളുമോർത്തും

പിടിച്ചുയർത്തിയും

താഴെക്കിടത്തിയും

നാവിൻ മൂർച്ച കൂട്ടിയും

താലോലിച്ച കരങ്ങളെയോർത്തും

കണ്ണീർ വാർക്കാനൊരു

കണ്ണില്ലല്ലോയെന്നോർത്ത്

മൂർച്ചയിൽ വ്യസനിക്കും നേരം

മാതളപ്പഴത്തിനല്ലികൾ; പല്ലുകൾ

കത്തിയെ കാർന്ന് കാർന്ന്

തിന്നു തീർത്തു.


Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.