ഞങ്ങളുടെ
ഭാഷ
അരുവിയിൽ പുതഞ്ഞ
പാറയോ!
കോടാലിയുടെ പിടിയോ
അല്ല!
അപ്പനപ്പൂപ്പൻമാർ
മണ്ണിലതുമുളപ്പിച്ച
കാലത്തിനും മുന്നേ
ചോദ്യത്തിന്റെ ഉത്തരം
മറ്റൊരു ചോദ്യമാക്കുന്ന
അമ്മൂമ്മമാരുടെ
മടിത്തൊറുപ്പിലൊളിച്ചിരുന്ന
വിത്ത്.
തെറിയായും
തേടലായും
പൊട്ടിമുളക്കുന്ന
തലപ്പുണ്ടതിന്.
ഒരുപക്ഷേ
അപ്പൂപ്പന്താടി പോലെ
കെട്ടിപ്പെറുക്കി
നാനാദിക്കിലേക്കും
പന്തകെട്ടിപ്പാർത്തിരിക്കാം...
എന്നാൽ
വേരുകൊണ്ടോ
തണ്ടുകൊണ്ടോ
കാ കൊണ്ടോ
ഇലകൊണ്ടോ
വീണേടത്തു തഴച്ചു.
വഴിയും
വെട്ടവും
ഇങ്ങോളമതിന്റെ
ചോരേം നീരും
വിറ്റുവിലവാങ്ങിയിട്ടും
ഇല്ലം പറഞ്ഞ്
തമ്മിൽ കലരുന്ന
ഭാഷ
എന്റേതാണ്...
പുരാതനമായതെന്തും
അതിൽനിന്നും തുടങ്ങുന്നു
മറഞ്ഞിരിക്കാനാവാതെ
മറ്റെന്തിനോടും
കലരുകയെന്ന
സാമൂഹിക തത്വം
അതിന്റെ കീഴ്വഴക്കമാണെന്നു കരുതി
മെരു (വെളു)ക്കുവാനതിന്റെ
മോന്തക്ക്
നിങ്ങൾ
മറ്റെന്തു പുരട്ടിയാലും
ഒറ്റവിളിയാൽ* ഏങ്കളെ
തിരിച്ചറിയും
അമ്മനമ്മി*...
===========
*ഞങ്ങളെ
*അച്ഛൻ /അമ്മ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.