വൃക്ഷങ്ങളുടെ കൂടെ എനിക്കൊരു ജീവിതമുണ്ട്. വെള്ളാരങ്കല്ലിൽ താമസിക്കുന്ന നിലാവും കൊക്കകളിൽ ചുറ്റിക്കിടക്കുന്ന വെയിലും സ്ഫടികമായും ചുഴിയായും പർവതങ്ങളുടെ മണമായും ഒഴുകിയൊഴുകിവരുന്ന കാട്ടുനീരും ചിത്രഭാഷയിലെഴുതിയത് വായിച്ചിട്ടുണ്ട്. മീനായി സഞ്ചരിച്ച് തടാകത്തിൽ ആകാശം കൊത്തുന്നു. അതു വായിച്ച പക്ഷി നദിയുടെ പിറവിയിൽ തെളിഞ്ഞ മുഖം ഇലയിൽ പതിപ്പിപ്പ് കാറ്റിൽ വയ്ക്കുന്നു....
വൃക്ഷങ്ങളുടെ കൂടെ എനിക്കൊരു ജീവിതമുണ്ട്.
വെള്ളാരങ്കല്ലിൽ താമസിക്കുന്ന നിലാവും
കൊക്കകളിൽ ചുറ്റിക്കിടക്കുന്ന വെയിലും
സ്ഫടികമായും ചുഴിയായും
പർവതങ്ങളുടെ മണമായും
ഒഴുകിയൊഴുകിവരുന്ന കാട്ടുനീരും
ചിത്രഭാഷയിലെഴുതിയത് വായിച്ചിട്ടുണ്ട്.
മീനായി സഞ്ചരിച്ച്
തടാകത്തിൽ ആകാശം കൊത്തുന്നു.
അതു വായിച്ച പക്ഷി
നദിയുടെ പിറവിയിൽ തെളിഞ്ഞ മുഖം
ഇലയിൽ പതിപ്പിപ്പ്
കാറ്റിൽ വയ്ക്കുന്നു.
വിത്തുകൾ മരിച്ച വയലുകൾക്കരികെ
പ്രാവുകൾ പറന്നിറങ്ങിയപ്പോൾ
തെളിഞ്ഞ മാടത്തിൽ
ആടുകളും പശുക്കളും മേയുന്ന
കണ്ണുകളുമായി ഞങ്ങളിരുന്നു.
മുറ്റത്ത് കഥ പറയുന്ന മൃഗം വന്നു.
മണ്ണിന്റെ ശരീരം കടമെടുത്ത്
നൃത്തം ചെയ്യുന്നവരെ പറഞ്ഞുപറഞ്ഞു വരുത്തി.
അവരോടൊപ്പം ചുവടുവച്ചു.
അവർ കല്ലുകൾ തിന്നു,
മണൽ കുടിച്ചു.
അവർ ജനിച്ച നാട്
പഴയ വസ്ത്രങ്ങൾപോലെ
ഇരുട്ടിൽ തൂങ്ങിക്കിടക്കുന്നു.
ഓലവീടുകൾ
ഉണങ്ങിയ ജലനാരുകൾപോലെ,
ആകാശത്തേക്കെഴുന്നേൽക്കാൻ ശ്രമിക്കുന്നു.
വീണ്ടും ജനിക്കുന്പോൾ
നാട്ടിൻപുറങ്ങളുടെ പേരുകൾ സ്വീകരിക്കാം.
ആദ്യ മഴ പെയ്യുന്പോൾ
നിലാവു പരക്കുന്പോൾ
പൂവു വിരിയുന്പോൾ
നടന്നുനടന്നു വഴി തെളിയുന്പോൾ,
മനുഷ്യന്റെ
പുരാതനശബ്ദത്തിൽ
ഒരു ഗാനം ആലപിക്കാം.
വേരുകളിൽനിന്ന്
കൈക്കുന്പിളിൽ
കോരിയെടുത്ത ജലം
എന്റെയുള്ളിൽ
പുഴയായി
ഉദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.