സി.കെ. അബ്ദുൽ നൂർ

പുഴയിലൂടെ നടന്നൊരിക്കൽ വനത്തിന്നുള്ളിലേക്കു പോയി. പകൽ പോയതറിഞ്ഞില്ല സന്ധ്യ വന്നതറിഞ്ഞില്ല. രാത്രി മഴ കൊണ്ടുപോയി വിട്ടു വീട്ടിൽ. വനത്തിൻ- ഗാനശിഖരങ്ങൾക്കുള്ളിലുറങ്ങി. ഇലകൾക്കു മീതെ പരന്നുകിടക്കുന്ന നിലാവിലേക്കവൻ പക്ഷിയെപ്പോലെ പറന്നുകിടന്നു. കൈവെള്ളയിൽ വിതച്ചു മുളപ്പിച്ച കാടിന്നകങ്ങൾ പഴയ വിദ്യാലയ മുറ്റത്തു നട്ടു. പ്രമോദ് പൂവരശ് മാഹിൻ മണിമരുത് ഇബ്രാഹിംകുട്ടി ഞാവൽ അരുൺ അരയാൽ സലിം പീലിവാക നവാസ് ഏഴിലംപാല ഷെയ്ഖ് ഇലഞ്ഞി, കൂട്ടുകാരെല്ലാമോരോ മരങ്ങളായ് ആകാശത്തേക്കു പടർന്നു. പുസ്തകത്തിലില്ലാത്ത പാഠങ്ങൾ സ്കൂളിലെ കുട്ടികൾ മരങ്ങൾക്കിടയിലൂടെ നടന്ന് ഉറക്കെ വായിക്കുന്നതു...

പുഴയിലൂടെ നടന്നൊരിക്കൽ

വനത്തിന്നുള്ളിലേക്കു പോയി.

പകൽ പോയതറിഞ്ഞില്ല

സന്ധ്യ വന്നതറിഞ്ഞില്ല.

രാത്രി മഴ കൊണ്ടുപോയി

വിട്ടു വീട്ടിൽ.

വനത്തിൻ-

ഗാനശിഖരങ്ങൾക്കുള്ളിലുറങ്ങി.

ഇലകൾക്കു മീതെ

പരന്നുകിടക്കുന്ന

നിലാവിലേക്കവൻ

പക്ഷിയെപ്പോലെ പറന്നുകിടന്നു.

കൈവെള്ളയിൽ വിതച്ചു മുളപ്പിച്ച

കാടിന്നകങ്ങൾ

പഴയ വിദ്യാലയ മുറ്റത്തു നട്ടു.

പ്രമോദ് പൂവരശ്

മാഹിൻ മണിമരുത്

ഇബ്രാഹിംകുട്ടി ഞാവൽ

അരുൺ അരയാൽ

സലിം പീലിവാക

നവാസ് ഏഴിലംപാല

ഷെയ്ഖ് ഇലഞ്ഞി,

കൂട്ടുകാരെല്ലാമോരോ മരങ്ങളായ്

ആകാശത്തേക്കു പടർന്നു.

പുസ്തകത്തിലില്ലാത്ത പാഠങ്ങൾ

സ്കൂളിലെ കുട്ടികൾ

മരങ്ങൾക്കിടയിലൂടെ നടന്ന്

ഉറക്കെ വായിക്കുന്നതു കേട്ടു.

തലേദിവസം പെയ്ത മഴയുടെ നനവ്

അവരുടെ ശിരസ്സിൽ തൊട്ടു,

വേരുകളിലൂടെ ഒഴുകുന്നയരുവി

പാദങ്ങളെയും.

ചിത്രശലഭങ്ങളുടെ മഴവില്ല്

കണ്ണുകളിൽ നിറഞ്ഞു.

ചെരിപ്പുകളുപേക്ഷിച്ച്

കുട്ടികൾ വീട്ടിലേക്കു-

നടന്നെഴുതിയ വരി

അവനെന്നെ വായിച്ചു കേൾപ്പിച്ചു.

കുട്ടിക്കാലത്ത്

പ്രഭാതങ്ങളിൽനിന്ന്

പൂക്കളിൽനിന്ന്

വയലുകളിൽനിന്ന്

കൈത്തോടുകളിലെ

പരൽമീനുകളിൽനിന്ന്

മരങ്ങളിൽ

പാട്ടു പാടി താമസിക്കുന്ന

കിളികളിൽനിന്നെല്ലാം

വായിച്ച പാഠങ്ങൾ

എന്നിൽ പൊടിഞ്ഞുവന്നു.

ഞാൻ താമസിക്കുന്ന

നഗരത്തിലേക്ക്

കാട്ടിൽനിന്നവനൊരു-

വഴിയെറിഞ്ഞു.

നടന്നു നടന്ന് നഗ്നനായാണ്

ഞാനെത്തിയത്.

ഒരു കുഞ്ഞിനെപ്പോലെ

അവനെന്നെ വാരിയെടുത്തു.

ഇലകളിൽ

മേഘം വരച്ച

ജലം തന്നു.

ഒരിക്കൽ

മഞ്ഞത്തുമ്പികൾക്കു നടുവിൽ

പ്രാവുകളോടു വർത്തമാനം

പറഞ്ഞ്

നിൽക്കുന്നതു കണ്ടു.

പെട്ടെന്ന്

ആകാശമുലഞ്ഞുവന്നു.

മഴയിൽ

അവൻ

മാഞ്ഞുപോയി.

വനത്തിൽനിന്നൊരു-

പുഴ

ഇഴഞ്ഞുവന്ന്

എന്നെ തൊട്ടു.

l

Tags:    
News Summary - madhyamam weekly poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-15 04:15 GMT