അ​സ​മ​വാ​ക്യ​ങ്ങ​ളു​ടെ നി​ർ​ധാ​ര​ണം

രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും ബു​ക്ക​ർ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്ത, താ​യ്‌​വാ​ൻ എ​ഴു​ത്തു​കാ​രി യാ​ങ് ഷ്വാ​ങ് സി 2020​ൽ മാ​ൻ​ഡ​റി​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘തായ് വാൻ ട്രാ​വ​ലോ​ഗ്’ എ​ന്ന നോ​വ​ൽ വാ​യി​ക്കു​ന്നു. ര​ണ്ടു പേ​ർ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ൽ ഒ​രാ​ൾ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​കു​ക​യും മ​റ്റെ​യാ​ൾ അ​ത് സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത/​ത​ൻ ആ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​വി​ടെ അ​സ​മ​ത്വം ഉ​ട​ലെ​ടു​ക്കു​ക​യാ​യി. സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​യാ​ൾ​ക്ക് ഒ​ഴി​വാ​ക്കാ​ൻ...

രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ക​യും ബു​ക്ക​ർ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്ത, താ​യ്‌​വാ​ൻ എ​ഴു​ത്തു​കാ​രി യാ​ങ് ഷ്വാ​ങ് സി 2020​ൽ മാ​ൻ​ഡ​റി​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘തായ് വാൻ ട്രാ​വ​ലോ​ഗ്’ എ​ന്ന നോ​വ​ൽ വാ​യി​ക്കു​ന്നു.

ര​ണ്ടു പേ​ർ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ൽ ഒ​രാ​ൾ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​കു​ക​യും മ​റ്റെ​യാ​ൾ അ​ത് സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത/​ത​ൻ ആ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ അ​വി​ടെ അ​സ​മ​ത്വം ഉ​ട​ലെ​ടു​ക്കു​ക​യാ​യി. സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​ന്ന​യാ​ൾ​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത​തും എ​ന്നാ​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത​തു​മാ​യ, സ്നേ​ഹ​മെ​ന്നും ക​രു​ത​ലെ​ന്നു​മൊ​ക്കെ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​വു​ന്ന, പ​രി​ഗ​ണ​ന​ക​ളി​ലൂ​ടെ സം​ര​ക്ഷ​ണം കൊ​ടു​ക്കു​ന്ന​യാ​ൾ ത​ന്റെ പ്ര​മാ​ണി​ത്തം ഉ​റ​പ്പാ​ക്കു​ക​യും മ​റു​വ​ശ​ത്തു​ള്ള​യാ​ൾ ത​ന്നെ​ക്കാ​ൾ താ​ഴെ​യാ​ണെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്നു. വ്യ​ക്തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല, സ​മൂ​ഹ​ങ്ങ​ളു​ടെ​യും രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളി​ൽ, ഇ​ത്ത​ര​ത്തി​ലു​ള്ള, നി​ർ​ദോ​ഷ​മെ​ന്നു തോ​ന്നാ​വു​ന്ന​തും എ​ന്നാ​ൽ, സ്വീ​ക​ർ​ത്താ​വി​ന് അ​സ​ഹ്യ​മാ​കു​ന്ന​തു​മാ​യ അ​സ​മ​ത്വ​ങ്ങ​ൾ കാ​ണാം. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ എ​ഴു​ത​പ്പെ​ട്ട ഒ​രു നോ​വ​ലി​ന്റെ പു​നഃ​പ്ര​സി​ദ്ധീ​ക​ര​ണ വി​വ​ർ​ത്ത​ന​മെ​ന്ന രീ​തി​യി​ൽ 2020ൽ ​താ​യ്‌​വാ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന നോ​വ​ലി​ൽ വ്യ​ക്തി​ക​ൾ​ക്കി​ട​യി​ലും സ​മൂ​ഹ​ത്തി​ലും രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ലും നി​ല​നി​ൽ​ക്കു​ന്ന ഇ​ത്ത​രം ദൃ​ശ്യ​വും അ​ദൃ​ശ്യ​വു​മാ​യ അ​സ​ന്തു​ലി​താ​വ​സ്ഥ​ക​ൾ വി​ഷ​യ​മാ​കു​ന്നു.

യാ​ങ് ഷ്വാ​ങ് സി ​എ​ന്ന താ​യ്‌​വാ​ൻ എ​ഴു​ത്തു​കാ​രി 2020ൽ ​മാ​ൻ​ഡ​റി​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘താ​യ്‌​വാ​നീ​സ് ട്രാ​വ​ലോ​ഗ്’ ലി​ൻ കി​ങ്ങാ​ണ് ഇം​ഗ്ലീ​ഷി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്ത​ത്. സാ​ങ്ക​ൽ​പി​ക ക​ഥാ​പാ​ത്ര​മാ​യ, ജ​പ്പാ​നി​ൽ​നി​ന്നു​ള്ള യു​വ എ​ഴു​ത്തു​കാ​രി, അ​യോ​മ ചി​സു​ക്കോ അ​ധി​നി​വേ​ശ കാ​ല​ത്ത് താ​യ്‌​വാ​ൻ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ എ​ഴു​തി​യ​തെ​ന്ന രീ​തി​യി​ലാ​ണ് യാ​ങ് ഷ്വാ​ങ് സി ​ത​ന്റെ നോ​വ​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നോ​വ​ലി​ലെ ജ​പ്പാ​ൻ​കാ​രി​യാ​യ ക​ഥാ​കാ​രി​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​യ വി​ല​കൂ​ടി​യ കി​മോ​ണ​യും പാ​ശ്ചാ​ത്യ​വ​സ്ത്ര​ങ്ങ​ളും താ​യ്‌​വാ​ൻ​കാ​രി​യാ​യ ദ്വി​ഭാ​ഷി നി​ര​സി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, താ​ൻ പൂ​ർ​ണ ഇ​ഷ്ട​ത്തോ​ടെ​യ​ല്ല അ​വ ധ​രി​ക്കു​ന്ന​തെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള വി​നി​മ​യ​ങ്ങ​ളി​ലും ഇ​ത്ത​രം സ​ഹാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്ക​പ്പെ​ടേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന സൂ​ച​ന അ​ധി​നി​വേ​ശ​കാ​ല​ത്ത് ജ​പ്പാ​ൻ താ​യ്‌​വാ​നി​ൽ ത​ങ്ങ​ളു​ടെ ഇ​ഷ്ട​പ്ര​കാ​രം ന​ട​ത്തു​ന്ന, താ​യ്‌​വാ​ൻ ജ​ന​ത ആ​ഗ്ര​ഹി​ക്കാ​ത്ത, വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ നോ​വ​ലി​സ്റ്റ് മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​കാ​ല​മാ​ണ് നോ​വ​ലി​ന്റെ പ്ര​മേ​യ​പ​രി​സ​രം.

അ​യോ​മ ചി​സു​ക്കോ​യു​ടെ ആ​ദ്യ​നോ​വ​ൽ വി​ജ​യ​മാ​കു​ക​യും ച​ല​ച്ചി​ത്ര​മാ​കു​ക​യും ചെ​യ്ത​തോ​ടെ താ​യ്‌​വാ​നി​ലു​ട​നീ​ള​മു​ള്ള സ്‌​കൂ​ളു​ക​ൾ​ക്കും അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​മാ​യി ഈ ​ച​ല​ച്ചി​ത്ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഒ​രു പ്ര​ഭാ​ഷ​ണ പ​ര്യ​ട​നം ന​ട​ത്താ​ൻ താ​യ്‌​വാ​നി​ലെ കൊ​ളോ​ണി​യ​ൽ ഭ​ര​ണ​കൂ​ടം അ​വ​രെ ക്ഷ​ണി​ച്ചു. പ​ര്യ​ട​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ യാ​ത്ര​ക​ളെ​ക്കു​റി​ച്ച് അ​വ​ർ കു​റി​പ്പു​ക​ളെ​ഴു​തി. ഈ ​യാ​ത്രാ​വി​വ​ര​ണ​ക്കു​റി​പ്പു​ക​ൾ അ​വ​ർ ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന​പേ​രി​ൽ ലേ​ഖ​ന പ​ര​മ്പ​ര​ക​ളാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ന്നീ​ട്, ജ​പ്പാ​നി​ലേ​ക്ക് മ​ട​ങ്ങി​യ​ശേ​ഷം ഇ​തേ പേ​രി​ലു​ള്ള നോ​വ​ൽ അ​വ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ൽ ഭ​ക്ഷ​ണ​പ്രി​യ​യും യു​വ​തി​യു​മാ​യ ഒ​രു വി​ദേ​ശ എ​ഴു​ത്തു​കാ​രി​യു​ടെ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​വ​ർ​ക്കു പ്രി​യ​പ്പെ​ട്ട രു​ചി​ക്കൂ​ട്ടു​ക​ളു​മ​ട​ങ്ങി​യ ഒ​രു യാ​ത്രാ​വി​വ​ര​ണ​ക്കു​റി​പ്പാ​ണ് ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്നു തോ​ന്നു​മെ​ങ്കി​ലും തു​ട​ർ​വാ​യ​ന​യി​ൽ താ​യ്‌​വാ​നി​ലെ ജ​പ്പാ​ൻ അ​ധി​നി​വേ​ശം, രാ​ഷ്ട്രീ​യ ത​ല​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും അ​ടി​ച്ചേ​ൽ​പ്പി​ച്ച അ​ധി​കാ​ര അ​സ​ന്തു​ലി​താ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ലേ​ക്കൊ​രു പ്ര​വേ​ശി​ക​യാ​ണ് ഈ ​നോ​വ​ലെ​ന്നു കാ​ണാം.

അ​യോ​മ ചി​സു​ക്കോ ത​ന്റെ താ​യ്‌​വാ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ താ​യ്‌​വാ​നി​ലെ കാ​ഴ്ച​ക​ളും ഗ​ന്ധ​ങ്ങ​ളും രു​ചി​ക​ളും അ​ടു​ത്ത​റി​യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു. അ​വ​ർ ദ്വീ​പി​ലെ ത​ന​താ​യ വി​ഭ​വ​ങ്ങ​ൾ ആ​സ്വ​ദി​ച്ചു ക​ഴി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നു. നോ​വ​ലി​ലു​ട​നീ​ളം​ത​ന്നെ വി​വി​ധ​ത​രം വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ളും അ​വ പാ​ച​കം ചെ​യ്യേ​ണ്ട രീ​തി​ക​ളും വി​വ​രി​ച്ചി​ട്ടു​ണ്ട്. വി​ഭ​വ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് അ​ധ്യാ​യ​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

തു​ട​ക്ക​ത്തി​ൽ വ​ള​രെ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ, മി​ഷി​മ​യാ​ണ് അ​യോ​മ ചി​സു​ക്കോ​യു​ടെ ദ്വി​ഭാ​ഷി​യാ​യി വ​രു​ന്ന​ത്. താ​യ്‌​വാ​നി​ലെ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യു​ള്ള അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും അ​യാ​ൾ നി​റ​വേ​റ്റാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. എ​ന്നാ​ൽ അ​യാ​ൾ​ക്കു​ശേ​ഷം വ​ന്ന ഓ​ങ് ഷി​യാ​ൻ-​ഹോ എ​ന്ന, മു​ൻ സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​യ, ദ്വി​ഭാ​ഷി​യു​മാ​യി അ​വ​ർ വേ​ഗം സൗ​ഹൃ​ദ​ത്തി​ലാ​യി. ഓ​ങ് ഷി​യാ​ൻ-​ഹോ ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ ഓ ​ചി​സു​രു എ​ന്ന​റി​യ​പ്പെ​ട്ടു. അ​യോ​മ ചി​സു​ക്കോ അ​വ​രെ സ്നേ​ഹ​ത്തോ​ടെ ചി-​ചാ​ൻ എ​ന്ന് വി​ളി​ച്ചു. ദ്വീ​പി​ൽ ചു​റ്റി സ​ഞ്ച​രി​ക്കാ​നും അ​യോ​മ ചി​സു​ക്കോ​യെ പ്രാ​ദേ​ശി​ക ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​രീ​തി​ക​ളും താ​യ്‌​വാ​നി​ലെ സം​സ്കാ​ര​വും ച​രി​ത്ര​വും പ​രി​ച​യ​പ്പെ​ടു​ത്താ​നും ചി-​ചാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ചു. ഈ ​ര​ണ്ടു സ്ത്രീ​ക​ൾ​ക്കി​ട​യി​ലും പ്ര​ണ​യം ഉ​ട​ലെ​ടു​ത്തു​വെ​ങ്കി​ലും പി​ന്നീ​ട് ചി-​ചാ​ൻ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ ആ ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ന്മാ​റി.

അ​യോ​മ ചി​സു​ക്കോ​യു​ടെ ക​ഥ വി​ശ്വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ൾ പ​രീ​ക്ഷ​ണാ​ത്മ​ക​വും കൗ​തു​ക​ക​ര​വു​മാ​ണ്. ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ അ​യോ​മ ചി​സു​ക്കോ എ​ഴു​തി​യ​താ​ണെ​ന്നും യ​ഥാ​ർ​ഥ എ​ഴു​ത്തു​കാ​രി​യാ​യ യാ​ങ് ഷ്വാ​ങ് സി 2020​ൽ അ​ത് മാ​ൻ​ഡ​റി​നി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്യു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മു​ള്ള പ്ര​തീ​തി ഉ​ള​വാ​ക്കു​ന്ന​വി​ധം യാ​ങ്ങി​ന്റേ​താ​യി നോ​വ​ലി​ൽ അ​ടി​ക്കു​റി​പ്പു​ക​ളും പ​രി​ഭാ​ഷ​ക​യു​ടെ കു​റി​പ്പും കൊ​ടു​ത്തി​ട്ടു​ണ്ട്.

അ​യോ​മ ചി​സു​ക്കോ​യു​ടെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളെ​ന്ന മ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട കൃ​തി​യി​ൽ വി​വ​ർ​ത്ത​ക​രാ​യ യാ​ങ് (സാ​ങ്ക​ൽ​പി​കം), കി​ങ്‌ എ​ന്നി​വ​രു​ടെ അ​ടി​ക്കു​റി​പ്പു​ക​ൾ (footnotes) വെ​വ്വേ​റെ കൊ​ടു​ത്തി​രി​ക്കു​ന്നു. അ​യോ​മ ചി​സു​ക്കോ​യു​ടെ വ​ള​ർ​ത്തു​മ​ക​ൾ, അ​വ​രു​ടെ താ​യ്‌​വാ​നി​ലെ ദ്വി​ഭാ​ഷി​യും പി​ന്നീ​ട് ജാ​പ്പ​നീ​സി​ൽ​നി​ന്ന് മാ​ൻ​ഡ​റി​നി​ലേ​ക്കു​ള്ള നോ​വ​ലി​ന്റെ പ​രി​ഭാ​ഷ​ക​യു​മാ​യി മാ​റി​യ ചി-​ചാ​ൻ, ചി-​ചാ​ന്റെ മ​ക​ൾ, 2020ൽ ​നോ​വ​ൽ വീ​ണ്ടും മാ​ൻ​ഡ​റി​നി​ലേ​ക്കു മൊ​ഴി​മാ​റ്റം ചെ​യ്ത യാ​ങ് (പ​രി​ഭാ​ഷ​ക​യാ​യി സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന യാ​ങ് ഷ്വാ​ങ് സി​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ഴു​തി​യി​രി​ക്കു​ന്ന​ത്), ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന, 2020ൽ ​മാ​ൻ​ഡ​റി​നി​ൽ പ്ര​സി​ദ്ധീ​കൃ​ത​മാ​യ യ​ഥാ​ർ​ഥ കൃ​തി​യു​ടെ ഇം​ഗ്ലീ​ഷ് പ​രി​ഭാ​ഷ​ക ലി​ൻ കി​ങ്‌ എ​ന്നി​വ​രു​ടെ പി​ൻ​കു​റി​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​തി​ൽ ലി​ൻ കി​ങ്‌ എ​ഴു​തി​യ​തൊ​ഴി​കെ മ​റ്റെ​ല്ലാ കു​റി​പ്പു​ക​ളും സാ​ങ്ക​ൽ​പി​ക​മാ​ണെ​ന്ന​തി​നാ​ൽ അ​വ നോ​വ​ലി​ന്റെ ഭാ​ഗം മാ​ത്ര​മാ​കു​ന്നു.

നോ​വ​ലി​ന്റെ ആ​മു​ഖ​ത്തി​ൽ (താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി​ന​ല്ല, മ​റി​ച്ച് 2020ൽ ​യാ​ങ് ഷ്വാ​ങ് സി ​ജാ​പ്പ​നീ​സി​ൽ​നി​ന്നു മാ​ൻ​ഡ​റി​നി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ പു​സ്ത​ക​ത്തി​നാ​യെ​ന്ന​പോ​ലെ​യാ​ണ് ഈ ​ആ​മു​ഖ​വും എ​ഴു​തി​യി​രി​ക്കു​ന്ന​ത്) അ​യോ​മ ചി​സു​ക്കോ​യു​ടെ ദ്വി​ഭാ​ഷി യാ​ഥാ​ർ​ഥ​ത്തി​ലു​ണ്ടാ​യി​രു​ന്നു​വോ അ​തോ ത​ന്റെ ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​യി നോ​വ​ലി​സ്റ്റ് തി​ര​ഞ്ഞെ​ടു​ത്ത ഒ​രു മാ​ധ്യ​മം മാ​ത്ര​മാ​യി​രു​ന്നു​വോ എ​ന്ന സ​ന്ദേ​ഹം പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ പി​ന്നീ​ട്, ചി-​ചാ​നെ പ​ല​പ്പോ​ഴും അ​യോ​മ ചി​സു​ക്കോ​ക്കൊ​പ്പം ക​ണ്ട​താ​യി പ​ല​രും പ​റ​ഞ്ഞു​കേ​ട്ട​തി​നാ​ൽ അ​വ​ർ സാ​ങ്ക​ൽ​പി​ക ക​ഥാ​പാ​ത്ര​മ​ല്ലെ​ന്ന് ആ​മു​ഖ​മെ​ഴു​തി​യ ഹി​യോ​ഷി സ​ഗാ​കോ ഉ​റ​പ്പി​ച്ചു​പ​റ​യു​ന്നു. ഇ​ത്ത​ര​ത്തി​ൽ ചി-​ചാ​ന്റെ അ​സ്തി​ത്വ​ത്തി​ൽ മാ​ത്രം സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അ​യോ​മ ചി​സു​ക്കോ ഒ​രു യ​ഥാ​ർ​ഥ വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ സ്ഥാ​പി​ക്കാ​ൻ ആ​മു​ഖ​ത്തി​ലെ പ്ര​സ്താ​വ​ന​ക​ൾ​കൊ​ണ്ട് ക​ഴി​യു​ന്നു.

യാ​ങ് ഷ്വാ​ങ് സി ​ആ​ദ്യ​മാ​യി ത​ന്റെ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​മ്പോ​ൾ പു​റം​ച​ട്ട​യി​ൽ എ​ഴു​ത്തു​കാ​രി​യു​ടെ പേ​ര് അ​യോ​മ ചി​സു​ക്കോ എ​ന്നും വി​വ​ർ​ത്ത​ക​യു​ടെ പേ​ര് യാ​ങ് ഷ്വാ​ങ് സി ​എ​ന്നു​മാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. ഇ​ത് സാ​ഹി​ത്യ​ലോ​ക​ത്ത് വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ജാ​പ്പ​നീ​സ് പു​സ്ത​ക​ത്തി​ന്റെ പ​രി​ഭാ​ഷ​യെ​ന്ന പേ​രി​ൽ നോ​വ​ൽ വാ​ങ്ങി​യ ചി​ല​ർ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പി​ന്നീ​ടു​വ​ന്ന പ​തി​പ്പു​ക​ളി​ൽ യാ​ങ് ഷ്വാ​ങ് സി​യു​ടെ പേ​രു​ത​ന്നെ എ​ഴു​ത്തു​കാ​രി​യു​ടേ​താ​യി കൊ​ടു​ത്തു​തു​ട​ങ്ങി.

പ്ര​മേ​യ​ത്തി​ലെ മെ​റ്റാ ഫി​ക്ഷ​ന​ൽ ഘ​ട​ക​ങ്ങ​ളും സ്ഥ​ല​കാ​ല​ങ്ങ​ളു​ടെ​യും വ​സ്ത്ര​ധാ​ര​ണ​രീ​തി​ക​ളു​ടെ​യും ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളു​ടെ​യും അ​തി​സൂ​ക്ഷ്മ​മാ​യ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളും മാ​ത്ര​മ​ല്ല, ക​ഥ പ​റ​യാ​നു​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഭാ​ഷ​യു​ടെ പ്ര​ത്യേ​ക​ത​ക​ളും നോ​വ​ലി​ലെ സ​ങ്ക​ൽ​പ​വും യാ​ഥാ​ർ​ഥ്യ​വും ത​മ്മി​ലു​ള്ള അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്. കാ​വ്യാ​ത്മ​ക​മാ​യ ഭാ​ഷ​യു​ടെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​രു​ടെ ഭാ​വ​ന ഉ​ണ​ർ​ത്താ​ന​ല്ല, മ​റി​ച്ച് സു​ഗ്രാ​ഹ്യ​വും സു​താ​ര്യ​വ്യ​മാ​യ ഭാ​ഷ​യി​ലൂ​ടെ ത​ങ്ങ​ൾ വാ​യി​ക്കു​ന്ന ക​ഥ യാ​ഥാ​ർ​ഥ്യ​മാ​ണെ​ന്ന ധാ​ര​ണ വാ​യ​ന​ക്കാ​രി​ൽ ഉ​ള​വാ​ക്കാ​നാ​ണ് നോ​വ​ലി​സ്റ്റ് ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​രീ​തി​യി​ൽ, തു​ട​ക്ക​ത്തി​ൽ അ​ൽ​പം വ​ര​ണ്ട​തെ​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ​വാ​യ​ന​യി​ൽ ഭാ​ഷ എ​ന്ന ശ​ക്ത​മാ​യ മാ​ധ്യ​മ​ത്തെ നോ​വ​ലി​സ്റ്റ് സ​മ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു എ​ന്നു​കാ​ണാം.

നോ​വ​ലി​ൽ ചൈ​ന​യെ കു​റി​ക്കാ​ൻ ഷീ​ന (Shina) എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ര​ണ്ടാം ലോ​ക​യു​ദ്ധം വ​രെ, ഇ​ത് ചൈ​ന​യെ സൂ​ചി​പ്പി​ക്കു​ന്ന നി​ഷ്പ​ക്ഷ​മാ​യ ഒ​രു ജാ​പ്പ​നീ​സ് പ​ദ​മാ​യി​രു​ന്നു. എ​ന്നാ​ൽ , ചൈ​ന-​ജ​പ്പാ​ൻ യു​ദ്ധ​കാ​ല​ത്ത് പ​ല ചൈ​ന​ക്കാ​രും ഈ ​വാ​ക്കി​നെ ഒ​രു നി​ന്ദ​യാ​യി ക​ണ്ടു. കാ​ല​വും സാ​ഹ​ച​ര്യ​ങ്ങ​ളും വാ​ക്കു​ക​ളു​ടെ അ​ർ​ഥ​ങ്ങ​ളെ​യും ഭാ​ഷ​യെ​യും​വ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണി​ത്. ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ൽ ഷീ​ന എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ നോ​വ​ലി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​നു മു​മ്പ് സം​ഭ​വി​ച്ച​താ​ണെ​ന്ന ധാ​ര​ണ അ​ടി​വ​ര​യി​ട്ടു​റ​പ്പി​ക്കാ​ൻ നോ​വ​ലി​സ്റ്റി​നു ക​ഴി​യു​ന്നു​ണ്ട്.

നോ​വ​ലി​ൽ അ​യോ​മ ചി​സു​ക്കോ താ​യ്‌​വാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് താ​യ്‌​വാ​നി​ലെ ജ​പ്പാ​ൻ അ​ധി​നി​വേ​ശ​ക്കാ​ല​ത്താ​ണ്. ച​രി​ത്ര​പ​ര​മാ​യ ഈ ​പ​ശ്ചാ​ത്ത​ല​മു​ൾ​ക്കൊ​ണ്ടാ​വ​ണം ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ എ​ന്ന നോ​വ​ൽ വാ​യി​ക്കേ​ണ്ട​ത്. ജ​പ്പാ​ൻ ഭ​ര​ണ​കാ​ല​ത്ത് താ​യ്‌​വാ​നെ ദ്വീ​പ് (Island) എ​ന്നും ജ​പ്പാ​നെ വ​ൻ​ക​ര (Mainland) എ​ന്നു​മാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. 1845ൽ ​ചൈ​ന​യും ജ​പ്പാ​നും ത​മ്മി​ലു​ണ്ടാ​യ ഒ​ന്നാം സി​നോ-​ജാ​പ്പ​നീ​സ് യു​ദ്ധ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ചൈ​ന​ക്ക് താ​യ്‌​വാ​നെ ജ​പ്പാ​നു വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. 1895 മു​ത​ൽ 1945ൽ ​ര​ണ്ടാം ലോ​ക​യു​ദ്ധ​ത്തി​ന്റെ അ​വ​സാ​നം വ​രെ 50 വ​ർ​ഷ​ക്കാ​ലം താ​യ്‌​വാ​ൻ ജാ​പ്പ​നീ​സ് കോ​ള​നി​യാ​യി​രു​ന്നു. ജ​പ്പാ​ൻ ഭ​ര​ണ​കൂ​ടം താ​യ്‌​വാ​നി​ലെ വി​ഭ​വ​ങ്ങ​ൾ ചൂ​ഷ​ണം​ചെ​യ്തു, വി​യോ​ജി​പ്പു​ക​ൾ അ​ടി​ച്ച​മ​ർ​ത്തി, ജ​ന​ങ്ങ​ളെ ജാ​പ്പ​നീ​സ് ഭാ​ഷ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു, ജ​ന​ങ്ങ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ലും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളു​ണ്ടാ​യി.

അ​ധി​നി​വേ​ശ​ശ​ക്തി​യു​ടെ അ​ധി​കാ​ര​പ്ര​യോ​ഗ​ങ്ങ​ളും ന​യ​ങ്ങ​ളും ന​ട​പ്പാ​ക്കു​മ്പോ​ഴും കൊ​റി​യ​പോ​ലെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന​തു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ജ​പ്പാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്റെ ക്രൂ​ര​ത​യും അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ളും താ​യ്‌​വാ​നി​ൽ കു​റ​വാ​യി​രു​ന്നു. മാ​ത്ര​മ​ല്ല താ​യ്‌​വാ​ന്റെ വി​ക​സ​ന​ത്തി​ൽ അ​വ​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്തു. താ​യ്‌​വാ​നെ ആ​ധു​നീ​ക​രി​ക്കാ​നാ​യി ജ​പ്പാ​ൻ സൈ​ന്യം അ​വി​ടെ ഹൈ​വേ​ക​ളും റെ​യി​ൽ​വേ​ക​ളും നി​ർ​മി​ച്ചു. ദ്വീ​പി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​വ​ർ ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യും നി​ർ​മി​ച്ചു. സൈ​നി​ക ഭ​ര​ണാ​ധി​കാ​രി​ക​ൾ താ​യ്‌​വാ​നി​ൽ ഭൂ​മി സ​ർ​വേ​ക​ൾ ന​ട​ത്തി ഭൂ​വു​ട​മ​സ്ഥ സ​മ്പ്ര​ദാ​യം ന​വീ​ക​രി​ച്ചു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ തു​ട​ക്ക​ത്തി​ൽ, ദ്വീ​പി​ന്റെ വ​ട​ക്ക​ൻ, തെ​ക്ക​ൻ ഭാ​ഗ​ങ്ങ​ളെ റെ​യി​ൽ‌​പാ​ത​ക​ൾ വ​ഴി ബ​ന്ധി​പ്പി​ക്കു​ക​യും തു​റ​മു​ഖ​ങ്ങ​ൾ, വൈ​ദ്യു​തി​നി​ല​യ​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ച്ച് വി​ക​സി​ത​മാ​യ ഒ​രു വ്യ​വ​സാ​യി​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക്ക് അ​ടി​ത്ത​റ​യി​ടു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല, ജ​പ്പാ​നി​ലെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​ന്റെ അ​തേ നി​ല​വാ​ര​ത്തി​ൽ താ​യ്‌​വാ​നി​ലെ വി​ദ്യാ​ഭ്യാ​സ​രീ​തി​ക​ൾ പ​രി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.

ജ​പ്പാ​ന്റെ ദ​ക്ഷി​ണ വി​ക​സ​ന ന​യ​ത്തെ​യും (Southern Expansion Policy) യു​ദ്ധ​ങ്ങ​ളെ​യും അ​യോ​മ ചി​സു​ക്കോ പി​ന്തു​ണ​ക്കു​ന്നി​ല്ല. എ​ഴു​ത്തു​കാ​ർ തോ​ക്കു​ക​ൾ​പോ​ലെ പേ​ന​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട ഒ​രു ഘ​ട്ട​ത്തി​ലേ​ക്ക് യു​ദ്ധം എ​ത്തി​ച്ചേ​ർ​ന്നാ​ൽ താ​ൻ ത​ന്റെ പേ​ന വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി​പ്പോ​കു​മെ​ന്ന് അ​വ​ർ പ​റ​യു​ന്നു​ണ്ട്. പ​സ​ഫി​ക് സ​മു​ദ്ര​ത്തെ​യും തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​യെ​യും ജ​പ്പാ​ൻ സാ​മ്രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക​ശേ​ഷി​യാ​യി വീ​ക്ഷി​ച്ച ജ​പ്പാ​ന്റെ ന​യ​മാ​ണ് ദ​ക്ഷി​ണ വി​ക​സ​ന ന​യം. ത​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യും നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഇ​തി​ലൂ​ടെ അ​വ​ർ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

ദ​ക്ഷി​ണ വി​ക​സ​ന ന​യ​ത്തെ പി​ന്തു​ണ​ക്കു​ന്നി​ല്ലെ​ങ്കി​ൽ​പ്പോ​ലും താ​യ്‌​വാ​ന്റെ ആ​ധു​നീ​ക​ര​ണ​ത്തി​നാ​യി ജ​പ്പാ​ൻ ന​ട​ത്തു​ന്ന ചി​ല ഇ​ട​പെ​ട​ലു​ക​ളോ​ട് അ​യോ​മ ചി​സു​ക്കോ മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​ണ്ട്. താ​യ്‌​വാ​ന്റെ ആ​ഗ്ര​ഹ​പ്ര​കാ​ര​മ​ല്ല, മ​റി​ച്ചു ത​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്‌ മ​റ്റൊ​രു സം​സ്കാ​ര​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ഇ​ത്ത​രം വി​ക​സ​ന​ങ്ങ​ളി​ലൂ​ടെ ജ​പ്പാ​ൻ ഭ​ര​ണ​കൂ​ടം ചെ​യ്യു​ന്ന​തെ​ന്നും അ​തി​ൽ ചി-​ചാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​യ്‌​വാ​ൻ ജ​ന​ത സ​ന്തു​ഷ്ട​രാ​യി​രി​ക്കി​ല്ലെ​ന്നും തി​രി​ച്ച​റി​യു​ന്ന​തി​ൽ ജ​പ്പാ​ൻ​കാ​രി​യാ​യ അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ന്നു. സ​മാ​ന​മാ​യ​രീ​തി​യി​ൽ ചി-​ചാ​നു വേ​ണ്ടി താ​ൻ ഒ​രു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ന്ന സം​ര​ക്ഷ​ണം യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യു​ന്ന​തി​നും അ​വ​ർ​ക്കു ക​ഴി​യു​ന്നി​ല്ല.

സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന വി​വേ​ച​ന​ങ്ങ​ളെ അ​യോ​മ ചി​സു​ക്കോ എ​തി​ർ​ക്കു​ന്നു. ചി-​ചാ​ൻ അ​വ​രു​ടെ ചി​ന്ത​ക​ളെ പി​ന്തു​ണ​ക്കു​ന്നു. ഭ​ക്ഷ​ണ​ത്തോ​ടു​ള്ള താ​ൽ​പ​ര്യ​ത്തി​ലു​ൾ​പ്പെ​ടെ പ​ല​കാ​ര്യ​ങ്ങ​ളി​ലും ഈ ​ര​ണ്ടു സ്ത്രീ​ക​ളി​ലും സാ​ദൃ​ശ്യ​ങ്ങ​ൾ കാ​ണാം. എ​ന്നി​രു​ന്നാ​ലും ത​ന്റെ കു​ടും​ബ പാ​ര​മ്പ​ര്യ​ത്തി​ൽ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​സാ​രം അ​യോ​മ ചി​സു​ക്കോ​വി​ൽ​നി​ന്നു​ണ്ടാ​കു​ന്നു​ണ്ട്. താ​യ്‌​വാ​നി​ൽ സ​മൂ​ഹ​ത്തി​ലെ ഉ​യ​ർ​ന്ന​ത​ട്ടി​ലു​ള്ള ഒ​രാ​ളു​ടെ ഉ​പ​ഭാ​ര്യ​മാ​രി​ൽ ഒ​രാ​ൾ​ക്ക് ഉ​ണ്ടാ​യ പെ​ൺ​കു​ട്ടി എ​ന്ന​നി​ല​യി​ൽ അ​ച്ഛ​ൻ ധ​നി​ക​നാ​യി​ട്ടും ദ​രി​ദ്ര​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ല്യ​കാ​ലം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​വ​ളാ​ണ് ചി-​ചാ​ൻ. അ​വ​രു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​താ​ണ്. ആ ​വി​വാ​ഹം ഒ​ഴി​വാ​ക്കി ത​ന്റെ​യൊ​പ്പം ജ​പ്പാ​നി​ലേ​ക്കു വ​ര​ണ​മെ​ന്ന് അ​യോ​മ ചി​സു​ക്കോ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ഴു​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ​പ്പോ​ലും ധ​നി​ക​രാ​യ അ​യോ​മ കു​ടും​ബ​ത്തി​ന്റെ ഒ​രു ശാ​ഖ​യു​ടെ അ​വ​കാ​ശി​യാ​യ ത​ന്റെ​യൊ​പ്പം ക​ഴി​യാ​ൻ ചി-​ചാ​ന് ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​വി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു. ഇ​വി​ടെ ത​ന്റെ രാ​ജ്യം, സ​മൂ​ഹം, കു​ടും​ബം എ​ന്നി​വ​യെ​ല്ലാം ഉ​യ​ർ​ന്ന​നി​ല​വാ​ര​ത്തി​ലു​ള്ള​വ​യെ​ന്ന് അ​യോ​മ ചി​സു​ക്കോ ക​രു​തു​ക​യും സ്വ​യ​മ​റി​യാ​തെ​ത​ന്നെ അ​വ​ര​ത് ചി-​ചാ​നു മു​ന്നി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​ണ്.

അ​ധി​നി​വേ​ശ​കാ​ല​ത്ത് താ​യ്‌​വാ​നി​ൽ ക​ണ്ടു​വ​ന്ന മ​റ്റൊ​രു​ത​രം സാ​മൂ​ഹി​ക അ​സ​മ​ത്വ​ത്തെ​പ്പ​റ്റി നോ​വ​ലി​ന്റെ ആ​മു​ഖ​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. താ​യ്‌​വാ​നി​ൽ ജ​നി​ച്ച ജ​പ്പാ​ൻ​കാ​രു​ടെ ത​ല​മു​റ നേ​രി​ടു​ന്ന സ്വ​ത്വ​പ്ര​തി​സ​ന്ധി​യാ​ണി​ത്. വാ​ൻ ഷെ​ങ് എ​ന്ന​റി​യ​പ്പെ​ട്ട ഇ​വ​ർ ജ​പ്പാ​ൻ വം​ശ​ജ​രാ​ണെ​ങ്കി​ലും ജ​പ്പാ​നി​ൽ ജ​നി​ച്ച​വ​ർ അ​വ​രെ ത​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ഗ​ണി​ച്ചി​ല്ല. ജ​പ്പാ​ൻ സാ​മ്രാ​ജ്യ​ത്തി​ലെ എ​ല്ലാ പൗ​ര​ന്മാ​രും തു​ല്യ​രാ​ണെ​ന്ന പ്ര​സ്താ​വ​ന ഭ​ര​ണ​കൂ​ടം ആ​വ​ർ​ത്തി​ച്ചു​വെ​ങ്കി​ലും താ​യ്‌​വാ​ൻ​കാ​രെ അ​ക്കാ​ല​ത്ത് ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യി ക​ണ​ക്കാ​ക്കു​ക​യും ചെ​യ്തു​പോ​ന്നു. ഈ ​ര​ണ്ടു​ത​ട്ടി​നു​മി​ട​യി​ൽ, ര​ണ്ടി​ട​ങ്ങ​ളി​ലു​മി​ല്ലാ​തെ, ജ​പ്പാ​ൻ​കാ​ർ​ക്കും താ​യ്‌​വാ​ൻ​കാ​ർ​ക്കും മ​ധ്യ​ത്തി​ലാ​യാ​യി​രു​ന്നു താ​യ്‌​വാ​നി​ൽ ജ​നി​ച്ച ജ​പ്പാ​ൻ വം​ശ​ജ​രു​ടെ സ്ഥാ​നം.

 

പരിഭാഷക ലി​ൻ കി​ങ്ങിനൊപ്പം യാ​ങ് ഷ്വാ​ങ് സി

ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ അ​സ​മ​വാ​ക്യ​ങ്ങ​ളു​ടെ (inequalities, ഉ​ദാ​ഹ​ര​ണം: 3x = 24) നി​ർ​ധാ​ര​ണം​കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത് അ​സ​മ​ത്വ​ത്തെ സ​മ​ത്വ​ത്തി​ലെ​ത്തെ​ത്തി​ക്കാ​നു​ള്ള വ​ഴി ക​ണ്ടെ​ത്തു​ക എ​ന്ന​ത​ല്ല മ​റി​ച്ച്, അ​തി​ലെ അ​സ്ഥി​ര ഘ​ട​ക​ത്തി​ന്റെ (variable) മൂ​ല്യം നി​ർ​ണ​യി​ക്കു​ക എ​ന്നു​ള്ള​താ​ണ്. ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ലും അ​യോ​മ ചി​സു​ക്കോ​യു​ടെ മാ​ന​സി​ക​വ്യ​ഥ​യു​ടെ കാ​ര​ണം വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ൽ അ​വ​ർ അ​റി​യാ​തെ പി​ന്തു​ട​ർ​ന്ന അ​സ​മ​ത്വ​ങ്ങ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തു​വാ​ൻ മാ​ത്ര​മേ അ​വ​ർ​ക്ക് ആ​കു​ന്നു​ള്ളൂ. അ​വ പ​രി​ഹ​രി​ച്ച്‌ ബ​ന്ധ​ങ്ങ​ളി​ൽ സ​മ​ത്വം നി​ല​നി​ർ​ത്താ​ൻ അ​വ​ർ​ക്കാ​കു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും സ​മൂ​ഹ​ത്തി​ൽ നി​ല​കൊ​ള്ളു​ന്ന, നി​രു​പ​ദ്ര​വ​മെ​ന്നു തോ​ന്നാ​വു​ന്ന അ​നേ​കം അ​സ​ന്തു​ലി​താ​വ​സ്ഥ​ക​ളി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടാ​ൻ നോ​വ​ലി​നു ക​ഴി​യു​ന്നു​ണ്ട്.

ചൈ​നീ​സ് മാ​ൻ​ഡ​റി​ൻ ഭാ​ഷ​യി​ൽ എ​ഴു​തി​യ ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗി’​ന്‌ 2021ൽ ​ഗോ​ൾ​ഡ​ൻ ട്രൈ​പോ​ഡ് അ​വാ​ർ​ഡ് ല​ഭി​ച്ചു. ലി​ൻ കി​ങ്ങി​ന്റെ ഇം​ഗ്ലീ​ഷ് വി​വ​ർ​ത്ത​നം 2024ൽ ​ഗ്രേ​വു​ൾ​ഫ് പ്ര​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 2024 ൽ ​ഇ​ത് വി​വ​ർ​ത്ത​ന സാ​ഹി​ത്യ​ത്തി​നു​ള്ള യു.​എ​സ് നാ​ഷ​ന​ൽ ബു​ക്ക് അ​വാ​ർ​ഡ് നേ​ടി. ‘​ര​ണ്ട് സ്ത്രീ​ക​ൾ ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തി​ന്റെ മ​ധു​ര​വും ക​യ്പും നി​റ​ഞ്ഞ ക​ഥ പ​റ​യു​ന്ന ‘താ​യ്‌​വാ​ൻ ട്രാ​വ​ലോ​ഗ്’ ഭാ​ഷ, ച​രി​ത്രം, അ​ധി​കാ​രം എ​ന്നി​വ​യു​ടെ ക​ലാ​പ​ര​മാ​യ അ​ന്വേ​ഷ​ണം​കൂ​ടി​യാ​ണ്’ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടു​കൂ​ടി ഈ ​നോ​വ​ൽ ഇ​ത്ത​വ​ണ​ത്തെ അ​ന്ത​ർ​ദേ​ശീ​യ ബു​ക്ക​ർ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - reading the novel 'Taiwan Travelogue'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.