അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.
അറബിക് മദ്റസയിൽ പഠിക്കുന്ന കുട്ടികളിലൊരുവളാണ് ഹസീന. അവളോടൊപ്പം പഠിക്കുന്ന മറ്റു കുട്ടികൾക്ക് ഒരുനാൾ തങ്ങളുടെ അമ്മമാരോട് പറയാനുണ്ടായിരുന്നത് ഒരേ കഥയാണ്. തമന്നും എന്നു പേരുള്ള കുട്ടി അവളുടെ അമ്മ റഫിയയോടും റാഫി എന്നു പേരുള്ളവൻ അവന്റെ അമ്മ വസീമയോടും ഹമീദ് എന്നു പേരുള്ളവൻ തന്റെ അമ്മയോടും പറഞ്ഞു. ‘‘അമ്മീ... ഹസീനയും അവളുടെ അമ്മയും പള്ളിയിൽ ഇരിക്കയാണ്.’’ അമ്മമാരെല്ലാം ചോദിച്ചു: ‘‘ഈ നേരത്തോ? എന്തിന്?’’ കുട്ടികൾ പറഞ്ഞു: ‘‘ഇന്ന് എന്തോ വിധിയുണ്ടാവുമത്രെ.’’
മജീദ എന്ന് പേരുള്ള കുട്ടിക്ക് അവളുടെ ബാപ്പയോട് പറയാനുണ്ടായിരുന്നത് ഇതേ കഥയാണെങ്കിലും അത്, ഒറ്റ വരിയിലൊതുങ്ങിയില്ല. നെഞ്ചത്ത് ഖുർആൻ അടക്കിപ്പിടിച്ചുംകൊണ്ട് അവൾ മഴയത്ത് വീട്ടിൽ വന്നുകയറിയപ്പോൾ ഇരിപ്പുമുറിയിൽ അബ്ബ ഇരിക്കുന്നതാണ് കണ്ടത്. ‘‘അബ്ബാ എന്താണ് പള്ളിയിൽ പോകാത്തത്?’’ ‘‘ആ... ഇശാ നമാസ്സിന് നേരമാവുന്നതേയുള്ളൂ. ജമാഅത്തിലെ ആളുകൾ മുഴുവൻ എത്തീട്ടുണ്ടാവില്ല.’’ അബ്ദുൽ ഖാദർ സാഹിബ് പറഞ്ഞു: ‘‘ഞാൻ പോകയായി.’’ അദ്ദേഹമാണ് പള്ളിയിലെ മുതവല്ലി.
ഖുർആൻ കണ്ണുകളിൽ തൊടീച്ച് മേശമേൽ വെച്ചുംകൊണ്ട് മജീദ പറഞ്ഞു. ‘‘നമാസ്സിനെപ്പറ്റിയല്ല ഞാൻ പറയുന്നത്. അവിടെ പള്ളിയിൽ ഹസീനയും അവളുടെ അമ്മയും കാത്തിരിക്കുന്നുണ്ട്. അബ്ബാ എത്തുന്നതും കാത്ത്. അവളുടെ വിധിപറയുന്നത് ഇന്നാണത്രെ.’’ ‘‘ഓ... അതോ... എന്താ നീ പറഞ്ഞത് ആ പെണ്ണ് പള്ളിയിൽ ഇരിക്കുകയാണെന്നോ? പള്ളിയിൽ എവിടെയാണവളിരിക്കുന്നത്?’’
കൗൺസിൽ കൂടാൻ എല്ലാവരെയും വിളിച്ചിരുന്ന കാര്യം ഓർമയിലുണ്ടായിരുന്നില്ല. ടീപോയ് മേലിരുന്ന തൊപ്പിയെടുത്ത് അദ്ദേഹം പതുക്കെ തലയിൽവെച്ചു. ‘‘അബ്ബാജാൻ, ‘ജനാസ’ വെക്കുന്നതിനടുത്താണ് അവരിരിക്കുന്നത്. ഹസീനയുടെ അമ്മയും അവളും അവളുടെ താഴെയുള്ള രണ്ടു പെൺകുട്ടികളും. പാവങ്ങൾ! വേഗം ചെല്ലൂ അബ്ബാജാൻ. അവരെല്ലാം തണുത്തു വിറച്ചുംകൊണ്ടിരിക്കുകയാണ്.’’
മഴ! തണുപ്പ്! അതൊന്നുമല്ല അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. സിലോൺ പറോട്ട, ചിക്കൻ കബാബ് തുടങ്ങിയ രുചികരമായ ഭക്ഷ്യങ്ങളാണ്, എല്ലാം ഒരുക്കുന്ന അമീനയും. പത്തുകൊല്ലത്തിനുള്ളിൽ അയാളുടെ ഏഴു മക്കളെ പെറ്റ അമീന. അവളുടെ ദേഹത്തിനും ഉടുപുടവക്കും വെളുത്തുള്ളിയുടെയും പച്ച ഇഞ്ചിയുടെയും ഗരം മസാലയുടെയും മണമാണ്. മുലകുടി പ്രായത്തിലാണ് ഏറ്റവും ഇളയകുഞ്ഞ്. നിറഞ്ഞുരുണ്ട മാറുള്ള അമീന. ഓർക്കുമ്പോഴേക്ക് അമീന, കൈയിൽ പറ്റിയ മസാല ശിരോവസ്ത്രത്തിൽ തുടച്ചുംകൊണ്ട് വാതിൽക്കൽ തലനീട്ടി.
‘‘എനിക്കു വയ്യാണ്ടായി. എത്ര തവണയായി ഞാൻ പറയുന്നു. നിങ്ങൾ കേൾക്കുന്നേയില്ല. എന്റെ പ്രായത്തിലുള്ള പലർക്കും കല്യാണമേ ആയിട്ടില്ല. ഞാനാണെങ്കിൽ ഒരു കിഴവിയായിക്കഴിഞ്ഞു.’’
അയാൾ ചോദിച്ചു: ‘‘അതിനിപ്പോ എന്താ ഉണ്ടായത്!’’ ‘‘എന്തുണ്ടാവാനാ! എന്റെ നട്ടെല്ല് ഒടിയുന്നു. അത്രതന്നെ! ഒരു മിനിറ്റുപോലും ഒന്നിരിക്കാൻ ഇടയില്ല. ഓരോ കൊല്ലവും ഓരോ പേറ്. ഇങ്ങനെ പോയാൽ ഞാനെന്താവും? ഈ പിള്ളേർക്ക് ഒരു അമ്മ വേണമെന്ന വിചാരംപോലും ഇല്ലേ?’’
‘‘മിണ്ടാതിരി! നിനക്കിവിടെ എന്തിനെങ്കിലും മുട്ടുണ്ടോ? വേണ്ടതെല്ലാം ഞാൻ തരുന്നില്ലേ? എന്തുവന്നാലും ശരി, നീ ഇപ്പോൾ വേണമെന്നുപറയുന്നത് നടക്കില്ല. അതുറപ്പാണ്. ഞാൻ പള്ളിയിലെ മുതവല്ലിയാണ്. എന്റെ വീട്ടിലെ പെണ്ണിനുതന്നെ ഞാൻ ശസ്ത്രക്രിയ നടത്തിയെന്ന് ആളുകളറിഞ്ഞാൽ പിന്നെ അവരോടെന്തുപറയും?’’ സംഭാഷണം തുടർന്നില്ല. വാതിൽക്കൽ മുട്ടുകേട്ടു. തുറന്നപ്പോൾ, ‘യാക്കൂബ്’ എത്തിയിരിക്കുന്നു. അവർ അന്യോന്യം അഭിവാദനംചെയ്തു. ‘‘ഏയ് യാക്കൂബ്, നീ ഇപ്പഴേ എത്തിയുള്ളൂ... അവൾ നേരത്തേതന്നെ വന്നു കാത്തിരിക്കുകയാണത്രെ. ഞാനൊരു തീരുമാനമെടുക്കണോ? വേണ്ടേ?’’
‘‘അവൾക്ക് താങ്കളേക്കാൾ കൂടുതൽ അറിയാമോ നിയമമെന്തെന്ന്? എല്ലാം താങ്കൾ നിശ്ചയിക്കുംപോലെ. നമുക്ക് ഓട്ടോയിൽ പോയി ഭക്ഷണം കഴിക്കാം. അതിനുശേഷം ആവാം മറ്റു കാര്യങ്ങൾ.’’ (ഓട്ടോറിക്ഷ ഓടിക്കലാണ് യാക്കൂബിന്റെ തൊഴിൽ). ‘‘ഭക്ഷണമോ? അതൊക്കെ നിൽക്കട്ടെ.’’
‘‘അതുപറ്റില്ല. ആദ്യം ഭക്ഷണം. ഞാൻ ഓട്ടോ കൊണ്ടുവന്നിട്ടുണ്ട്. നമുക്കുപോയി ഭക്ഷണം കഴിക്കാം.’’
‘‘ഭക്ഷണമോ? ഒരാൾ മുതവല്ലിയായിക്കഴിഞ്ഞാൽ പിന്നെ ഭക്ഷണം, വീട്, കുടുംബം ഒക്കെ മറക്കണം. അർധരാത്രിക്കു വന്ന് ആരെങ്കിലും വിളിച്ചാലും വേണ്ടത് നടത്തിക്കൊടുക്കണം.’’
‘‘ഛേ, ഛേ, എന്നെ തെറ്റിദ്ധരിക്കരുത്... ദൈവത്തിന്റെ നിയമം പറയുന്നത് ഒരാൾക്ക് നാലു പെണ്ണിനെ കെട്ടാമെന്നല്ലേ? നാണോം മാനോം ഇല്ലാതെ പെണ്ണുങ്ങൾ പള്ളിയിൽവന്ന് പാടുകിടക്കാമോ? ഞാൻ ഒന്നല്ല പത്തുകൊല്ലം കാത്തു. അവൾ എനിക്കൊരാൺകുഞ്ഞിനെ തന്നോ? എന്നിട്ടും അവൾ വായടക്കുന്നില്ല. കുടുംബത്തിൽ പിറന്ന ഒരുവളുടെ നടപടിയാണോ അത്? ഞാൻ വേറൊരുവളെ നിക്കാഹ് ചെയ്തു... എനിക്ക് തോന്നുമ്പോൾ അവൾക്കു വല്ലതും കൊടുക്കാറുണ്ട്. ഈയടുത്തൊരു ദിവസം ഹസീനയെ റോട്ടിൽ കണ്ടു. 10 കയുടെ നോട്ട് ഞാൻ കൊടുത്തു. നമുക്ക് മനുഷ്യത്തം വേണ്ടേ? എന്നിട്ടും അവൾ അടങ്ങുന്നില്ല.’’
അയാളുടെ പ്രസംഗം കർട്ടനു പിന്നിൽനിന്ന് അമീന കേൾക്കുന്നുണ്ടായിരുന്നു. അവൾ മുറുമുറുത്തു.
‘‘അവന്റെയൊരു സാമർഥ്യം. വെണ്ണപുരട്ടുന്നു. തൻകാര്യം നേടാൻ അവൻ അള്ളായെയും ഇറക്കിക്കൊണ്ടുവരും. ഖുർആൻ ഏറ്റുചൊല്ലും.
ആ പാവം പെണ്ണിനും മക്കൾക്കും വിശപ്പാറ്റാൻ വല്ലതും കൊടുക്കുമോ? ഇല്ല, അള്ളാ! എന്നാണിവന്ന് നല്ലബുദ്ധി തോന്നിക്കുക?’’
മുതവല്ലി കോട്ടെടുത്ത് ധരിച്ചു... ചെരിപ്പിട്ടു. ഇറങ്ങി. ‘‘നമുക്ക് പ്രിൻസസ് ഹോട്ടലിലേക്ക് പോവാം’’, യാക്കൂബ് പറഞ്ഞു. ഭക്ഷണത്തിൽ താൽപര്യമില്ലാത്ത മുതവല്ലി കൂടുതൽ നല്ല ഹോട്ടൽ നിർദേശിച്ചു. മുതവല്ലി തിരിഞ്ഞുനിന്നു വിളിച്ചുപറഞ്ഞു:
‘‘അമീനാ, വാതിലടക്ക് ഞാൻ പുറത്തുപോകയാണ്. വരാൻ വൈകും.’’
അമീന മുറുമുറത്തു. ‘‘മുതവല്ലിയാണുപോലും മുതവല്ലി! അഞ്ചുനേരം നമാസ്പോലും നേരേചൊവ്വേ ചെയ്യുന്നുണ്ടോ? ദുശ്ശീലങ്ങളൊന്നും വേണ്ടെന്നുവെച്ചിട്ടില്ല. മുതവല്ലിസ്ഥാനം തുലയട്ടെ.’’
പള്ളിയിൽ ഒരു പ്രേതംപോലെ ഇരിക്കുന്ന സ്ത്രീ അശറഫ് ആണ്. മൂന്നു പെൺമക്കൾ. അമീന ഓർത്തു. ‘‘എന്താണവൾ ചെയ്ത കുറ്റം? മൂന്നു പെൺമക്കളെ തുരുതുരെ പെറ്റെന്നത് അവളുടെ തെറ്റാണോ? റൊട്ടിയുണ്ടാക്കുംപോലെ കുട്ടികളെ ഇഷ്ടംപോലെ ഉണ്ടാക്കാൻ പറ്റുമോ...ഥൂ...’’ അമീന വീടിന്റെ പിന്നാമ്പുറത്ത് മതിലിനോട് തൊട്ട് കല്ലുകൾ അടുക്കിയിട്ടുണ്ട്. കയറിനിന്ന് പള്ളിയിലെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്.
അവൾ അവിടെ കയറിനിന്നു നോക്കി. നമാസ് കഴിഞ്ഞ് ആളുകൾ പോവുന്നു. പള്ളിയുടെ വടക്കുഭാഗത്തുള്ള ഹാളിൽ അശറഫ് ചൂളിപ്പിടിച്ചിരിക്കുന്നു. തല മൂടിയിരിക്കുന്നു. സാരിത്തലപ്പുകൊണ്ട് മടിയിലെ കുഞ്ഞിനെ പുതപ്പിച്ചിരിക്കുന്നു. ഹസീന അമ്മയെത്തൊട്ട് ഇരിപ്പുണ്ട്. മൂന്നുവയസ്സുള്ള ഹബീബ പാതിനിലത്തും പാതി അമ്മയുടെ മടിയിലുമായി തണുപ്പകറ്റാൻ പാടുപെടുന്നു. നമാസിനെത്തിയവർ അവരുടെ നേരെ ഒന്നുനോക്കി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോവുന്നു. പള്ളിക്കടുത്തുള്ള വീടുകളിൽനിന്ന് ബിരിയാണിയുടെയും കറികളുടെയും മണം പൊങ്ങുന്നുണ്ട്.
രണ്ടു നാളായി പെയ്യുന്ന മഴ അശറഫിന്റെ ഉള്ളിലെ തീ കെടുത്തിയിട്ടില്ല. എല്ലിലൂടെ തുളച്ചുകയറുന്ന തണുപ്പിന് അവളുടെ ഉള്ളിലെ ഊർജം കെടുത്താൻ കഴിഞ്ഞിട്ടില്ല. ആണി തറച്ചുകയറുംപോലെ തറച്ചുകയറുന്ന വിശപ്പ് അവളെ തളർത്തുന്നില്ല. അള്ളാഹുവിന്റെ കൊട്ടാരവാതിൽക്കൽ അവൾ മുട്ടിക്കൊണ്ടിരിക്കയാണ്. തന്റെ കുഞ്ഞുങ്ങൾക്ക് നീതികിട്ടാൻ വേണ്ടി താൻ ചെയ്യാത്ത കുറ്റത്തിന് എന്തിനിങ്ങനെ ശിക്ഷ കിട്ടുന്നു എന്ന് അവൾക്ക് മനസ്സിലാവുന്നില്ല. കുഞ്ഞുങ്ങളുടെ വിളർത്ത മുഖങ്ങൾ കാണുമ്പോൾ, അവർക്കുവേണ്ടി എന്തും സഹിക്കാമെന്ന കരുത്തോടെ കാത്തിരിക്കയാണ്. മടിയിലുള്ള കുഞ്ഞിന് രോഗം മൂർച്ഛിച്ചിരിക്കയാണ്. മൂക്കടഞ്ഞ് ശ്വസിക്കാനും ക്ലേശിക്കുന്നു. നെഞ്ചുപൊങ്ങുകയും താഴുകയും ചെയ്യുമ്പോൾ വാരിക്കടുത്ത് രണ്ട് കുഴികളുണ്ടാവുന്നു. കണ്ണിൽ പീളയടിഞ്ഞിരിക്കുന്നു. അതിന്റെ ദേഹം ചുട്ടുപൊള്ളുന്നു, പനികൊണ്ട്.
‘മുന്നി’ പിറന്നതോടെയാണ് അവളുടെ ജീവിതം നരകമായത്. അവൾ രണ്ട് പെൺകുട്ടികളെ പെറ്റപ്പോൾ യാക്കൂബ് നിരാശനായെങ്കിലും വീടുവിട്ടിരുന്നില്ല. മൂന്നാമത്തേതും പെണ്ണായപ്പോൾ അയാൾ കടന്നുകളഞ്ഞു. ആശുപത്രിയിലേക്ക് പിന്നെ തിരിഞ്ഞുനോക്കിയില്ല.
അയാൾ അമ്മയുടെ വീട്ടിൽപോയി. അവൾ ആശുപത്രിയിൽനിന്ന് പോന്ന് വീട്ടിലെത്തിയപ്പോൾ അയാളില്ലെന്നു മാത്രമല്ല, ഭക്ഷണത്തിനുവേണ്ടതും ഇല്ലായിരുന്നു. അയാളെ മയപ്പെടുത്തിയെടുക്കാൻ അവൾ കഴിവത് ശ്രമിച്ചു. കുഞ്ഞിനെ ചുമലിലിട്ട് മാർക്കറ്റിലേക്ക് പോവുമ്പോൾ ഓട്ടോറിക്ഷാ സ്റ്റാൻഡിലേക്ക് പോയി അയാളുടെ കാൽക്കൽവീണ് കരഞ്ഞു. അൽപം ദയക്കുവേണ്ടി യാചിച്ചു. എല്ലാം വെറുതെയായി. അയാൾ അവളെ ഗൗനിച്ചതേയില്ല.
കുഞ്ഞുങ്ങളുടെ വിശപ്പടക്കാൻ ഒന്നുമില്ലാതായപ്പോൾ അവൾ സുലേഖാ ബീഗത്തിന്റെ വീട്ടിൽ പണിക്കു പോകാൻ തുടങ്ങി. രാവിലെ മുതൽ വൈകുംവരെ അവിടെ പണിയുണ്ട്. കൊച്ചുകുഞ്ഞിനെ നോക്കാൻ ഹസീനയെ ഏൽപിച്ച് പണിക്കുപോയി. -സുലേഖ ബീഗം ദിവസം മുഴുവൻ പുസ്തകങ്ങൾ വായിക്കുന്നു, ഭർത്താവ് ഏതോ ഒാഫിസിൽ ജോലി ചെയ്യുന്നു. മക്കൾ രണ്ടുപേർ കോളജ് വിദ്യാഭ്യാസമുള്ളവർ-
ഒരുനാൾ സുലേഖാ ബീഗം ഭർത്താവിനെന്ത് ജോലിയാണെന്ന് അശറഫിനോട് ചോദിച്ചു. ഓട്ടോറിക്ഷ ഡ്രൈവറാണെന്നു പറഞ്ഞപ്പോൾ ‘‘നല്ല വരുമാനമുണ്ടാവുമല്ലോ, പിന്നെന്തിനാണ് നീ പണിക്കുവരുന്നത്?’’ അശറഫിന്റെ ജീവിതകഥ കേട്ട് സുലേഖാബീഗം അമ്പരന്നു. ഇക്കാലത്തും ഇങ്ങനെയുള്ള ആണുങ്ങളുണ്ടോ? പെൺകുട്ടികൾക്ക് എല്ലാ വിഷയത്തിലും ആൺകുട്ടികളോടൊപ്പമുള്ള പരിഗണനയാണ് ഖുർആനിൽ വിധിച്ചിട്ടുള്ളതെന്നും പ്രവാചകന് രണ്ട് പെൺമക്കളായിരുന്നുവെന്നും ഒരു മകൻ പിറന്നെങ്കിലും മരിച്ചുപോയെന്നും പെൺകുട്ടികൾക്ക് തുല്യമായ സ്വത്തവകാശം ഉണ്ടെന്നാണ് ഖുർആനിലെ നിർദേശമെന്നുമുള്ള അറിവുകൾ സുലേഖയിൽനിന്നാണ് അശറഫിന് കിട്ടിയത്. പള്ളിയിൽ കൊടുക്കാൻ ഒരു അപേക്ഷ എഴുതിക്കൊടുത്തതും സുലേഖാ ബീഗമാണ്.
പെറ്റീഷനും കൈയിലേന്തിക്കൊണ്ട് നാലഞ്ചുതവണ മുതവല്ലിയുടെ ഗൃഹത്തിൽ അവൾ പോയി. അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. പിന്നെയൊരു നാൾ അദ്ദേഹം വസതിയിൽനിന്നിറങ്ങുമ്പോൾ ഹരജി കൈയിൽ ഏൽപിച്ചു. അദ്ദേഹമത് നോക്കാതെ പോക്കറ്റിൽ തിരുകി. പിന്നെ രണ്ടാഴ്ച കഴിഞ്ഞിട്ടും മുതവല്ലി അവളെ വിളിക്കാതിരുന്നപ്പോൾ അവൾ വീണ്ടും അദ്ദേഹത്തിന്റെ വസതിയിൽപോയി. അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. അമീന അവളോട് പറഞ്ഞു, ഗർഭം ധരിക്കുന്നത് തടയാൻ ഓപറേഷൻ ചെയ്യുന്നതിനെപ്പറ്റി സുലേഖാ ബീഗത്തോട് ചോദിച്ചറിയണമെന്ന്. അപ്പോഴേക്ക് മുതവല്ലി കയറിവന്നു. അവളെ കണ്ടപ്പോൾ പറഞ്ഞു. പെറ്റീഷൻ നഷ്ടപ്പെട്ടെന്ന്. ‘‘വേണെങ്കിൽ ഒരെണ്ണം വീണ്ടും കൊണ്ടുവാ...’’
അശറഫ് കഷ്ടപ്പെട്ട് പണിയെടുത്തു. കുട്ടികളുടെ വിശപ്പടക്കാൻ എത്ര പാടുപെടാനും അവൾ ഒരുക്കമായിരുന്നു. മുന്നിക്ക് നല്ലപോലെ ആഹാരം കൊടുത്തിരുന്നെങ്കിലും അവൾ ശോഷിച്ചുവന്നു. കൈയും കാലുമൊക്കെ എല്ലുന്തി വടിപോലായി. വയറ് വീർത്തുവന്നു. രാത്രിയും പകലും കരച്ചിൽതന്നെ. കുട്ടിക്ക് രോഗത്തിനു മരുന്നാണ് വേണ്ടിയിരുന്നത്, ആഹാരത്തേക്കാളേറെ. ഇൻജക്ഷൻ, ഗുളിക, ടോണിക്... ഇതിനൊക്കെ വലിയ വില. ഡോക്ടർക്ക് വലിയ ഫീസ്.
സുലേഖാബീഗം വേറൊരു പെറ്റീഷൻ എഴുതിക്കൊടുത്തു. അതുംകൊണ്ട് നാലഞ്ചുതവണ അദ്ദേഹത്തെ കാണാൻ പോയി. അദ്ദേഹം അവിടെ ഉണ്ടാവാറില്ല.
അതിനിടക്ക് അവൾ കേട്ടു; യാക്കൂബ് സ്ഥലം വിട്ടിരിക്കുന്നു. കെട്ടിയവളെയും കുട്ടികളെയും ഉപേക്ഷിച്ചു കടന്നുകളയുന്ന ഒരാണൊരുത്തനോട് ആർക്കുമില്ല വെറുപ്പ്. ആണായി പിറന്നവൻ ചെയ്യുന്നതെല്ലാം ശരി. കുടുംബത്തെ പട്ടിണിക്കിട്ടാലും ചോദിക്കാനാരുമില്ല.
ബാനു മുഷ്താഖ്
മുന്നി വേണ്ടുംപോലുള്ള ചികിത്സ കിട്ടാതെ മെലിഞ്ഞുണങ്ങിക്കൊണ്ടിരുന്നു. ആറുമാസമാകുമ്പോഴേക്ക് അവൾ വെറും എല്ലും തോലുമായി. ആയിടക്ക് അവൾ കേട്ടു, യാക്കൂബ് മടങ്ങിയെത്തിയിരിക്കുന്നെന്ന്. അവൾ ഓട്ടോ സ്റ്റാൻഡിലേക്ക് പോയി. അവളെ കണ്ടയുടനെ അയാൾ മുങ്ങി.
രണ്ടാംതവണ അവൾ സൂത്രത്തിൽ ഓട്ടോയുടെ പിന്നിലൂടെ ചെന്ന് അതിൽ കയറിയിരുന്നു, കുട്ടികളോടൊപ്പം. ഒരക്ഷരം മിണ്ടാതെ അയാൾ ഓട്ടോ ഓടിച്ചു. അവളുടെ കുടിലിനടുത്തുള്ള സ്റ്റോപ്പിൽ നിർത്തി. ‘‘നാണമില്ലല്ലോ നിന്റെ പെൺപടയെയുംകൊണ്ട് പട്ടിയെപ്പോലെ ചുറ്റിക്കറങ്ങാൻ. പെണ്ണായാലൊരിത്തിരിയെങ്കിലും നാണോം മാനോം വേണം.’’ അയാൾ നീട്ടിത്തുപ്പി. കുട്ടികളെ പിടിച്ചിറക്കി നിർത്തി. കുട്ടികളെ എന്തുചെയ്യാൻ പോകുന്നു എന്ന പേടിയോടെ അവളിറങ്ങി. ഉടനെ അയാൾ ഓട്ടോ ഓടിച്ചുപോയി. കരയുന്ന കുട്ടികളെ അവൾ കെട്ടിപ്പിടിച്ചു.
മറ്റൊരു വഴിയുമില്ലാത്തതുകൊണ്ട് പള്ളിക്കമ്മിറ്റിക്കും മുതവല്ലിക്കും അവൾ അപേക്ഷകൾ കൊടുത്തുകൊണ്ടിരുന്നു. മറ്റൊന്നുംവേണ്ട, കുട്ടിയുടെ ചികിത്സക്ക് കുറച്ച് പണം മാത്രം മതിയെന്നവൾ യാചിച്ചു. ‘‘പിന്നെ വാ... പിന്നെ വാ’’ എന്ന് ഓരോതവണയും അവർ അവളെ ഒഴിവാക്കി.
ഒരുനാൾ അവൾ കേട്ടു. യാക്കൂബ് വേറെ കല്യാണം കഴിക്കാൻ ഒരുങ്ങിയിരിക്കയാണെന്ന്. അയാൾക്ക് ഒരു മകൻ വേണം. ഓട്ടോ ഓടിക്കാൻ ഒരാൺകുട്ടി വേണം. അവൾ രാപ്പകൽ കണ്ണീരൊഴുക്കി. മുതവല്ലിയെ കാണാൻപോയി. അയാൾ രുഷ്ടനായി.
‘‘അവൻ എന്ത് തെറ്റാണ് ചെയ്തത്. മറ്റൊരു നിക്കാഹ് കഴിച്ചു; അത്ര തന്നെ. അവൻ ഒരു പെണ്ണിന്റെ കൂടെ ഒളിച്ചോടിപ്പോയില്ലല്ലോ? നിയമപ്രകാരം നിക്കാഹ് ചെയ്തു. ശരീഅത്ത് നിയമപ്രകാരം ഒരുവന് നാല് വിവാഹം നടത്താം. നാലു പെണ്ണിനെ... നിനക്കെന്തിനാണ് അസൂയ? ഈ പെണ്ണുങ്ങളെല്ലാം ഒരുപോലെ. എല്ലാം അസൂയക്കാരികൾ.’’ അമീന കേൾക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ. കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന ആമിന ഓർത്തു.
‘‘തുലഞ്ഞുപോട്ടെ ഈ ആണുങ്ങൾ.’’ നാളെ കുട്ടികളെയും കൂട്ടി ഇരക്കാനിറങ്ങേണ്ടുന്ന സ്ഥിതി തനിക്കുമുണ്ടാകാമെന്നവൾക്ക് തോന്നി.
അശറഫ് പറഞ്ഞു. അയാൾ ഒന്നല്ല ആയിരം നിക്കാഹ് കഴിച്ചോട്ടെ. സുഖമായി വാഴട്ടെ. എനിക്ക് അസൂയയില്ല. പക്ഷേ, മുതവല്ലി സാഹെബ്, എന്റെ കുഞ്ഞ് മരിച്ചുകൊണ്ടിരിക്കുകയാണ്. അതിന് മരുന്ന് വാങ്ങാനെങ്കിലും...’’ മുഴുമിക്കാൻ മുതവല്ലി സമ്മതിച്ചില്ല. ‘‘നോക്ക്, ‘മൗത്തും ഹയാത്തും’ (മരണവും ജനനവും) ഒക്കെ അള്ളായുടെ കയ്യിലാണ്. പാറ പൊളിഞ്ഞ് തലയിൽ വീണാലും അല്ലാഹു നിശ്ചയിച്ചാൽ മരിക്കില്ല. അതുപോലെ ജീവിക്കുന്നതും അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണ്. നിന്റെ പെണ്ണ് ജീവിക്കണമെന്നാണ് അല്ലാഹുവിന്റെ നിശ്ചയമെങ്കിൽ ജീവിക്കും. മറിച്ചാണെങ്കിൽ മരിക്കും. അതിന് യാക്കൂബിനെ പഴിക്കുന്നതെന്തിനാണ്?’’
അവൾ വിചാരിച്ചു. എല്ലാം അള്ളാ നിശ്ചയിക്കുന്നതുപോലെ തന്നെയാവാം. പക്ഷേ, കുഞ്ഞിന്റെ നിലയ്ക്കാത്ത വയറിളക്കത്തിന് മരുന്ന് കൊടുക്കണം. അതിനെന്തുവഴി?
പിന്നീട് യാക്കൂബിനെ കണ്ടപ്പോൾ അയാൾ പുതുമണവാളന്റെ ചമയങ്ങളോടെയാണ്. ഇരക്കാൻ വന്നവൾക്കെന്നപോലെ ഒരു പത്ത് രൂപ നോട്ട് അയാൾ ഇട്ടുകൊടുത്തു.
അശറഫ് ഒരു കല്ലുപോലെ നിന്നു. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ എന്തെങ്കിലും വഴി കണ്ടേ പറ്റൂ.
സുലേഖാ ബീഗം പറഞ്ഞുകൊടുത്തു. നാല് കല്യാണം കഴിക്കാൻ അനുവാദമുള്ളത് ചില പ്രത്യേക ഘട്ടങ്ങളിലാണ്. വലിയ യുദ്ധമുണ്ടായി ആണുങ്ങൾ ഒട്ടേറെ മരിച്ച് വിധവകളുടെ എണ്ണം കൂടിവന്നാൽ അവരെ രക്ഷിക്കാനാണ് ആണിന് നാലുപേരെ കെട്ടാൻ അനുവാദമുള്ളത്. ഭാര്യക്ക് ചികിത്സയില്ലാത്ത മാറാരോഗം പിടിപെട്ടാൽ, അല്ലെങ്കിൽ കുട്ടികളുണ്ടാവില്ലെന്ന് തീർച്ചപ്പെട്ടാൽ രണ്ടാമത് ഒരുവളെ കെട്ടാം...
സുലേഖാബീഗം തുടരുംമുമ്പ് അവൾ പറഞ്ഞു, ‘‘ഇതൊന്നും എന്നെ ബാധിക്കുന്നതല്ലല്ലോ. എനിക്ക് കുട്ടികളില്ലേ! അയാൾ ഞങ്ങളെ ഇരക്കാൻ വിട്ടുപോയത് ശരിയാണോ?’’
ബീഗം തുടർന്നു. ‘‘ഒന്നിലേറെ ഭാര്യയുണ്ടെങ്കിൽ രണ്ടുപേരോടും ഒരുപോലെ പെരുമാറണം. ഭക്ഷണം, വസ്ത്രം എല്ലാം തുല്യമായി കൊടുക്കണം. ഒരു രാത്രി ഒരുവളുടെ കൂടെ കഴിഞ്ഞാൽ പിറ്റേന്ന് മറ്റവളുടെ കൂടെയാവണം. എല്ലാ വിഷയത്തിലും തുല്യത പാലിക്കാനാണ് ശരീഅത്ത് നിയമിച്ചിട്ടുള്ളത്.’’
അശറഫ് പറഞ്ഞു, ‘‘എനിക്ക് അതൊന്നും വേണ്ട, കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മരുന്നിനുവേണ്ടിയുള്ള കാശ് കിട്ടിയാൽ മാത്രം മതി. അത് തരാത്തത് തെറ്റല്ലേ?’’
‘‘തെറ്റുതന്നെ, സംശയമില്ല,’’ ‘‘പിന്നെ എന്താണ് മുതവല്ലി സാഹിബ് അത് കണക്കാക്കാത്തത്.’’ ബീഗം നിസ്സംശയമായി പറഞ്ഞു:
‘‘മുതവല്ലിമാരാണ് കുറ്റക്കാർ. നമ്മുടെ മിക്ക ജമാഅത്തുകളിലെയും മുതവല്ലിമാർക്ക് നിയമമെന്തെന്നറിഞ്ഞുകൂടാ. അറിഞ്ഞാലും നിയമം നടത്താൻ അവർ ഒരുക്കമില്ല. നിയമം കൈയിലെടുക്കാനവർക്കധികാരവുമില്ല. അവർ പറയുന്നതനുസരിക്കാൻ ആണുങ്ങൾ ഒരുക്കവുമില്ല. നിയമത്തിൽ അവർക്ക് വേണ്ടതുമാത്രം ആണുങ്ങൾ അനുസരിക്കുന്നു. പെണ്ണുങ്ങളെ അടിമകളാക്കി നിർത്തണമെന്നതിൽ എല്ലാ ആണുങ്ങളും ഒറ്റക്കെട്ടാണ്...
പെൺകുട്ടികൾക്ക് കുടുംബസ്വത്തിനവകാശമുണ്ട്. ആണിനോട് പെരുത്തപ്പെടാനാവില്ലെന്നു കണ്ടാൽ വിവാഹമോചനത്തിന് അനുവദിക്കുന്നതാണ് നിയമം. പുനർവിവാഹത്തിനും അനുവാദമുണ്ട്. ഇസ്ലാം മതത്തിലെ നിയമങ്ങൾ ആണിനും പെണ്ണിനും തുല്യത കൽപിക്കുന്നു. ഇതൊന്നും അറിയാത്ത മുതവല്ലിമാരെ ചെരിപ്പൂരിയെടുത്ത് അടിക്കണം. അവരോട് ഇരന്നിട്ടു കാര്യമില്ല... മസ്ജിദിൽ ഒരു അപേക്ഷ കൊടുത്ത്, പഞ്ചായത്ത് വിളിച്ചുകൂട്ടി എന്നെ വിളിക്ക്, ഞാൻ നിന്റെ ആണൊരുത്തനോടും മുതവല്ലിയോടും ശരീഅത്ത് എന്തെന്ന് വാദിക്കാം. അവർ ഗതിയില്ലാത്ത പെണ്ണുങ്ങളോട് ചെയ്യുന്നത് നീതിയല്ലെന്ന് തുറന്നടിക്കാം.’’
അശറഫ് നിശ്ചയിച്ചു. അവരോട് ഇരക്കാൻ പോയിട്ട് കാര്യമില്ല. മുന്നിയുടെ ജീവൻ രക്ഷിക്കാൻ എന്തെങ്കിലും ചെയ്തേ പറ്റൂ. മുന്നി കിടന്ന് പിടയുകയാണ്. ഹസീനക്കും ഹബീബക്കും ആഹാരമോ തണുപ്പു മാറ്റാൻ വേണ്ടത്ര ഉടുപ്പോ ഇല്ല. പള്ളിയിൽ പോയി പാടുകിടക്കാൻ തീരുമാനിച്ചതങ്ങനെയാണ്.
പള്ളിയിൽ തണുത്തുവിറച്ച് അവളും കുട്ടികളും ഇരുന്നു. മഴ പെയ്യുകയാണ്.
മതിലിനപ്പുറത്തുനിന്ന് അമീന വിളിക്കുന്നത് അവൾ കേട്ടു. ‘‘അശറഫ് ഇങ്ങോട്ട് വാ... വേഗം വാ... ഇതാ കുറച്ച് റൊട്ടി.’’ ശരിക്കും അമീന വിളിച്ചതോ വിളിച്ചുവെന്ന് തോന്നിയതോ. ഏതായാലും മുന്നിയെ നെഞ്ചിലടക്കി അവൾ എഴുന്നേറ്റു. അപ്പോഴതാ മസ്ജിദിന്റെ ഗേറ്റ് തുറക്കുന്നു. മുതവല്ലി സാഹിബും യാക്കൂബുമാണ്. പള്ളിയുടെ പടിയിലേക്കെത്തുന്നു...
അമീന മതിലിനു പിന്നിലേക്ക് മാറിയെന്ന് അശറഫ് കണ്ടു. അശറഫ് മുന്നിയെയും നെഞ്ചത്തടുക്കി പതുക്കെ ആ ആണുങ്ങളുടെ മുന്നിലേക്ക് നീങ്ങി. മുതവല്ലി ഏറ്റവും മുകളിലെ പടിയിലിരുന്നു. ഇടതുവശത്ത് യാക്കൂബ് നിന്നു. അശറഫ് വലതുവശത്ത് മൂന്നുനാലടി താഴെ നിന്നു. മേൽക്കൂരയുണ്ടെങ്കിലും കാറ്റടിച്ച് തണുത്തുവിറച്ചു നിൽക്കാൻ ശേഷിയില്ലെങ്കിലും അവൾ നിന്നു. കുത്താൻ വരുന്ന കൂറ്റനെപ്പോലെയാണ് യാക്കൂബിന്റെ നിൽപ്. മേൽക്കൂരയിൽനിന്ന് വീഴുന്ന വെള്ളം തല മൂടുന്ന തട്ടത്തിലൂടെ അവളുടെ പിൻപുറത്തേക്കൊഴുകുന്നു. മഴപോലും ആണിനെ തൊടുന്നില്ല.
യാക്കൂബ് അലറി. ‘‘മുതവല്ലി സാഹിബ്, എന്താണിവൾക്ക് വേണ്ടത്, ഈ @$@&&.’’
മുതവല്ലി മുറുക്കാൻ നീര് ഉള്ളിലേക്കിറക്കി.
അയാൾക്ക് തല കറങ്ങുംപോലെ തോന്നി, ഒരു സെക്കൻഡ് നേരം. എങ്കിലും വേഗം നിലയുറച്ചുനിന്നു. ബുദ്ധിയുണർന്നു. പള്ളിപ്പറമ്പിന്റെ മതിലിനപ്പുറത്ത് പെൺവടിവുള്ള പല്ലികൾ എഴുന്നുനിൽക്കുന്നുണ്ടെന്നയാൾക്ക് മനസ്സിലായി. അമീനയെന്നു പേരുള്ള പെൺ-പല്ലിയും ആ കൂട്ടത്തിലുണ്ടെന്നും തോന്നി. അവൾ അയാളെ വിഴുങ്ങുമെന്നും തോന്നലുണ്ടായി. ആ പെണ്ണുങ്ങൾക്കുമുന്നിൽ താൻ ധീരനായി നിൽക്കണം. യാക്കൂബ് കൊടുത്ത മികച്ച ഭക്ഷണത്തിന്റെ രുചിയൊക്കെ തൽക്കാലത്തേക്ക് വിഴുങ്ങണം.
അയാൾ ഉറക്കെപ്പറഞ്ഞു. ‘‘ഏയ്, യാക്കൂബ്, നീ അങ്ങനെയൊന്നും പറയരുത്.’’
പക്ഷേ, യാക്കൂബ് അത് ശ്രദ്ധിച്ചില്ല. അയാൾ അലറി, ‘‘ഈ പെണ്ണ് എന്റെ ജീവിതത്തെ നരകമാക്കി. മൂന്ന് പെണ്ണിനെ എന്റെ തലയിൽ കെട്ടിവച്ചവൾ. ഒരു പുതുമണവാട്ടിയുടെ മടിയിലുള്ള സുഖം മാത്രമേ തനിക്ക് വേണ്ടൂ. ഒരാൺകുട്ടിയുണ്ടായാൽ ഓട്ടോറിക്ഷ ഓടിക്കുന്നത് തുടരാൻ അവനുണ്ടാകും. ഈ പിശാചാണ് എല്ലാത്തിനും മുടക്ക്. ഗഫൂർ, ഇദ്രിസ്, നസീർ... എല്ലാർക്കുമുണ്ട് രണ്ട് ഭാര്യമാർ. അവരാരുംതന്നെ ഇതുപോലെ പൊറുതികേടുണ്ടാക്കുന്നില്ല. ഒന്നുകിൽ പിറന്ന വീട്ടിലേക്ക് പോകും, അല്ലെങ്കിൽ കൂലിപ്പണിയെടുക്കും. ഈ പട്ടി മാത്രം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു, രണ്ടു കൊല്ലമായി. ഇപ്പൊ പള്ളിപ്പടിയും കേറി എത്തിയിരിക്കുന്നു.’’ അയാൾ കോപം അടക്കാനാവാതെ തിളച്ചു.
അശറഫ് ഒരക്ഷരം മിണ്ടിയില്ല. അവൾക്ക് ചലനമില്ല. സുലേഖാബീഗം അവൾക്ക് പറഞ്ഞുകൊടുത്തിരുന്നില്ല ഇങ്ങനെയൊരു രംഗത്തെ എങ്ങനെ നേരിടണമെന്ന്. ഇത്തരം അലർച്ചകൾക്കെന്തു മറുപടി കൊടുക്കണമെന്ന്. അവൾ മുന്നിയെ ഒന്നുകൂടി മാറോടമർത്തിപ്പിടിച്ചു. അപ്പോഴേക്ക് കോപംകൊണ്ട് കലിതുള്ളി യാക്കൂബ് ചാടിയെത്തി. കാൽകൊണ്ട് അവളെ ശക്തിയായി തൊഴിച്ചു. അശറഫ് ഒരു ഭാഗത്തേക്ക് വീണു. മുറുകെപ്പിടിച്ചിരുന്നിട്ടും കുട്ടി കൈയിൽനിന്ന് തെറിച്ചുപോയി. ഒരു പള്ളിയിൽ അന്നേവരെ മുഴങ്ങിയിട്ടില്ലാത്ത കഠിനവേദനയുടെ രോദനം ഭിത്തികളിലലച്ചു.
മറ്റു രണ്ടു കുഞ്ഞുങ്ങളും മയക്കത്തിൽനിന്നുണർന്നു. പള്ളിപ്പറമ്പിലുറങ്ങുന്ന എണ്ണമറ്റ പരേതരുടെ പ്രേതങ്ങളും ഞെട്ടിയുണർന്നിട്ടുണ്ടാവും, അശറഫിന് ബോധം മറഞ്ഞു.
മുതവല്ലി ഷോക്കേറ്റ പോലെനിന്നു. അയാളുടെ ലഹരി മാഞ്ഞു. ഇരുട്ടിന്റെ മറകീറി, തലമൂടിയ പെണ്ണുങ്ങൾ ഓടിയെത്തി: അവരാരൊക്കെയാണ്? അക്കൂട്ടത്തിൽ അമീനയുണ്ടോ? ചിലർ അശറഫിനെ എഴുന്നേൽപിച്ചു. മറ്റു ചിലർ മുന്നിയെ എടുത്തു. കുഞ്ഞിന്റെ പനി ഇറങ്ങിയിരിക്കുന്നു. ശ്വാസത്തിെന്റ ഒച്ചയുമില്ല. അവൾക്കിനി വേദനയില്ല. ഈ ലോകത്തിന്റെ എല്ലാ വേദനകളിൽനിന്നും അവൾ രക്ഷപ്പെട്ടിരിക്കുന്നു. അവളുടെ ദേഹം ഇത്രയും നാൾ പൊരുതി, ജീവിച്ചേ തീരൂ എന്നുറപ്പിച്ചുംകൊണ്ട്... ഒടുക്കം മൃതിക്ക് കീഴടങ്ങി.
മുതവല്ലി സാഹിബ് അനങ്ങാനാവാതെ ഇരുന്നു. ഹനീഫ ചിക്കമ്മ അശറഫിനെയും രണ്ടു കുട്ടികളെയും അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. മുന്നിയുടെ ദേഹം പള്ളിയിൽ കിടന്നു. പള്ളിയിൽ വിളക്കുകൾ തെളിഞ്ഞു. ചെമ്പിലെ വെള്ളം തിളച്ചു. ഉറങ്ങിയിരുന്ന ആണുങ്ങൾ എണീറ്റു വന്നു. ഒരക്ഷരം മിണ്ടാതെ തുണിക്കടയുടമ മതീൻ സാഹേബ് കടതുറന്ന് ഒരു ചുവന്ന ശവക്കച്ച കൊണ്ടുവന്നു. അവർ മുന്നിയെ കുളിപ്പിച്ചു. കച്ചകൊണ്ടു പൊതിഞ്ഞു. അത്തറും അബീറും തളിച്ചു. ആചാരക്കരച്ചിൽ മുഴക്കി. ഖബർസ്ഥാനിലേക്ക് നീങ്ങി.
അശറഫ് മുന്നിയുടെ ദേഹം കെട്ടിപ്പിടിച്ച് അലമുറയിട്ടു. എന്നാൽപ്പോലും അവളുടെ മനസ്സിന്റെ കോണിലൊരു ആശ്വാസമുണ്ടായിരുന്നു. അവൾ ഈ മണ്ണിൽ പിറന്നതിനുശേഷം സുഖമെന്തെന്നറിഞ്ഞിട്ടില്ല. ഇപ്പോൾ എല്ലാ വേദനയും ആറിയിരിക്കുന്നു. എന്നേക്കുമായി പോയതു അവൾക്ക് നന്നായി. എനിക്കിനി യാക്കൂബിനോട് ഇരക്കേണ്ട. ഈ മുതവല്ലിയുടെ മുന്നിൽ കൈനീട്ടി നിൽക്കണ്ട... ഞാനും എന്റെ രണ്ടു കുഞ്ഞുങ്ങളും. എങ്കിലും പാവം എന്റെ മുന്നി. പിറന്ന അന്നു തുടങ്ങിയ കുത്തിവെപ്പിന്റെ വേദനകളും മരുന്നുകളുടെ കയ്പും മാത്രമേ അറിഞ്ഞിട്ടുള്ളൂ. പെറ്റ തള്ളയുടെ വേദന നീണ്ടും പുളഞ്ഞു. അവൾ വാവിട്ടു കരഞ്ഞു.
മുതവല്ലി സാഹിബ് വീട്ടിലേക്ക് പതുക്കെ നടന്നു. ഹനീഫ ചിക്കമ്മ റോഡിന്റെ പാതി തൂത്തുവാരുകയായിരുന്നു. കുറ്റിച്ചൂലുകൊണ്ട് ചെളി തൂത്തു നീക്കുമ്പോൾ അത് മുതവല്ലിയുടെ ദേഹത്തിലേക്ക് തെറിക്കുന്നത് വകവെക്കാതെ. ചൂലിന്റെ കുറ്റി ഇടത്തെ കൈയിൽ ഒന്നമർത്തി ശരിപ്പെടുത്തി അവൾ കാറ്റിനോടെന്നപോലെ അലറി: ‘‘അള്ളാ നിങ്ങളെല്ലാരെയും തുലക്കട്ടെ. ഇതാ എന്റെ മുന്നിൽ ശൈത്താൻ ഉടലോടെ നിൽക്കുന്നു. അപ്പോഴേക്ക് അവിടെ എത്തിയ റസിയ ടാപ്പിന്നടുത്ത് കുടം വെച്ചു.
ഒരു കല്ലെടുത്ത് അവിടെ ഇല്ലാത്ത ഒരു നായയെ എറിഞ്ഞു. ‘‘ഒരു നായ, ഒരു വെറും നായ ഇതാ പോകുന്നു.’’ നസീമ പിടക്കോഴികളെ തുരത്തി, ഒരു പൂവന്റെ പൂവും കൊക്കും പിടിച്ചുയർത്തി ആക്രോശിച്ചു. ‘‘അള്ളാ! ഈ ആൺ കൂട്ടത്തെയൊക്കെ വകവരുത്താൻ കനിയണേ. അവക്ക് അള്ളായെ പേടിയില്ല. ശവക്കുഴിയിലെ പുഴുക്കൾക്കുപോലും തിന്നാൻ കൊടുക്കുന്നവനല്ലേ! അള്ളാ! ഈ കഴുതകളെ എല്ലാം ഒടുക്കണേ.’’ ഖാസി സാഹിബിന്റെ മരുമകൾ രണ്ടു കൊല്ലത്തിൽ ഇന്നേവരെ പുറം വാതിൽക്കൽ തല കാട്ടാൻപോലും തുനിയാത്തവൾ, ഭർത്താവ് ജോലിക്ക് പോകുമ്പോൾ പടിവാതിൽക്കലെത്തി കൈയിലുള്ള കുഞ്ഞിനോടു പറഞ്ഞു.
‘‘പൊന്നേ! നിനക്കൊരു ആൺകുരങ്ങനെ കാണണോ? നോക്ക്, അതാ പോകുന്നു ഒരു ആൺകുരങ്ങ്!’’ മുതവല്ലി തിരിഞ്ഞുനോക്കി. അവൾ പുച്ഛച്ചിരിയോടെ ഗേറ്റ് കൊട്ടിയടച്ചു. ജമീല അത്ത ഉറക്കെ ചീത്തവിളിച്ചു. നരകമാണ് നിങ്ങളുടെ മുന്നിൽ. നല്ലതൊന്നും വരില്ല. വിധി നാളിൽ കരിമൂർഖന്മാർ നിങ്ങളുടെ ദേഹത്തിൽ ചുറ്റിവരിയട്ടെ. ചാവുമ്പോൾ ‘കലിമ’ ഓർമ വരാതിരിക്കട്ടെ. അവൾ ശാപങ്ങൾ വെടിയുണ്ടകൾപോലെ ചൊരിഞ്ഞു. ജമീലയുടെ രൂപകത്തിലെ ഉപമാനമായ കരിമൂർഖന്മാർ പുരുഷ വർഗത്തിന്റെ പ്രതീകവുമാണ്.
അസീഫ ചവറ്റുകൊട്ടയുംകൊണ്ട് പുറത്തുകടന്നു. തലയിൽനിന്ന് തട്ടം ഉൗർന്നുപോകുന്നത് ഗൗനിക്കാതെ ചവറുകൊട്ടി ‘ധൂ ധൂ’ എന്ന് തുപ്പി. അവളുടെ തുപ്പൽ മുതവല്ലിയുടെ ദേഹത്തിലേക്ക് തെറിക്കുമോ എന്ന് ശങ്കിക്കാതെ. മുതവല്ലി സാഹിബിന് മുന്നിയുടെ മുഖം മറക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ അടഞ്ഞിരുന്നെങ്കിലും തന്നെ തുറിച്ചുനോക്കുന്നെന്ന് അയാൾക്കു തോന്നി. ചുറ്റുപാടുംനിന്ന് ശകാരങ്ങൾ മുഴങ്ങുന്നെന്ന തോന്നൽ അയാളെ അലട്ടി. അയാൾക്ക് നടന്നുനീങ്ങാൻ കഴിയാത്ത നിലയായി. മനസ്സിന് ഒരു വല്ലാത്ത കനം. തിന്ന ബിരിയാണി ഇരുമ്പാണി േപാലെ വയറ്റിൽ കുത്തിത്തറക്കുന്നു. കുടിച്ചതെല്ലാം അമീന പറഞ്ഞതുപോലെ ശെയ്ത്താന്റെ മൂത്രമാണെന്നു തോന്നി. വയറ്റിലെന്തോ ഉരുണ്ടുകയറി. വല്ലപാടും വീടിന്റെ പടി കയറിയപ്പോൾ, മങ്ങിയ കാഴ്ചയിൽ അയാൾ കണ്ടു. അമീന എങ്ങോട്ടോ പുറപ്പെടുന്നു. വിയർപ്പ് തുടച്ച് തൊണ്ട വരണ്ടതിനാൽ മിണ്ടാനാവാതെ എങ്ങോട്ടാണെന്ന് അയാൾ ആംഗ്യംകൊണ്ട് ചോദിച്ചു.
വേറെ എങ്ങോട്ടാ? ഞാൻ നിങ്ങൾക്ക് ഏഴെണ്ണത്തിനെ തന്നു. ഇനിയെങ്കിലും പേറു നിർത്തണം. ആസ്പത്രിയിലേക്ക് പോകയാണ്. തടയാനോ എന്തെങ്കിലും പറയാനോ കഴിയാതെ അയാളിരിക്കാൻ തുടങ്ങുമ്പോൾ, അയാൾ പറയാറുള്ളപോലെ അവൾ പറഞ്ഞു. വാതിലടക്കൂ. കുഞ്ഞുങ്ങളെ നോക്കൂ. ഞാൻ ഒരാഴ്ച കഴിഞ്ഞേ തിരിച്ചുവരൂ.
അശറഫിന്റെ ദയനീയ ദുരന്തകഥ സമാപിക്കുന്നത് ഇങ്ങനെ സ്ത്രീഗണം ഉയിർത്തെഴുന്നേൽക്കുന്ന ചിത്രത്തോടെയാണെങ്കിലും ആ ഉയിർത്തെഴുന്നേൽപ് കഥാകൃത്തിന്റെ പകൽക്കിനാവായിത്തന്നെ പരിണമിക്കാനാണിടയുള്ളത്. മുതവല്ലിമാർ അങ്ങനെ അടങ്ങുന്നവരല്ല. മുസ്ലിം സ്ത്രീകൾക്ക് അത്ര പെട്ടെന്ന് ബോധോദയമുണ്ടാകാനുമിടയില്ല; ഒരുവളുടെ ദുരന്തകഥ എത്രയേറെ ഹൃദയഭേദകമായാലും പക്ഷേ, ആ ഉയിർത്തെഴുന്നേൽപിന്റെ ചിത്രംകൊണ്ട് മാത്രമല്ല കഥ മഹത്തായിത്തീരുന്നത്. മുസ്ലിം പുരുഷന്മാരെയും അവരുടെ മതനേതാക്കളെയും ശങ്കയേതുമില്ലാതെ വിമർശിക്കുന്നതുകൊണ്ടും ഖുർആനിൽ പറഞ്ഞ നിയമങ്ങളും ശരീഅത്തും ഒന്നും അറിയാത്ത ശുംഭന്മാരാണവരെന്ന് തുറന്നടിക്കുന്നതുകൊണ്ടുമാണ്.
അഭ്യസ്തവിദ്യയായ ഒരു മുസ്ലിം സ്ത്രീയെക്കൊണ്ടു തന്നെ നിയമജ്ഞരെന്ന് നടിക്കുന്ന പുരുഷവർഗത്തെ രൂക്ഷമായി വിമർശിച്ചിരിക്കുന്നു. മുതവല്ലിമാരെ ഇപ്രകാരം ‘കൊട്ടയാട്ടാൻ’ ഒരു സ്ത്രീ കഥാകൃത്തിന് ധൈര്യമുണ്ടാവുന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. അഭ്യസ്തവിദ്യരായ മുസ്ലിം സ്ത്രീകൾ കേരളത്തിൽ ധാരാളമുണ്ട്. കഥാകൃത്തുക്കളായ സ്ത്രീകളും ഉണ്ട്. അവരിലാരും തന്നെ ഇത്ര രൂക്ഷമായ വിമർശനത്തിന്റെ കരിങ്കല്ല് ഒരു പേപ്പട്ടിയുടെ നേർക്കെന്നപോലെ എറിയുകയുണ്ടായിട്ടില്ല.
ദുരന്തശോകത്തിന്റെ ആഴത്തിൽ നാം ശ്വാസം കിട്ടാതെ പിടയുന്ന അനുഭവം എന്നപോലെ, രൂക്ഷമായ വിമർശന ഹാസ്യത്തിന്റെ ചൂട്ടുകൊണ്ട് മുഖത്ത് കുത്തുന്ന അനുഭവവും കഥക്ക് ഗുരുതയരുളുന്നു. ശീർഷകത്തിലെ ‘മൂർഖന്മാർ’ വിഷം വമിക്കുന്ന പുരുഷ ഗണത്തിന്റെ പ്രതീകാത്മകമാണെന്ന വസ്തുത കഥ വായിക്കുന്നവർ തിരിച്ചറിയാതിരിക്കില്ല. എങ്കിലും കൂട്ടത്തിലുള്ള യാക്കൂബുമാർക്ക് -അവരുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്- പെട്ടെന്ന് മനഃപരിവർത്തനമുണ്ടായെന്നു വരില്ല. കേരള ബ്രാഹ്മണർക്ക് നാലു വേളിയാവാമെന്ന ആചാരം ഉണ്ടായിരുന്നു. അതിൻപേരിൽ അന്തർജനങ്ങളനുഭവിച്ചിരുന്ന നരകം ചെറുതായിരുന്നില്ല. എങ്കിലും വി.ടിയുടെ ‘അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം ഉണ്ടാക്കിയ പരിവർത്തനം അത്ഭുതാവഹമായിരുന്നു.
യോഗക്ഷേമ സഭ പോലുള്ള സംഘടനകളും സ്ത്രീകളെ നരകത്തിൽനിന്ന് കരകയറ്റാൻ തുണനിന്നു. സാഹിത്യം മനുഷ്യമനസ്സിനെ ‘ശിവേത രക്ഷതി’യിലേക്ക് നയിക്കാൻ ശക്തിമത്തായ ആയുധം തന്നെയെന്ന് അക്കാലത്ത് ആ സമുദായത്തിലുൾപ്പെട്ട സാഹിത്യകാരന്മാരുടെയും ലളിതാംബിക അന്തർജനത്തിന്റെയും കൃതികൾ തെളിയിച്ചു.
ഖുർആനിൽ നിർദേശിക്കപ്പെട്ട നിയമങ്ങൾ സ്ത്രീകൾക്ക് എതിരല്ല എന്ന് തിരിച്ചറിയുന്ന സുലൈഖാ ബീവിമാരെ പോലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടും, നിയമങ്ങളറിയാത്ത അബലകളുടെ ദൈന്യത്തിന്റെ ഹൃദയം പിളരുന്ന ദൃശ്യങ്ങൾ വരഞ്ഞുകൊണ്ടും ബാനു മുഷ്താഖ് സമാനമായ പരിവർത്തനം ഉണ്ടാക്കാൻ ശക്തയായിട്ടുണ്ടാവണം. യാക്കൂബിനെപ്പോലുള്ള പുരുഷന്മാർക്ക് മനഃപരിവർത്തനമുണ്ടാക്കാൻ കഴിഞ്ഞാലുമില്ലെങ്കിലും, രണ്ടു മുതവല്ലിക്കഥകൾ സ്ത്രീകൾക്ക് ഉയിർത്തെഴുന്നേൽക്കാൻ പ്രേരണയായിട്ടുണ്ടാവും.
വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനവുമുണ്ടായാൽ കഥയിലെ ആഷറഫിനെപ്പോലെ ഉലഞ്ഞ് അലഞ്ഞ് തുലയേണ്ടിവരില്ലെന്ന ബോധം ഉണരും. പിന്നെ അതിന് എതിരുനിൽക്കാൻ മുതവല്ലിമാരുടെ ആധിപത്യം ശക്തമാവില്ല. മറ്റു സമുദായങ്ങളിലെ സ്ത്രീകൾക്കെന്നപോലെ ദാരിദ്ര്യമായിരിക്കും ഒരേയൊരു ശത്രു. രണ്ടു മുതവല്ലിക്കഥകളിലൂടെ മിഥ്യാവിശ്വാസത്തിന്റെ നാരായവേര് ചാരമാക്കിയ വാഗഗ്നിക്ക് ആയിരം നമസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.