കഥ കേൾക്കാനും പറയാനുമുള്ള മനുഷ്യന്റെ താൽപര്യങ്ങൾക്ക് ഉൽപത്തികാലത്തോളം ചരിത്രമുണ്ട്. ലോകത്തെ സ്വാധീനിച്ച എല്ലാ മതഗ്രന്ഥങ്ങളും കഥകൾ പറഞ്ഞുകൊണ്ടാണ് മഹത്തായ സന്ദേശങ്ങൾ അനുയായികളിലേക്കെത്തിച്ചത്. നാം കാണാത്തതോ അറിയാത്തതോ, അറിഞ്ഞിട്ടും ശ്രദ്ധിക്കാതിരുന്നതോ ആയ ജീവിത രഹസ്യങ്ങളാണ് ഓരോ കഥകളിലും മനുഷ്യർ അന്വേഷിച്ചുകൊണ്ടിരുന്നത്. ആ കഥകളിൽ ഓരോരുത്തരും അവരവരുടെ ജീവിതം കാണുകയും ഹൃദയത്തിലേറ്റുവാങ്ങുകയും ചെയ്തു.
കലാകാരൻ ദൈവത്തിന്റെ പ്രതിപുരുഷനാണ് എന്ന് വിശേഷിപ്പിച്ചത് ജർമൻ സാഹിത്യകാരനും തത്ത്വചിന്തകനുമായിരുന്ന യൊഹാൻ വൂൾഫ്ഗാങ് വാൻ ഗോഥെ (Johann Wolfgang von Goethe) ആണ്. സാധാരണ മനുഷ്യർക്ക് അഗോചരമായ ജീവിതാവസ്ഥകളെ, പ്രപഞ്ച സത്യങ്ങളെയെല്ലാം ദൈവത്തെ പോലെ അവർ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നു. നല്ല കഥകളിലൂടെ ഒരു മികച്ച കഥാകൃത്തും ഈ ധർമം തന്നെയാണ് നിർവഹിക്കുന്നത്.
‘നീ കോപിച്ചതുകൊണ്ട്
ഞാൻ ഉരുകി ഒരു നദിയായി
ഇപ്പോൾ എന്റെ ജലത്തിൽ
നഗ്നനായ പുരുഷന്റെ നിഴലുണ്ട്’
മല്ലിക സെൻഗുപ്ത ബംഗാളി ഭാഷയിൽ എഴുതിയ ഒരു കവിത കെ. സച്ചിദാനന്ദൻ വിവർത്തനം ചെയ്തത് ഉദ്ധരിച്ചുകൊണ്ടാണ് സലിം കുരിക്കളകത്ത് ‘എബ്രായ’ എന്ന തന്റെ കഥ പറഞ്ഞുതുടങ്ങുന്നത്. നാലുവർഷം മുമ്പ്, തന്നെ ഉപേക്ഷിച്ചു പോയ മദ്യപനായ ഭർത്താവിന്റെ അഭാവത്തിൽ ഒറ്റക്ക് ജീവിക്കുന്ന മറിയയെന്ന യുവതിയുടെ കഥയാണ് എബ്രായ. വീടിന്റെ കോലായ് ചുമരിൽ എബ്രായ എന്ന പേര് കാപ്പിത്തടിയിൽ തച്ചനെ കൊണ്ട് കൊത്തിപ്പിടിപ്പിച്ചത് അപ്പനാണ്. എബ്രായ എന്നത് എന്താണ് എന്ന അമ്മയുടെ ചോദ്യത്തിന്, പഴയനിയമം എഴുതിവെച്ചത് എബ്രായ ഭാഷയിൽ ആണെന്നാണ് അപ്പൻ മറുപടി പറഞ്ഞത്. ഒരു സത്യക്രിസ്ത്യാനിയായി തന്നെ മരിക്കണം എന്ന അപ്പന്റെ ആഗ്രഹം അദ്ദേഹത്തിന്റെ പ്രാർഥനകളിൽ പ്രകടമായിരുന്നു. സാത്താന്റെ പ്രലോഭനങ്ങളെ മറികടക്കാനായി മറിയയും പ്രാർഥനകളെയാണ് അഭയം പ്രാപിച്ചത്. സാത്താനെക്കുറിച്ച് നിരന്തരമായി പള്ളി വികാരിയും അവളെ ഓർമിപ്പിക്കുമായിരുന്നു. ‘ദുഷ് ചിന്ത വരുമ്പോഴൊക്കെ കൊന്ത നെഞ്ചോടടുപ്പിച്ചേക്കണം, കർത്താവ് കൂടെയുണ്ടാവും’ എന്ന് അച്ചൻ പറഞ്ഞിരുന്നു. എന്നാൽ മിന്നുകെട്ടിന്റെ ഒന്നാം വാർഷികം എത്തുന്നതിനുമുമ്പ്, തന്നെ ഇട്ടേച്ചുപോയ റാക്കിന്റെ വാടയുള്ള കെട്ട്യോനെയാണ് ഈ അവസരങ്ങളിലെല്ലാം മറിയ ഓർക്കാറുണ്ടായിരുന്നത്. ഒറ്റക്ക് ഒരു പെണ്ണിന് ജീവിക്കാൻ ചുറ്റുവട്ടങ്ങൾ സമ്മതിക്കില്ലെന്ന സമ്മർദ സാഹചര്യങ്ങൾ അവൾക്ക് ചുറ്റും ഉണ്ടായിരുന്നു. ശാരീരികമായ ആവശ്യങ്ങളെ ആത്മീയത കൊണ്ട് എത്രത്തോളം തടുത്തുനിർത്താൻ സാധിക്കുമെന്ന മനഃക്ലേശത്തിൽ ധീരമായ ഒരു തീരുമാനത്തിലേക്ക് മറിയ നടന്നുചെല്ലുന്നത് കാണാൻ സാധിക്കുന്നുണ്ട്.
എബ്രായ എന്ന കഥാസമാഹാരത്തിൽ എട്ട് കഥകളാണുള്ളത്. ദൈർഘ്യം ഏറെ ഇല്ലാത്ത കഥകളാണ് എല്ലാം. വീട് നഷ്ടപ്പെട്ടവന്റെ, ഊര് നഷ്ടപ്പെട്ടവന്റെ, ഉറ്റവരെയും, ഒടുവിൽ ചവിട്ടി നിൽക്കാൻ ഒരിടം പോലും ഇല്ലാതാകുന്നവരുടെയും ആന്തരിക സംഘർഷങ്ങളാണ് പല കഥകളിലും തെളിയുന്നത്. ഈ ഭൂമിയിൽ ആത്യന്തികമായി ആർക്കാണ് ഉടമസ്ഥാവകാശം പ്രഖ്യാപിക്കാൻ കഴിയുന്നത്? തലമുറ തലമുറയായി ജീവിച്ചുപോരുന്ന ഒരിടത്ത് രേഖകളും അടയാളങ്ങളുമായി എത്രകാലം നമുക്ക് നമ്മുടെ ഇടങ്ങളെ കാത്തുവെക്കാൻ കഴിയും? ഭൂഖണ്ഡങ്ങളെ തന്നെ കീഴടക്കിയ മനുഷ്യന്റെ സഞ്ചാരപഥങ്ങൾ എല്ലാ ലോകങ്ങളിലേക്കും നീണ്ടുകിടക്കുമ്പോൾ ഇതാണ് എന്റെ ഭൂമി എന്ന് തീർത്തുപറയാൻ ആർക്കാണ് സാധിക്കുക? രേഖകളില്ലെന്ന പേരിൽ കുടിയിറക്കാൻ എങ്ങനെയാണ് സാധിക്കുക? രേഖകൾക്കപ്പുറം വിശ്വാസങ്ങളും ആചാരങ്ങളുമനുസരിച്ച് ഒന്നിച്ചുകൂടുന്ന ചില മനുഷ്യർ ശക്തി കൊണ്ട് ദുർബലരായ മറ്റു മനുഷ്യർക്കുമേൽ നടത്തുന്ന കടന്നാക്രമണങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കാൻ കഴിയുക? ഇങ്ങനെ വ്യാകുലപ്പെടുന്ന മൂന്ന് കഥകളുണ്ട് ഇതിൽ. മഴമേഘച്ചതുപ്പ്, പാക്കിസ്ഥാനിലേക്കുള്ള തീവണ്ടി, കപ്പോള എന്നിവയാണവ.
താൻ ജനിച്ചുവളർന്ന ചതുപ്പ് കോളനി ഒരു ദിവസം ഭീഷണി സ്വരവുമായി വന്ന ചിലർക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടി വന്നവരിൽ ഒരാളായിരുന്നു കുഞ്ഞനന്തൻ.
‘ഞങ്ങ്ളെ അപ്പനപ്പൂപ്പൻമാര് പാർത്തുപോന്ന ഭൂമിയാണിത്’ -കുഞ്ഞനന്തൻ പറഞ്ഞു.
‘അതോണ്ട് ഭൂമി നിങ്ങള്ടേതാകുമോ?’-ഗുണ്ട ചോദിച്ചു. കുഞ്ഞനന്തനോ മറ്റുള്ളവർക്കോ മറുപടിയുണ്ടായിരുന്നില്ല. കുഞ്ഞനന്തന്റെ ഉപജീവന മാർഗമായിരുന്ന ചായക്കടയും പൊളിച്ചുമാറ്റിക്കളയുന്നുണ്ട് അവർ. ഒടുവിൽ അവിടെ പണിതീർക്കുന്ന വലിയ അപ്പാർട്ട്മെന്റുകളുടെ സെക്യൂരിറ്റി പണിയിലേക്ക് കുഞ്ഞനന്തൻ എത്തിച്ചേരുന്നു. കർഷകരും കൂലിപ്പണിക്കാരും അടങ്ങുന്ന അടിസ്ഥാനവർഗത്തിന്റെ കിടപ്പാടങ്ങൾ എത്ര സുഗമമായാണ് നാഗരികർ കൈക്കലാക്കുന്നതെന്ന് നമ്മുടെ നാട്ടിൽ അരങ്ങേറുന്ന വികസന മാമാങ്കങ്ങൾ പലപ്പോഴും സാക്ഷ്യം വഹിക്കാറുണ്ട്. സാധാരണക്കാരന് വീടുവെക്കാനായി മൂന്നോ നാലോ സെന്റ് കൃഷിഭൂമി നികത്തിയെടുക്കാനും പുരയിടമാക്കി എടുക്കാനും വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമ്പോൾ നമ്മുടെ നാട്ടിലെ ജലാശയങ്ങളും തണ്ണീർത്തടങ്ങളും എത്ര പെട്ടെന്നാണ് വമ്പൻ ഷോപ്പിങ് മാളുകൾക്ക് വഴിയൊരുക്കുന്നത്! മഴമേഘച്ചതുപ്പ് എന്ന കഥയിൽ നാഗരികര്ക്കുവേണ്ടി കിടപ്പാടം ഒഴിഞ്ഞുകൊടുക്കേണ്ടി വരുകയും ഒടുവിൽ അവരുടെ സുരക്ഷിതത്വത്തിനായി കാവൽ നിൽക്കേണ്ടിവരുകയും ചെയ്യുന്ന കുഞ്ഞനന്തന്റെ കഥ പരിചിതമായ ജീവിതയാഥാർഥ്യങ്ങളുടെ ആവിഷ്കാരം തന്നെയാണ്.
ദേശീയതാവാദമെന്ന തന്ത്രമുപയോഗിച്ച് മുസ്ലിം അപരവത്കരണം സമർഥമായി നടപ്പിലാക്കിയവർ, പിന്നീട് അധികാരം കൈയടക്കിയപ്പോൾ ഏറെ കൗശല ബുദ്ധിയോടുകൂടി മുന്നോട്ടുവെച്ച ഒരാശയമായിരുന്നു പൗരത്വ ഭേദഗതി ആക്ട്. എൻ.ആർ.സി നടപ്പാക്കാൻ പോകുന്നു എന്ന് അറിയുന്നതോടെ മുസാഫർ അലി എന്നൊരു ചരിത്രാധ്യാപകൻ കടന്നുപോകുന്ന മാനസിക വിക്ഷോഭങ്ങളാണ് ‘പാകിസ്ഥാനിലേക്കുള്ള തീവണ്ടി’ എന്ന കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത്. എൻ.ആർ.സി രേഖകൾ ഭദ്രമാക്കാനുള്ള അയാളുടെ ശ്രമങ്ങളും തുടർന്നുള്ള മാനസിക സംഘർഷങ്ങളും ഒരു മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിലേക്കുവരെ മുസാഫർ അലിയെ എത്തിക്കുന്നുണ്ട്.
ഒരു മലവെള്ളപ്പാച്ചിലിൽ ജീവൻ രക്ഷിക്കാനായി, താമസിച്ചിരുന്ന കുടിലിൽനിന്നും രക്ഷപ്പെട്ട് വേറൊരിടത്തേക്ക് മാറുമ്പോഴാണ്, വീടിന്റെ ആധാരം അവിടെ മറന്നുവെച്ചതോർത്ത് സെയ്തുവിന്റെ വാപ്പ ഒറ്റക്ക് തിരികെ വഞ്ചിയൂന്നി കുടിലിലേക്ക് പോയത്. വാപ്പ പിന്നെ തിരിച്ചുവന്നില്ല. സെയ്ദുവിന് അന്ന് ആറ് വയസ്സായിരുന്നു. പള്ളിയിൽനിന്ന് വല്ലപ്പോഴും കിട്ടാറുള്ള നേർച്ചച്ചോറ് പശിയടക്കാൻ തികയാതായപ്പോഴാണ് പ്രീഡിഗ്രി കഴിഞ്ഞ് സെയ്ദു കോയമ്പത്തൂർക്ക് പോകുന്നത്. അവിടെ ചെറിയൊരു ജോലിയുമായി കഴിയുമ്പോഴാണ് ബാബരി മസ്ജിദ് തകർക്കപ്പെടുന്നതും രാജ്യത്ത് കലാപമുണ്ടാകുന്നതും. നിസ്സഹായവും ഭയചകിതവുമായ നാട്ടിലേക്കുള്ള തിരിച്ചുപോക്കിൽ സെയ്ദു അനുഭവിച്ച കാര്യങ്ങളാണ് ‘കപ്പോള’ എന്ന കഥയിൽ വിവരിച്ചിരിക്കുന്നത്.
ഇടക്കെട്ട് കല്യാണത്തിന് വന്ന അന്ത്രു ഹാജിയോടൊപ്പം പുലർച്ചെ ഒളിച്ചോടിയ കുഞ്ഞീബിയുടെ രസകരമായ കഥയാണ് ‘പട്ടാള വണ്ടി’. ഈ കഥയിലും എൻ.ആർ.സിയെ കുറിച്ചുള്ള സൂചനകളും ഭയാശങ്കകളും നിറയുന്നുണ്ട്. സഹായ മനഃസ്ഥിതിയുള്ള ആളുകളെ സമർഥമായി പറ്റിക്കാൻ കഴിവുള്ള മനുഷ്യരെക്കുറിച്ച് സൂചിപ്പിക്കുന്ന ‘പരശ്ശതമാളുകളുടെ ഒഴുക്ക്’ എന്ന കഥയും ആത്മഹത്യയുടെ മനഃശാസ്ത്രത്തെക്കുറിച്ച് ചിന്തിക്കുന്ന ‘ബർബോസ നാസിമെന്റോ’ എന്ന കഥയും ആഖ്യാന കൗശലം കൊണ്ട് വേറിട്ടതാണ്. സൂക്ഷ്മമായ ചില ജീവിത സന്ദർഭങ്ങളെ അതിമനോഹരമായി കോർത്തിണക്കുകയും ദാർശനിക ഭംഗിയോടെ ആവിഷ്കരിക്കുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.