ഇ. സന്തോഷ്​ കുമാർ

ജീവിതസംഘർഷങ്ങളുടെ ഭൂപടം

‘‘പൂർണമായ തരത്തിൽ പുതിയ കാലത്തിന്റെ കഥാകൃത്തായ ഇ. സന്തോഷ്‌ കുമാർ ഫിക്ഷനാലിറ്റി എന്ന സങ്കേതത്തെ യാഥാർഥ്യത്തോട് അടുപ്പിച്ചുനിർത്തുന്നു. അങ്ങനെ ചെയ്യുമ്പോൾ യഥാർഥ ലോകത്തെ മനുഷ്യരുടെ ഉൾക്കാമ്പുകളിലേക്കും അവരുടെ വ്യസനത്തിന്റെ ഉള്ളറകളിലേക്കും സൂക്ഷ്മമായ നോട്ടമെയ്യാൻ കഥാകാരന് സാധിക്കുന്നു എന്നത് നിശ്ചയമായും പറയാനാവും’’ -ഇ. സന്തോഷ്​ കുമാറി​ന്റെ കഥകളിലൂടെ, രചനകളിലൂടെ സഞ്ചരിക്കുകയാണ്​ നിരൂപകനായ ലേഖകൻ.

I’ve lost the thread of the story I was telling.

My elephant roams his dream of Hindustan again.

Narrative, poetics, destroyed, my body,

a dissolving, a return.

-Rumi

യഥാർഥ ലോകത്തെയും ഫിക്ഷനൽ ലോകത്തെയും അന്യോന്യം പകർപ്പുകളായി കാണുന്നതിൽ യുക്തിക്കുറവില്ല. യഥാർഥ ലോകത്തിന്റെയും ഭാവനാലോകത്തിന്റെയും ആഖ്യാതാക്കളായി കഥയെഴുത്തുകാർ തന്നെ വേഷം മാറി പ്രത്യക്ഷപ്പെടുകയാണ്. ജീവിതസംഘർഷങ്ങളെ ഭാവന കലർത്തി പറയുന്ന കഥകളെ സൂക്ഷ്മവും സുദൃഢവുമാക്കുന്ന സന്ദർഭങ്ങൾ കഥയെഴുത്തിന്റെ ഉപകരണങ്ങളാണ്. ഇങ്ങനെ എഴുത്തുകാരും വായനക്കാരും തമ്മിൽ സംവദിച്ചുകൊണ്ട് രൂപപ്പെടുന്ന ഒരിടമാണ് കഥയായി പരിവർത്തനപ്പെടുന്നത്.

തൊണ്ണൂറുകൾക്ക് ശേഷം ദിശ മാറിയ മലയാള കഥയുടെ സഞ്ചാരവഴിയെ പലതരത്തിലുള്ള ഘടകങ്ങൾ സ്വാധീനിച്ചു. ആഗോളീകരണവും വിപണിയും അധികാരത്തിന്റെ പുതിയ സമവാക്യങ്ങളും അവയിൽ പ്രധാനമാണ്. ജാതിയും ലിംഗനീതിയും സാമൂഹികബന്ധങ്ങളും പരിസ്ഥിതിയും വിവരസാങ്കേതികതയും അവയുടെ പ്രമേയങ്ങളായി മുന്പെങ്ങുമില്ലാത്തവിധം കടന്നുവന്നു. എല്ലാറ്റിനുമുപരിയായി ദേശ-രാഷ്ട്ര സങ്കൽപം സങ്കുചിത രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ പാതകളിലൂടെ പിച്ചവെക്കാൻ ആരംഭിച്ചതും കഥയുടെ പരിസരങ്ങളെ പ്രചോദിപ്പിക്കാൻ തുടങ്ങി.

പുതിയ കഥാപരിസരങ്ങളും പുതിയ വീക്ഷണങ്ങളും ആഖ്യാനകലയും കഥയെ ആവേശിച്ചതും സ്വാഭാവികമാണ്. ഇങ്ങനെയൊരു സവിശേഷമായ ചിട്ടവട്ടങ്ങളിൽ ‘കഥ’യും കഥാകൃത്തുക്കളും എത്തിച്ചേർന്നു. പൂർണമായ തരത്തിൽ പുതിയ കാലത്തിന്റെ കഥാകൃത്തായ ഇ. സന്തോഷ്‌കുമാർ ഫിക്ഷനാലിറ്റി എന്ന സങ്കേതത്തെ യാഥാർഥ്യത്തോട് അടുപ്പിച്ചുനിർത്തുകയാണ്. അങ്ങനെ ചെയ്യുമ്പോൾ യഥാർഥ ലോകത്തെ മനുഷ്യരുടെ ഉൾക്കാമ്പുകളിലേക്കും അവരുടെ വ്യസനത്തിന്റെ ഉള്ളറകളിലേക്കും സൂക്ഷ്മമായ നോട്ടമെയ്യാൻ ഇ. സന്തോഷ്‌ കുമാറിലെ കഥാകാരന് സാധിക്കുന്നു എന്നത് നിശ്ചയമായും പറയാനാവും.

ഇ. സന്തോഷ്‌ കുമാർ എഴുതിയ എഴുപതോളം കഥകൾ അത് സ്ഥാപിക്കുന്നുമുണ്ട്. മനുഷ്യരുടെ വ്യഥകളെയും മരണത്തെയും നിരാശയെയും ഏകാന്തതയെയുമാണ് കഥാകൃത്ത് സ്പർശിക്കുന്നത്. വിപണിയും ശരീരവും അധികാരവും മെനയുന്ന മത്സരക്കളങ്ങളിൽ തോൽക്കുന്നവർക്ക് കൂടെ നിൽക്കുക എന്നതാണ് ആ കഥകൾ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം. ആഗോളീകരണവും വർഗീയതയും നിക്ഷിപ്ത താൽപര്യങ്ങളും സങ്കുചിതമായ സാമൂഹികത്വവും സ്ത്രീ-പുരുഷ വ്യവഹാരങ്ങളും ഈ കഥാകാരന്റെ കഥകൾക്ക് വിഷയമാവുന്നു. തൊണ്ണൂറുകൾക്ക് ഒടുവിൽ കഥയെഴുതി തുടങ്ങിയ എഴുത്തുകാരൻ എന്നനിലക്ക് ഇ. സന്തോഷ്‌കുമാർ അഭിസംബോധനചെയ്യുന്നത് പുതിയ ലോകക്രമം അനുശാസിക്കുന്ന ഭൂപടത്തിലും അതിരുകളിലും ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെയും സകല ജീവിവർഗത്തിന്റെയും സംഘർഷങ്ങളെയാണ്.

ആധുനികതയുടെ കാലത്തും ആധുനികതക്കു ശേഷവും ചെറുകഥയുടെ രൂപഘടനയിലെ പരീക്ഷണങ്ങൾ പരാമർശവിധേയമായിട്ടുണ്ട്. എന്നാൽ, പരീക്ഷണാഭ്യാസങ്ങൾക്കുപരിയായി അവ ആസ്വാദനക്ഷമമായി ദീർഘകാലം നിലനിന്നിരുന്നുവോ എന്നതുകൂടി പരിശോധിക്കണം. ഇതിനിടയിൽ എഴുത്തിന്റെയും എഴുത്തുകാരന്റെയും രാഷ്ട്രീയം വ്യവച്ഛേദിച്ചറിയാനുള്ള സവിശേഷത വായനയിൽ പ്രതിഫലനങ്ങൾ ഉണ്ടാക്കി. എഴുത്തുകാരിൽനിന്നും കൃതിയെ കേന്ദ്രിതമാക്കിയുള്ള ചർച്ചകൾ പതുക്കെ രൂപപ്പെട്ടുതുടങ്ങി. എഴുതുന്ന പ്രമേയപരിസരത്തിന്റെ വീക്ഷണം, വിഷയത്തിന്റെ സന്ദിഗ്‌ധസ്ഥിതി, അതിനെ വായനക്കാരിലേക്കെത്തിക്കൽ എന്നിവയിൽ വിജയിച്ചില്ലെങ്കിൽ കഥയുടെ സംവേദനത്തിൽ പാളിച്ചകൾ സംഭവിക്കുന്നു.

മലയാള കഥാസാഹിത്യം സഞ്ചരിച്ച ദൂരത്തിനെ അളക്കുമ്പോൾ കാലികമായ അതിന്റെ വളർച്ചയെ വ്യക്തമായി അടയാളപ്പെടുത്തുകയാണ് ഇ. സന്തോഷ് കുമാറിന്റെ കഥകൾ. 1998 മുതൽ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എഴുതിത്തുടങ്ങിയ ഇ. സന്തോഷ് കുമാറിന്റെ കഥകൾ രേഖപ്പെടുത്താതെ മലയാളത്തിലെ ആധുനികാനന്തര കഥയുടെ ചരിത്രത്തെ പഠിക്കാനാവില്ല.

സമകാലത്തെ മലയാള കഥ എഴുത്തുരീതികൊണ്ടും വിഷയസ്വീകരണത്തിന്റെ വൈവിധ്യംകൊണ്ടും വ്യത്യസ്തമാണ്. അതിരുകവിഞ്ഞ അലങ്കാരങ്ങളോ ഭാഷാപ്രയോഗങ്ങളോ ഇല്ലാതെ സംസാരഭാഷയിൽ സംവദിക്കാനാണ് പുതിയ ‘കഥ’ ശ്രമിക്കുന്നത്. ആധുനികതയുടെ അവശിഷ്ടങ്ങളായ ഭാഷാജടിലതയോ പ്രത്യയശാസ്ത്രവാദങ്ങളോ അവിടെ കഥാഗാത്രത്തെ മോഹിപ്പിക്കുന്നില്ല.

സാഹിത്യം സാമൂഹിക വിഷയങ്ങളെ വലിയരീതിയിൽ സംബോധന ചെയ്യുകയും ശക്തമായ തരത്തിൽ ദേശീയതയുമൊക്കെ ബന്ധപ്പെട്ട വ്യാഖ്യാനങ്ങൾക്ക് ഇടംനൽകുകയും ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധത്തോടെ മലയാള കഥയിലുണ്ടായ ഭാവുകത്വ പരിണാമത്തെ കുറിച്ച് ഏറെ വിശകലനങ്ങൾ വന്നിട്ടുണ്ട്.

ആനന്ദും വിജയനും മു​ന്നോട്ടുവെച്ച ആശയലോകങ്ങളിൽനിന്നും കഥയുടെ രൂപശിൽപ-വിഷയ പരിചരണത്തിൽ വിച്ഛേദം സൃഷ്ടിച്ചുകൊണ്ട് എൻ.എസ്. മാധവന്റെ കഥകൾ പിന്നീടുള്ള കഥാരചനക്ക് ഒട്ടൊക്കെ പ്രചോദനമായി. ആഗോളീകരണത്തെ തുടർന്നുള്ള ഉപഭോഗ സംസ്കാരം കേരളീയ സമൂഹത്തിൽ വലിയ പൊളിച്ചെഴുത്തുകൾ നടത്തി. സ്ത്രീ-പുരുഷ കേന്ദ്രീകൃത ആഖ്യാനങ്ങൾ, അണുകുടുംബ വ്യവസ്ഥകൾ, മതത്തിന്റെയും വർഗീയതയുടെയും വർധിതമായ ഇടപെടലുകൾ എന്നിവയൊക്കെ പിടിമുറുക്കിയ അന്തരീക്ഷത്തിന്റെ നടുവിലാണ് ഇ. സന്തോഷ് കുമാർ എന്ന കഥാകൃത്ത് ആദ്യമായി എഴുതിത്തുടങ്ങുന്നത്.

നിർദിഷ്‌ടമായ ഈ ചുറ്റുപാടുകളിൽ ഉരുവംകൊള്ളുന്ന കഥാകൃത്തിന്റെ രചനകളെ എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്നതിന് പ്രാധാന്യമുണ്ട്. ഇ. സന്തോഷ് കുമാർ എഴുതിത്തുടങ്ങിയ/ എഴുതുന്ന കാലം പ്രത്യേകതരത്തിൽ കഥാകൃത്തിൽ ചെലുത്തിയ പ്രഭാവം കാണാതിരിക്കാൻ കഴിയില്ല. ഇതിന് ഉദാഹരണമായി ആദ്യകാല കഥയായ ‘ബാഘ്ബഹാദൂർ’ പരിശോധിക്കാം. വിൻഡോസ് എന്ന ഓപറേറ്റിങ് സിസ്റ്റത്തിന്റെ വരവിനെ കുറിച്ചും അതിനെ ഒരു രൂപകമാക്കിക്കൊണ്ടുമുള്ള ആഖ്യാനതന്ത്രമാണ് ഈ കഥയിൽ പരീക്ഷിക്കുന്നത്.

പഴയതെല്ലാം വലിച്ചെറിഞ്ഞുകൊണ്ട് പുതിയ ‘മാറ്റ’ത്തെ ആശ്ലേഷിക്കാൻ സദാ വെമ്പൽപൂകുന്ന മനുഷ്യസ്വഭാവത്തെ ചേർത്തുപിടിച്ചുകൊണ്ടാണ് ഈ കഥ പൂർത്തീകരിക്കപ്പെടുന്നത്. ഇന്റർനെറ്റും കമ്പ്യൂട്ടറും മധ്യവർഗ കുടുംബങ്ങളിൽ പ്രചാരത്തിൽ വരാൻ തുടങ്ങിയ നാളുകളെയാണ് കഥാകൃത്ത് ഇവിടെ മുഖാമുഖംചെയ്യുന്നത്.

സാഹിത്യേതരമായ ബാഹ്യപ്രകൃതിയെ കൂടി കണക്കിലെടുക്കാതെ പ്രസ്തുത കഥ പകരുന്ന ആന്തരാർഥം വ്യക്തമാവില്ല. പൂർണമായും വിപണിയെയും വിപണി രൂപപ്പെടുത്തുന്ന ആഗോളീയമായ ലോകക്രമത്തെയും സ്വാംശീകരിച്ചുകൊണ്ടാണ് ഈ കഥയുടെ രൂപവത്കരണമെന്നു തീർച്ചയാണ്. പറഞ്ഞുവരുന്നത്, എഴുതിത്തുടങ്ങുന്ന കാലം കഥാകാരനിൽ നിർമിക്കുന്ന എഴുത്തിന്റെ രീതിശാസ്ത്രത്തെയാണ്.

ജീവിതമെല്ലാം ജീവിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് തുടക്കക്കാലത്ത് തന്നെ കഥയിലൂടെ പ്രസ്താവിച്ച കഥാകൃത്തിനു ആ പ്രസ്താവന (‘ജീവിതമെന്നു വായിക്കാവുന്നത്’ എന്ന കഥ) പിൻവലിക്കേണ്ടിവന്നിട്ടുണ്ട് എന്നത് നിസ്തർക്കമാണ്. പിന്നീട് എത്രയോ കഥകളിലൂടെ, ഭാവനയുടെ അപാരലോകങ്ങളിലൂടെ, അനുഭവതലത്തിന്റെ ആഴങ്ങളിലൂടെ ജീവിതത്തിന്റെ തലങ്ങൾ ഇ. സന്തോഷ് കുമാർ അനാവരണം ചെയ്തു എന്നിടത്താണ് ഇപ്പറഞ്ഞ പ്രസ്താവന അസാധുവാകുന്നത്.

കഥകളിലെ നിസ്സഹായമായ ലോകം, അപരരും പാർശ്വവത്കൃതരുമായ കഥാപാത്രങ്ങൾ –സ്വാർഥത പൂണ്ട കണ്ണുകളോടെ ലോകത്തെ കാണുന്നവർ, അംഗപരിമിതർ പ്രത്യാശാഭരിതമായി ലോകത്തെ കാണുന്നത്, മനുഷ്യർക്കൊപ്പം ഭൂമിയുടെ അവകാശികളായ മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള ആകുലതകൾ, സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും പുറത്താക്കപ്പെടുന്നവരുടെ മാനസികവ്യഥകൾ, ഉറ്റവർക്കിടയിലെ വിശ്വാസവും വിശ്വാസവഞ്ചനയും, അവരുടെ പരസ്പരാകർഷണവും ഉരസലുകളും, പ്രിയപ്പെട്ടവരുടെ വിയോഗത്താൽ വിഷാദത്തിന്റെ നീർച്ചുഴിയിൽ വീണവർ എന്നിങ്ങനെ ആ പട്ടിക നീളുകയാണ്.

സന്തോഷ് കുമാറിന്റെ കഥാപാത്രങ്ങളുടെ വലിയ പ്രത്യേകതയായി പറയാവുന്നത് ശാരീരികവും ആത്മീയവും അതിഭൗതികവുമായ തലത്തിൽ അവർ പെരുമാറുന്നു എന്നതാണ്. സന്തോഷിന്റെ ‘Narrative Space’ന്റെ വ്യാപ്തി അളക്കേണ്ടത് കഥാപാത്രങ്ങളുടെ വിഭിന്നമായ പശ്ചാത്തലം ആധാരമാക്കി കൂടിയാണ്.

പാമ്പിനെയും തത്തയെയും പോറ്റുന്ന കുറവൻ, സർക്കസ് മൃഗങ്ങളെ വളർത്തുന്ന പണ്ടാരൻ, ആനയെ വർണിക്കുന്ന അന്ധന്മാർ, കൊല്ലും കൊലയും ഏറ്റെടുത്തു നടത്തുന്ന ഗുണ്ടകൾ, രാത്രിയിൽ ഉറങ്ങാൻ പേടിക്കുന്നവരും, ഓരോ ഉറക്കത്തിലും ഒരു തീവണ്ടി ഒളിച്ചുസഞ്ചരിക്കുന്നു എന്ന തോന്നലുള്ളവനും, തീവണ്ടിക്കു വെളിച്ചം കൊടുക്കുന്നവനും, സിനിമാമോഹിയായി അവസാനം പുലിവേഷം കെട്ടേണ്ടി വന്നവനും ശബ്ദകലയുടെ സാധ്യതകളെ പരീക്ഷിക്കുന്നവനും ചതിയുടെ വേദപുസ്തകം എഴുതുന്നവനും, മരിച്ചുപോയ കുഞ്ഞിന്റെ പല്ലും മുടിയും നഖവും സൂക്ഷിച്ചുവെച്ചിരിക്കുന്ന അമ്മയും, ഭൂഗർഭത്തിൽ സമയവും വേഗവും തിട്ടപ്പെടുത്തുന്നവനും, ഒരു അന്ധയെ കബളിപ്പിക്കാനാവില്ല എന്ന് തെളിയിക്കുന്ന കഥാപാത്രവും, ഒരു സർക്കസ് കമ്പനി അവസാനിപ്പിച്ചപ്പോൾ അവിടത്തെ മൃഗങ്ങളെ വിലയ്ക്ക് വാങ്ങിയവനും, കണ്ണുപൊട്ടനായ ദൈവവും നഗരത്തിന്റെ ഓരങ്ങളിലും നിറംകെട്ട ഇടങ്ങളിലുമായി ഗുണ്ടാപ്പണി ചെയ്യുന്നവരും ആ കഥാഭൂമികയിലെ മുഖപ്പുകളും മൂർച്ചയുള്ള മുനകളുമാണ്.

കാൽനൂറ്റാണ്ടിന്റെ അടുത്തെത്തിയ സന്തോഷ് കുമാറിന്റെ എഴുത്തുജീവിതം വിശകലനംചെയ്താൽ വാക്കുകൾ ഉപയോഗിക്കുന്നതിൽ പുലർത്തുന്ന ശ്രദ്ധ, വാക്കുകളെ തിരഞ്ഞെടുക്കുന്നതിലെ നിഷ്ഠ, ആടിയുലയുന്ന ജീവിതസാഹചര്യങ്ങളും അടിച്ചമർത്തപ്പെട്ട സന്ദർഭങ്ങളും വാക്കുകളിലേക്ക് പ്രതിഷ്ഠാപനം ചെയ്യുന്ന ശിൽപഭദ്രത എന്നീ കാര്യങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തിലെ കഥകളിൽനിന്ന് 2022ലെ ‘മരണക്കുറി’യിലെത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ കഥാജീവിതത്തിൽ ആഖ്യാനത്തിന്റെ ശിൽപകലയിൽ എഴുത്തുകാരൻ താണ്ടിയത് ദൂരങ്ങളെക്കാൾ ആഴങ്ങളിലേക്കാണ്.

‘ഗാലപ്പഗോസ്’, ‘ബാഘ്ബഹാദൂർ’ തുടങ്ങിയ എഴുത്തിന്റെ തുടക്കക്കാലത്തെ ശ്രദ്ധേയമായ കഥകളിലുള്ള വാക്കുകളുടെ വസ്തുഘടന ആലോചിച്ചുറപ്പിച്ചതായിരുന്നുവെന്നു വേണം അനുമാനിക്കേണ്ടത്. ‘ഗാലപ്പഗോസി’ൽ ചരിത്രവും ദർശനവും അടിവരയിട്ടുകൊണ്ട് ജീവിതത്തെ സകലചരാചരങ്ങളുമായി കൂട്ടിയിണക്കാൻ ശ്രമിക്കുന്നു. എന്നാൽ, ജീവിതത്തെ അയത്നലളിതമായി വരച്ചിടുന്ന പിൽക്കാലശൈലി അവിടില്ല. ബോധപൂർവം ആസൂത്രണംചെയ്ത (Orchestrate) രൂപശൈലിയിൽനിന്ന് വ്യത്യസ്‍തമാണെങ്കിൽ കൂടെ അതേ ചരടിൽ കോർത്തെടുത്ത ആഖ്യാനമാണ് ‘ബാഘ്ബഹാദൂർ’. അവിടെ വാക്കുകളോ വാസ്തുഘടനയോ അല്ല, പരസ്പരബന്ധിതമെന്നു പ്രത്യക്ഷത്തിൽ തോന്നാത്ത രണ്ടു ബിംബങ്ങളെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്.

1999ൽ പ്രസിദ്ധീകരിച്ച ‘തുരങ്കങ്ങൾ’ എന്ന കഥ ഇ. സന്തോഷ് കുമാർ പിൽക്കാലത്ത് എഴുതാൻ പോകുന്ന കഥകളെ കുറിച്ചുള്ള ചിത്രം കൃത്യമായ തരത്തിൽ രേഖപ്പെടുത്തുന്നതാണ്. എടുത്തുപറയത്തക്ക പ്രത്യേകതകൾ പ്രമേയപരമായി കണ്ടെത്താനാവില്ലെങ്കിലും കഥാപരിചരണ രീതിയിലൂടെ ആ കഥയെ മികവുറ്റ അനുഭവമാക്കി മാറ്റാൻ കഥാകൃത്തിനു കഴിയുന്നുണ്ട്.

ഒരുപക്ഷേ, ഇ. സന്തോഷ് കുമാറിന്റെ അധികം ചർച്ചചെയ്ത കഥകളുടെ പട്ടികയിൽ കാണാത്ത ഈ കഥയിൽ കൃതഹസ്തനായ കഥാകൃത്തിന്റെ വരവ് അറിയിക്കുന്ന ചേരുവകളൊക്കെയുണ്ട്. ‘സിഗ്നൽപോസ്റ്റിന്റെ ചുവന്ന കണ്ണുകൾ അടഞ്ഞ് മഞ്ഞനിറത്തിലേക്കു തുറന്നു’ എന്നാരംഭിക്കുന്ന കഥ ചുവപ്പിൽനിന്ന് മഞ്ഞയിലൂടെ പച്ചനിറത്തിലെത്തുന്ന വർണവൈവിധ്യം മനുഷ്യരുടെ ജീവിതത്തിന്റെ അവസ്ഥകളിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയാണ്. സുഹൃത്തുക്കൾ നടത്തുന്ന തീവണ്ടിയാത്രയിൽ നടക്കുന്ന കൊച്ചുസംഭവങ്ങൾ ചെറിയ പൊട്ടിത്തെറിയുടെ വക്കിൽ എത്തിച്ചേരുന്നതാണ് ഈ കഥയുടെ ചർച്ചാവിഷയം.

ചീട്ടുകളിക്കിടയിൽ നടക്കുന്ന ചില വഴക്കുകൾ സൗഹൃദാന്തരീക്ഷത്തിനു ഭംഗം വരുത്തുകയും കൂട്ടുകാർക്കിടയിൽ ഉരസൽ ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ് കഥയുടെ സംഗ്രഹം. അത്ഭുതപ്പെടാനൊന്നുമില്ലാത്ത പരിസരപ്രമേയത്തെ തീവണ്ടിയുടെ യാത്രാപഥത്തിലൂടെയും ഏതൊരു തീവണ്ടിയാത്രയിലെയും കാഴ്ചകളിലൂടെയും വിദഗ്ധമായി സന്നിവേശിപ്പിക്കാൻ കഥാകൃത്തിനായിട്ടുണ്ട്.

കഥാരചനയിൽ കഥാകൃത്തിനുണ്ടാകേണ്ട ശിൽപചാരുത കഥയുടെ ചട്ടക്കൂടിനു ഈടും ഉറപ്പും സൃഷ്ടിക്കുന്ന സർഗവിദ്യയാണ്‌ ഇവിടെ എഴുത്തുകാരൻ പ്രദർശിപ്പിക്കുന്നത്. തീവണ്ടി കടന്നുപോകുന്ന ‘തുരങ്കം’ ഈ കഥയിലെ പ്രധാനപ്പെട്ട ബിംബമാണ്. തുരങ്കത്തിന്റെ ഇരുട്ടിൽ കയറി വെളിച്ചത്തിലെത്തുന്ന തീവണ്ടിയിലെ യാത്രക്കാരെ കഥാകൃത്ത് ആവിഷ്കരിച്ചിരിക്കുന്നത് ജീവിതദർശനത്തിന്റെ പിൻബലത്തോടെയാണ്. തീവണ്ടി തുരങ്കത്തിലാകുന്ന സമയത്ത് പുറത്ത് സ്വാഭാവികമായ വെളിച്ചമില്ലെങ്കിലും തീവണ്ടിയുടെ അകത്ത് കൃത്രിമ വെളിച്ചമുണ്ട്.

ഈ ലളിതയുക്തിയിലും ദർശനത്തിലുമാണ് ഈ കഥയുടെ സ്വത്വം നിലനിൽക്കുന്നത്. എങ്കിലും ദാർശനികതയുടെ അധികഭാരം ആഖ്യാനത്തിൽ പ്രത്യക്ഷപ്പെടുന്നില്ല എന്നത് എടുത്തുപറയണം. ‘ഗാലപ്പഗോസി’ലും ‘ബാഘ്ബഹാദൂറി’ലും വ്യക്തമായി പ്രകടമാകാത്ത, പിന്നീട് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം പ്രസിദ്ധീകരിച്ച ‘നാരകങ്ങളുടെ ഉപമ’യിലും ‘പാവകളുടെ വീടി’ലും ആഴത്തിൽ സ്പഷ്ടമാകുന്ന ദാർശനികതയുടെ ഛായ വായിച്ചെടുക്കാവുന്ന കഥയാണ് ‘തുരങ്കങ്ങൾ’.

‘‘അപ്പോൾ തീവണ്ടി ആദ്യത്തെ തുരങ്കം കടക്കാൻ തുടങ്ങി. തുരങ്കത്തിനുള്ളിലേക്ക് അത് ഇഴഞ്ഞുകയറിപ്പോകുന്നതിന്റെ ദൃശ്യം, റെയിൽ അൽപം വളഞ്ഞ ഭാഗമായതുകൊണ്ട്, ഞങ്ങൾക്ക് കാണാമായിരുന്നു. അത് മലയുടെ തുറന്ന വായിലേക്ക് മെല്ലെമെല്ലെ പ്രവേശിക്കുകയാണ്. അതിന്റെ ഉടൽ ഉലയുന്നുണ്ടായിരുന്നു. ബൾബുകൾ തെളിയിച്ചിട്ടില്ലാത്തതുകൊണ്ട് മുറിയിലെ വെളിച്ചം മങ്ങുകയും കുറച്ചു സമയത്തേക്ക് മിക്കവാറും ഇരുട്ടിലാഴ്ന്നു പോകുകയും ചെയ്തു.

ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട അജ്ഞാതമായ സഞ്ചാരികളാണെന്ന തോന്നലിൽ, നേരിയ ഭയംതോന്നി. പങ്കകൾ കറങ്ങുന്നതിന്റെ ശബ്ദം തുരങ്കത്തിന്റെ കുടുസ്സുമനസ്സിൽ തട്ടി പ്രതിധ്വനിക്കുന്നുണ്ടോ? മലയുടെ ഗർഭത്തിനുള്ളിൽനിന്നും പുറത്തുകടക്കാൻ വെമ്പലുള്ളവരുടെ ശബ്ദങ്ങൾ പോലെത്തന്നെ ദീനമായിരുന്നു തീവണ്ടിയുടെ സ്വരവും.’’ സ്വാഭാവികവും അസ്വാഭാവികവുമായ ഇരുളും വെളിച്ചവും ഇടതൂർന്ന ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ സാഹചര്യങ്ങളിലൂടെ പുനഃസ്ഥാപിക്കുന്ന ഇ. സന്തോഷ് കുമാർ കഥകളുടെ സവിശേഷമായ ലക്ഷണം അങ്ങനെ നാമ്പെടുക്കുകയായിരുന്നു.

 

ഇരുപതോളം വർഷങ്ങൾക്കു ശേഷം എഴുതിയ ‘നാരകങ്ങളുടെ ഉപമ’യിലും തുരങ്കത്തിലൂടെയുള്ള കാഴ്ച പ്രതിപാദിക്കുന്നുണ്ട്. ‘‘മറ്റുള്ളവരുടെ കാഴ്ചകൾക്കുവേണ്ടിയാണ് നമ്മുടെ ജീവിതം’’ എന്ന തമാനെയുടെ വെളിപ്പെടുത്തൽ സന്തോഷ് കുമാറിന്റെ കഥാപാത്രങ്ങളുടെ പൊതുവായ സത്തയാണ്.

ഈ നൂറ്റാണ്ടിന്റെ ആദ്യവർഷം പ്രസിദ്ധീകരിച്ച ‘സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം’ എന്ന കഥയാണ് ഇ. സന്തോഷ് കുമാർ എന്ന എഴുത്തുകാരന്റെ പിൽക്കാല എഴുത്തുജീവിതത്തിലേക്കുള്ള ചൂണ്ടുപലക. ‘തുരങ്ക’ങ്ങളിൽ അടയാളം കാണിച്ച ആ രചനാരീതിയുടെ പരിപാകപ്പെട്ട രൂപമാണ് ചമരുവിന്റെ കഥ. ‘കഥകൾ’ എന്ന ഇ. സന്തോഷ് കുമാറിന്റെ നാൽപത്തഞ്ച് കഥകളുള്ള പുസ്തകത്തിലെ ആദ്യകഥ ഇതായത് യാദൃച്ഛികമാവില്ല; അതിനു സാധൂകരണമുണ്ട്.

അതിനുശേഷം രണ്ടു വർഷം കഴിഞ്ഞ് എഴുതിയ ‘ഉറുമ്പുകളെ ചവിട്ടിമെതിക്കുന്നതിലുള്ള സുഖം’ എന്ന കഥ ലോകക്രമത്തിൽ വിശേഷാധികാരമുള്ള മനുഷ്യരുടെ സ്ഥാനവും നിലപാടും പ്രതിലോമകരമായ തലത്തിൽ ബാധിക്കുന്ന അരികുകളിൽ വസിക്കുന്നവരെയാണെന്നു സ്ഥാപിക്കുന്നു. ലളിതമായ ജീവിതദർശനം പുസ്തകത്തിൽ കുറിച്ചെടുത്തുകൊണ്ട് പ്രാബല്യത്തിൽ വരുത്താവുന്ന ഒന്നല്ല എന്നാണ് ഇത്തരത്തിലുള്ള കഥാപരിസരങ്ങളിലൂടെ കഥാകൃത്ത് പറഞ്ഞെടുക്കുന്നത്. തീർത്തും ആധുനിക രീതിയിൽ നവീകരിക്കപ്പെട്ട ഇടങ്ങളിൽ അസ്ഥാനത്തു കാണപ്പെട്ടവരെന്ന വിധത്തിൽ ചില മനുഷ്യരോ ജീവികളോ ഉണ്ടാകും. ഇവിടെ അത് ഉറുമ്പുകളായും ചെരുപ്പും കുടയും നന്നാക്കുന്ന കിഴവനായും രൂപം പ്രാപിക്കുകയാണ്.

ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ബാങ്കിനെ ചുറ്റിപ്പറ്റിയാണ് ഈ കഥ വികസിക്കുന്നത്. മികച്ച മോടിയുള്ള ഇടത്തിൽ, ബാങ്ക് അധികൃതർക്ക് അലോസരം സൃഷ്ടിക്കുന്നത് സ്വയംഭൂപോലെ പ്രത്യക്ഷമാകുന്ന ഉറുമ്പുകളും രാത്രികാലങ്ങളിൽ ബാങ്കിന് താഴെ അന്തിയുറങ്ങുന്ന വൃദ്ധനുമാണ്. എല്ലാത്തരത്തിലും നിരുപദ്രവകാരികളായ ഇവർ ബാങ്കിന്റെ മുഖത്തിന് അറപ്പുളവാക്കുന്ന വൈരൂപ്യമാവുമോ എന്ന് ബാങ്കുമായി ബന്ധപ്പെട്ടവർ ആകുലപ്പെട്ടു.

‘‘ഉറുമ്പുകൂട്ടത്തെ അറിയാതെ ചവിട്ടുമ്പോൾ, അടിയേറ്റ ആൾക്കൂട്ടംപോലെ അവ ചിതറി. പരസ്പരം കൂട്ടിമുട്ടി നാനാഭാഗങ്ങളിലേക്കും കൈകളുള്ള അഭയാർഥിപ്രവാഹമായി.’’ ജീവരക്ഷാർഥം ചിതറിത്തെറിക്കുന്ന ഉറുമ്പുകളെ അതിർത്തികളിലൂടെ കൂട്ടംകൂട്ടമായി പലായനം ചെയ്യുന്ന അഭയാർഥികളെ പോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അഭയം തേടിയുള്ള യാത്രയിൽ അധികൃതർ സഹായിക്കാൻ ഉണ്ടാവില്ല എന്ന പൊതുതത്ത്വം മനുഷ്യർക്കും പ്രാണികൾക്കും മൃഗങ്ങൾക്കും ഒരേപോലെയാണെന്ന സാർവലൗകികമായ ചിന്ത ഇവിടെ അവതരിപ്പിക്കുകയാണ്.

ഇ. സന്തോഷ് കുമാറിന്റെ കഥാലോകത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളെ ധാരാളം കാണാം. മറ്റൊരുതരത്തിൽ ഇത്തരം കഥാപാത്രങ്ങളെ കുറിച്ച് എഴുതാനാണ് കഥാകൃത്ത് തന്റെ കഥാഭൂപടം നിവർത്തുന്നത് എന്ന് പറയുന്നതും അതിശയോക്തിയാവില്ല. ഇതേ വീക്ഷണകോണിൽനിന്നാണ് അഫ്ഗാൻ പൗരസമൂഹത്തിന്റെ അല്ലലുകളെ കുറിച്ചുള്ള ‘വിലപിക്കുന്ന ബുദ്ധൻ’ എന്ന കഥയുടെ പിറവി. സാർവജനീനമായ മനുഷ്യഭാവങ്ങളെ നിലവറയിൽ പൂട്ടിവെക്കാനാവില്ല എന്ന തത്ത്വത്തിൽ മുറുകെ പിടിച്ചുകൊണ്ടാണ് സന്തോഷ് കുമാർ ഈ കഥ എഴുതിയിരിക്കുന്നത് എന്ന് കാണാം.

കുങ്കുമപ്പൂ വാങ്ങാനായി പോയ നന്ദന് ബുദ്ധപ്രതിമയുടെ അവശിഷ്ടങ്ങൾ അഫ്ഗാൻ വ്യാപാരി വിൽക്കുന്നു. താലിബാൻ ഭരണത്തിന്റെ ചിട്ടവട്ടങ്ങളിൽ മനംമടുത്ത് അഫ്ഗാനിൽനിന്നും പലായനംചെയ്ത് ഇന്ത്യയിൽ എത്തിച്ചേർന്ന അയാൾ തകർന്ന ബുദ്ധപ്രതിമകളുടെ ചരിത്രത്തെ പറ്റിയും മൂല്യത്തെ പറ്റിയും വാചാലനാവുന്നുണ്ട്. വെടിയൊച്ചകളാൽ മുഖരിതമായ തെരുവുകളിൽനിന്ന് സമാധാനജീവിതം കാംക്ഷിച്ചുകൊണ്ട് അന്യരാജ്യത്തേക്ക് പലായനം ചെയ്യേണ്ടിവന്നതിന്റെ തിക്തത അയാൾ പേറുന്നു.

യുദ്ധത്തിന്റെയും ബോംബർ വിമാനങ്ങളുടെയും പരിസരങ്ങളിൽനിന്ന് അയാൾ രക്ഷപ്പെടുകയായിരുന്നു. (‘‘യുദ്ധത്തിൽനിന്ന് ആരും ഒന്നും പഠിക്കുന്നില്ലല്ലോ’’ എന്ന ‘ആദിമൂല’ത്തിലെ ആശയവും ‘‘വഴി ശരിയായിരുന്നെങ്കിൽ യുദ്ധംതന്നെ ഉണ്ടാകുമായിരുന്നില്ല’’ എന്ന ‘വ്യാഘ്രവധു’വിലെ പ്രസ്താവനയും ഇവിടെ ഓർക്കാവുന്നതാണ്). ‘‘ഞങ്ങൾ അഫ്‌ഗാനികൾ ജന്മസമയത്ത് കരയാൻ വൈകിയ സമൂഹമാണ്, മുട്ടിലിഴയാൻ സമയമെടുക്കും’’ എന്നുപറഞ്ഞുകൊണ്ട് കരയാൻ വൈകിയ സമൂഹത്തിനു നേരിടേണ്ടി വരണ്ട പ്രശ്നങ്ങളെ കുറിച്ച് ആഖ്യാനത്തിൽ സൂചിപ്പിക്കുന്നു.

അടുത്ത വരവിനു തകർന്ന പ്രതിമയുടെ മറ്റൊരു ഭാഗം അയാൾ നന്ദന് കൊടുക്കുന്നു. അങ്ങനെ പൊട്ടിപ്പോയ ഭാഗങ്ങൾ കൂട്ടിവെച്ചു നന്ദന്റെ വീട്ടിൽ ബുദ്ധന് ഒരു രൂപമുണ്ടായി. അതിനെ തുടർന്ന് ഭ്രമാത്മകമായ ചില ശബ്ദങ്ങളും മറ്റും കേട്ടുതുടങ്ങിയതും ഗർഭിണിയായ നന്ദന്റെ ഭാര്യ ആനിക്കുണ്ടാകുന്ന ആകുലതകളുമാണ് കഥയുടെ ബാക്കിഭാഗത്ത് പ്രതിപാദിക്കുന്നത്. ചരിത്രത്തെ ചരക്കായി (Commodity) പ്രതിഷ്ഠിക്കുന്ന കഥയിൽ പലായനവും മാനവരാശിയുടെ ആദിചരിതവും ഒക്കെ സൂചിതമാണ്. ആർക്കും അധിനിവേശം ചെയ്യാൻ കഴിയുന്ന ഭൂമിയെ കുറിച്ചുള്ള വിലാപംകൂടിയാണ് ‘വിലപിക്കുന്ന ബുദ്ധൻ’.

മനുഷ്യരെ അലട്ടുന്ന വികാരവിചാരങ്ങളിൽ കൈത്താങ്ങാകുക എളുപ്പമല്ല. അധികാരമില്ലാത്തവരെ ചേർത്തുപിടിക്കാനും അവരുടെ വിറങ്ങലിച്ച ജീവിതങ്ങളിൽ പ്രത്യാശയുടെ ഇത്തിരിവെട്ടം പകർന്നുകൊടുക്കാനും അവരെ ഭൂമിയിൽ ചുവടുറപ്പിച്ചുകൊണ്ട് നിർത്താനും ആഖ്യാനങ്ങൾ ശ്രമിക്കുകയാണ്. കണ്ടുമുട്ടിയവരുടെയും കേട്ടറിഞ്ഞവരുടെയും കാണാനും കേൾക്കാനും സാധ്യതയുള്ളവരുടെയും ശ്വാസധാരയാൽ തപിക്കുന്ന സന്ദർഭങ്ങളെയാണ് ഈ എഴുത്തുകാരൻ അഭിസംബോധന ചെയ്യുന്നത്.

ജനവിരുദ്ധമായ പ്രവർത്തനങ്ങൾ അത് സ്റ്റേറ്റ് ആയാലും സമൂഹം ആയാലും വ്യക്തികളായാലും ചെയ്യുന്നതിനെ എതിർക്കുകയോ പ്രതിരോധിക്കുകയോ ചെയ്യാൻ ശേഷിയില്ലാത്തവരുടെ പക്ഷത്തു നിൽക്കുന്നതാണ് ആ കഥകളുടെ രാഷ്ട്രീയം. ‘സങ്കടമോചനത്തിനു ഒരു കൈപ്പുസ്തക’ത്തിലെ ചമരുവിന് സംഭവിച്ച ദുര്യോഗം, ‘ഒരാൾക്ക് എത്ര മണ്ണ് വേണം’ എന്ന കഥയിലെ കുഞ്ഞിക്കോരു മാസ്റ്ററുടെ അവസ്ഥ, ‘ഹിജഡകളി’ലെ ബാലന്റെ സംഘർഷം, ‘മാംസ’ത്തിലെ ജോളിയുടെയും ‘മകുടി’യിലെ ഹോം നഴ്സിന്റെയും അനുഭവങ്ങൾ എന്നിങ്ങനെ ഒരു ചരടിൽ കോർത്തെടുക്കാവുന്ന മനുഷ്യരും ജീവിതമണ്ഡലങ്ങളുമാണ് ആ കഥാലോകത്തിന്റെ സത്ത.

ശരീരവും മനസ്സും സാഹചര്യങ്ങളും അനുകൂലമായി പെരുമാറാതെ വരുകയും ഏകാന്തത ഉണങ്ങാത്ത വ്രണമായി നീറിനിൽക്കുകയും ചെയ്യുന്ന സ്ഥിതിയിൽ ദുർബലരായ മനുഷ്യരെ സ്നേഹപൂർവമാണ് സ്പർശിക്കേണ്ടത്. സഹതാപത്തിന് അവിടെ സ്ഥാനമില്ല എന്ന് വീണ്ടും വീണ്ടും ചൂണ്ടിക്കാണിക്കുകയാണ് ഓരോ കഥയും. സ്വാർഥമോഹങ്ങളുടെ സാക്ഷാത്കാരത്തിനായി ഏതുവഴിയിലൂടെ സഞ്ചരിക്കാനും തയാറായ മനുഷ്യരെ നാം അവിടെ കാണുന്നു. ഡെന്നിസും ഇയ്യുണിയും ജെയിംസും അത്തരക്കാരുടെ പ്രതിനിധികളാണ്. ‘മൂന്നു വിരലുകൾ’ എന്ന കഥ നോക്കൂ.

മനുഷ്യരുടെയുള്ളിൽ ബോധതലത്തിലും അബോധതലത്തിലും അടിഞ്ഞുകൂടിക്കൊണ്ട് അലട്ടുന്ന വിചാരങ്ങൾ എത്രമാത്രം സങ്കീർണമെന്ന് കൃത്യമായി മനസ്സിലാക്കിയ എഴുത്തുകാരനെയാണ് അവിടെ കാണുന്നത്. അളന്നുതൂക്കിയ സാഹചര്യങ്ങളെ കൊരുത്തെടുത്തുകൊണ്ട് ഒന്നിന് പിറകെ മറ്റൊരു കണ്ണിയായി ചിന്തകളെ കടത്തിവിടുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. അനുഭവാഖ്യാനങ്ങളെ എങ്ങനെ സാഹിത്യഭംഗിയോടെ ആവിഷ്കരിക്കണമെന്നു തീരുമാനിക്കുന്നത് എഴുത്തുകാരനാണ്.

ഇടതുകൈയിൽ മൂന്നു വിരലുകളില്ലാത്ത ജോസഫ് മോനായി എന്ന ടൈപ്പിസ്റ്റിന്റെ ജീവിതത്തെ അടുത്തുനിന്ന് വീക്ഷിക്കുകയാണ് ഈ കഥയിൽ. യുക്തിവാദിയായിരുന്ന അയാളുടെ ദുരൂഹമായ ജീവിതത്തെ അവതരിപ്പിക്കുന്നതിലൂടെ മനുഷ്യരുടെ ഭ്രമാത്മകമായ ലോകത്തെയാണ് കഥയിൽ അടയാളപ്പെടുത്തുന്നത്. അസഹനീയമായൊരു പരാജയബോധം വന്ന ചിത്രകാരനായ മോനായി കടുത്ത നൈരാശ്യത്താൽ സ്വന്തം വിരലുകൾ ഛേദിച്ചുകളയുകയാണ്.

ദുരന്തങ്ങൾ മനുഷ്യരെ എങ്ങനെയാണു ബാധിക്കുന്നത്. അൽപം മാത്രം ബാക്കിയുള്ള ആത്മവിശ്വാസത്തിന്റെ കച്ചിത്തുരുമ്പിൽ അവർ ലോകത്തെ അഭിമുഖീകരിക്കാൻ നടത്തുന്ന യത്നങ്ങളെയാണ് ഈ എഴുത്തുകാരന് പഥ്യം. യുക്തിവാദികളായിരുന്നവർ ജ്യോത്സ്യത്തിൽ വിശ്വാസമർപ്പിക്കുന്നതും മുൻകാല വിപ്ലവകാരികൾ ദൈവവിശ്വാസികളാവുന്നതും വിശ്വാസത്തിന്റെയും സിദ്ധാന്തത്തിന്റെയും പ്രയോഗത്തിന്റെയും ഇടയിലുള്ള പാലങ്ങളുടെ നീളം എത്ര കുറവാണെന്നു തെളിയിക്കുന്നു.

(തുടരും)

Tags:    
News Summary - weekly literature book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.